റോബർട്ട് എ. ഹൈൻലൈൻ | ജീവിതരേഖ

ജീവിതരേഖ

മിഡ്ഷിപ്പ്മാനായിരുന്ന ഹൈൻലൈൻ. 1929-ലെ യു.എസ്. നേവൽ അക്കാദമിയുടെ ഇയർബുക്കിൽ നിന്ന്

ജനനവും കുട്ടിക്കാലവും

1907 ജൂലൈ 7-ന് റെക്സ് ഐവാർ ഹൈൻലൈൻ (ഇദ്ദേഹം ഒരു അക്കൗണ്ടന്റായിരുന്നു), ബാം ലൈൽ ഹൈൻലൈൻ, എന്നിവരുടെ മകനായി മിസോറിയിലെ ബട്ട്‌ളർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കുട്ടിക്കാലം ചിലവിട്ടത് മിസോറിയിലെ കൻസാസ് പട്ടണത്തിലായിരുന്നു.[9] ജനിച്ച സ്ഥലത്തെ കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും (ഇദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ " ബൈബിൾ ബെൽറ്റ്") ഇദ്ദേഹത്തിന്റെ കൃതികളിൽ - പ്രത്യേകിച്ച് പിൽക്കാല കൃതികളിൽ - വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ടൈം ഇനഫ് ഫോർ ലവ്, ടു സെയിൽ ബിയോണ്ട് ദി സൺസെറ്റ് എന്നിവ പോലുള്ള കൃതികളിലെ പശ്ചാത്തലം തന്റെ കുട്ടിക്കാലത്തെ ചുറ്റുപാടുകളിൽ നിന്നാണ് ഇദ്ദേഹം ഒരുക്കിയത്. ഇദ്ദേഹം ബൈബിൾ ബെൽറ്റ് പ്രദേശത്തെ മൂല്യങ്ങളെയും രീതികളെയും—പ്രത്യേകിച്ച് മതവും ലൈംഗിക മൂല്യങ്ങളും സംബന്ധിച്ച്—തന്റെ കൃതികളിലും വ്യക്തിജീവിതത്തിലും തള്ളിക്കളയുകയാണുണ്ടായത്

നാവികസേന

അമേരിക്കൻ നാവികസേനയിൽ ഇദ്ദേഹം ചിലവഴിച്ച വർഷങ്ങളും ഇദ്ദേഹത്തിന്റെ സ്വഭാവത്തെയും സാഹിത്യത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നാവിക എഞ്ചിനിയറിംഗിൽ ബി.എസ്. ബിരുദത്തോടെ 1929-ൽ ഹൈൻലൈൻ മേരിലാന്റിലെ അന്നാപോളിസിലുള്ള അമേരിക്കൻ നാവിക അക്കാദമിയിൽ നിന്ന് പാസായി. ഇതിനുശേഷം ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ ഒരു ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. പുതിയ വിമാനവാഹിനിക്കപ്പലായ -ൽ 1931-ൽ ഇദ്ദെഹം ജോലിചെയ്യാൻ ആരംഭിച്ചു. ഇവിടെ ഇദ്ദേഹം റേഡിയോ കമ്യൂണിക്കേഷൻസ് ഓഫീസറായിരുന്നു. കപ്പലിലെ വിമാനങ്ങളുമായി ബന്ധപ്പെട്ടും ഇദ്ദേഹം ജോലി ചെയ്യുകയുണ്ടായി. ഈ കപ്പലിന്റെ കപ്പിത്താനായിരുന്ന ഏൺസ്റ്റ് ജെ. കിംഗ് പിൽക്കാലത്ത് ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ്, രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കൻ നാവിക വ്യൂഹത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്നീ നിലകളിൽ ജോലി ചെയ്യുകയുണ്ടായി. പിൽക്കാലത്ത് ഹൈൻലൈനുമായി കിംഗിനെപ്പറ്റിയുള്ള വിവരങ്ങളന്വേഷിച്ച് പല അഭിമുഖങ്ങളും നടന്നിട്ടുണ്ട്.

എന്ന ഡിസ്ട്രോയറി‌ലും 1933 മുതൽ 1934 വരെ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് എന്ന തസ്തിക വരെ ഇദ്ദേഹത്തിന് ജോലിക്കയറ്റം ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സഹോദരനായ ലോറൻസ് ഹൈൻലൈൻ അമേരിക്കൻ കരസേന, വ്യോമസേന, മിസോറി നാഷണൽ ഗാർഡ് എന്നിവിടങ്ങളിൽ ജോലി ചെയ്യുകയും മേജർ ജനറൽ എന്ന തസ്തികവരെ ഉയരുകയുമുണ്ടായി.[10]

1929-ൽ ഹൈൻലൈൻ എലിനോർ കറി എന്ന സ്ത്രീയെ ലോസ് ഏഞ്ചൽസിലെ കൻസാസ് സിറ്റിയിൽ വച്ച് വിവാഹം കഴിച്ചു.[11] ഇവരുടെ വിവാഹം ഏകദേശം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ.[2] 1932-ൽ ലെസ്ലിൻ മക്ഡൊണാൾഡുമായി (1904–1981) ഇദ്ദേഹം വിവാഹം കഴിച്ചു. ഇത് 15 വർഷം നീണ്ടുനിന്നു. മക്ഡൊണാൾഡ് റാഡിക്കൽ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പുലർത്തിയിരുന്നു. ഹൈൻലൈനും മക്ഡൊണാൾഡിനെപ്പോലെ തന്നെ ലിബറൽ ആയിരുന്നുവെന്ന് ഐസക് അസിമോവ് പിൽക്കാലത്ത് പറയുകയുണ്ടായി.[12]

കാലിഫോർണിയ

1934-ൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പിടിപെട്ടതിനെത്തുടർന്ന് ഇദ്ദേഹം നാവികസേനയിൽ നിന്ന് വിരമിച്ചു. ഹോസ്പിറ്റലിൽ കഴിയവെ ഇദ്ദേഹം ഒരു വാട്ടർബെഡ് ഡിസൈൻ ചെയ്യുകയുണ്ടായി.[13]

ആശുപത്രിയിൽ നിന്ന് വിടുതൽ ലഭിച്ചശേഷം ഇദ്ദേഹം യു.സി.എൽ.എ.യിൽ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും പഠിക്കുവാനായി പ്രവേശിച്ചുവെങ്കിലും കുറച്ച് ആഴ്ച്ചകൾക്കു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹമോ ആരോഗ്യപ്രശ്നങ്ങളോ കാരണം പഠനം തുടർന്നില്ല.[14]

പല ജോലികൾ ചെയ്താണ് ഇദ്ദേഹം ജീവിച്ചത്. വസ്തുക്കച്ചവടം, വെള്ളി ഘനനം എന്നിവ ഇതിൽപ്പെടും. കുറച്ചുനാളുകൾ കൊണ്ട് ഇദ്ദേഹത്തിന്റെ കൈവശം അധികം പണമില്ലാതെയായി. 1930-കളുടെ തുടക്കത്തിൽ ഇദ്ദേഹം അപ്‌ടൺ സിൻക്ലെയറിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ എൻഡ് പോവർട്ടി ഇൻ കാലിഫോർണിയ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. സിൻക്ലെയറിന് 1934-ൽ കാലിഫോർണിയയുടെ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഡെമോക്രാറ്റിക് കക്ഷിയുടെ നോമിനേഷൻ ലഭിച്ചപ്പോൾ ഹൈൻലൈൻ പ്രചാരണരംഗത്ത് പ്രവർത്തിച്ചിരുന്നു. 1938-ൽ ഹൈൻലൈൻ കാലിഫോർണിയ അസംബ്ലിയിലേയ്ക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.[15] 1954-ൽ ഇദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി, "...പല അമേരിക്കക്കാരും ... മക്കാർത്തി ഭീകരവാഴ്ച്ചയാണ് നടത്തിയിരുന്നതെന്ന് പറയുന്നുണ്ട്. താങ്കൾക്ക് പേടിയുണ്ടായിരുന്നോ? എനിക്ക് പേടിയില്ലായിരുന്നു. എന്റെ മുൻകാല ജീവിതത്തിൽ മക്കാർത്തിയെ അപേക്ഷിച്ച് ഇടതു പക്ഷത്തുനിന്ന് ഞാൻ ധാരാളം പ്രവർത്തിച്ചിട്ടുമുണ്ട്."[16]

റോബർട്ട് എ. ഹൈൻലൈനും, ഐസക് അസിമോവും 1944-ൽ.

എഴുത്തുകാരൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം സമ്പാദ്യമില്ലാതായ ഇദ്ദേഹം തന്റെ വീടിന്റെ കടം തീർക്കുവാനായാണ് എഴുത്തിലേയ്ക്ക് തിരിഞ്ഞത്. 1939 ഓഗസ്റ്റിലെ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാഗസിനിലാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യ കൃതിയായ "ലൈഫ് ലൈൻ" പുറത്തുവന്നത്.[17] ഒരു മത്സരത്തിനുവേണ്ടിയായിരുന്നു ആദ്യം ഈ കൃതി രചിക്കപ്പെട്ടതെങ്കിലും മത്സരത്തിലെ സമ്മാനത്തിനേക്കാൾ വലിയ തുകയ്ക്ക് ഇത് അസ്റ്റൗണ്ടിംഗ് മാസികയ്ക്ക് വിൽക്കുകയായിരുന്നു. ഫ്യൂച്ചർ ഹിസ്റ്ററി എന്ന വിഭാഗത്തിൽ പെട്ട മിസ്ഫിറ്റ് എന്ന കൃതി നവംബറിൽ പുറത്തിറങ്ങി.[17] "സോഷ്യൽ" സയൻസ് ഫിക്ഷൻ ശാഖയുടെ നേതാവായി ഇദ്ദേഹം പെട്ടെന്നുതന്നെ അംഗീകരിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇദ്ദേഹം അമേരിക്കൻ നാവികസേനയ്ക്കായി ഏറോനോട്ടിക്കൽ എഞ്ചിനിയറിംഗ് സംബന്ധമായ ജോലികൾ ചെയ്തിരുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ ആക്രമണവും, ശീതയുദ്ധവും, ഫിക്ഷനല്ലാത്ത കൃതികൾ രചിക്കുവാൻ ഇദ്ദേഹത്തിന് പ്രേരണയായി. കൂടുതൽ പണം ലഭിക്കുന്ന തരം കൃതികൾ രചിക്കാനും ഇദ്ദേഹം ശ്രമിച്ചു. ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് എന്ന മാഗസിനിൽ ഇദ്ദേഹത്തിന്റെ നാല് ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു. 1947 ഫെബ്രുവരിയിലെ " ദി ഗ്രീൻ ഹിൽസ് ഓഫ് എർത്ത്" ആയിരുന്നു ഇതിൽ ആദ്യത്തേത്. 1950-ൽ ഇദ്ദേഹം ഡെസ്റ്റിനേഷൻ മൂൺ—എന്ന ഡോക്യുമെന്ററി ശൈലിയിലുള്ള ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുകയുണ്ടായി. ഇതിന് സ്പെഷ്യൽ ഇഫക്റ്റിനുള്ള അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ചാൾസ് സ്രൈബേഴ്സ് സൺസ് എന്ന കമ്പനിക്കുവേണ്ടി ഇദ്ദേഹം 1947 മുതൽ 1959 വരെ കുട്ടികൾക്കായുള്ള സയൻസ് ഫിക്ഷൻ കൃതികളും രചിച്ചിരുന്നു. ബോയ്സ് ലൈഫിനു വേണ്ടിയും ഇദ്ദേഹം 1952-ൽ രചന നടത്തുകയുണ്ടായി.

റോബർട്ട് ഹൈൻലൈനും വിർജീനിയയും 1952-ലെ പോപ്പുലർ മെക്കാനിക്സിലെ ഒരു ലേഖനത്തിൽ. എഞ്ചിനിയർമാരായിരുന്ന ഭാര്യാഭർത്താക്കന്മാർ വീട്ടിൽ പല പുത്തൻ സംവിധാനങ്ങളുമൊരുക്കിയിരുന്നു.

1947-ൽ ഹൈൻലൈനും രണ്ടാം ഭാര്യയും തമ്മിൽ വിവാഹമോചനം നടത്തി. അടുത്ത വർഷം ഒക്റ്റോബർ 21-ന് ഇദ്ദേഹം വിർജീനിയ "ജിന്നി" ഗെർസ്റ്റൺഫീൽഡ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. നാല്പതുവർഷത്തിനുശേഷം ഇദ്ദേഹം മരിക്കുന്നതുവരെ ഈ വിവാഹബന്ധം തുടർന്നു. വിവാഹശേഷം ഇവർ കൊളറാഡോയിലേയ്ക്ക് താമസം മാറ്റിയെങ്കിലും 1965-ൽ ഉയർന്ന പ്രദേശത്തെ കാലാവസ്ഥ വിർജീനിയയുടെ ആരോഗ്യത്തെ ബാധിച്ചതിനെത്തുടർന്ന് ഇവർ കാലിഫോർണിയയിലെ സാന്താക്രൂസിലേയ്ക്ക് താമസം മാറ്റി.[18] വട്ടത്തിലുള്ള ഈ വീടും വിർജീനിയയും ഹൈൻലൈനും ചേർന്ന് രൂപകൽപ്പന ചെയ്തതാണ്.37°3′31.72″N 122°9′30.46″W / 37°3′31.72″N 122°9′30.46″W / 37.0588111; -122.1584611.

ഹൈൻലൈന്റെ സ്വതന്ത്രകളും ബുദ്ധിമതികളുമായ സ്ത്രീകഥാപാത്രങ്ങളിൽ പലരും ജിന്നിയെ മനസ്സിൽ കണ്ട് സൃഷ്ടിച്ചവയാണെന്നത് വ്യക്തമാണ്.[19][20] 1953–1954-ൽ ഹൈൻലൈൻ ദമ്പതിമാർ ലോകം ചുറ്റി സഞ്ചരിച്ചു. കപ്പലുകളിലുള്ള ഈ യാത്ര ശൂന്യാകാശത്തിലെ പല ദീർഘയാത്രകൾക്കും മാതൃകയായിട്ടുണ്ട്. പോഡ്കൈൻ ഓഫ് മാർസ്, ഫ്രൈഡേ എന്നിവ ഉദാഹരണം. ജിന്നി ഇദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികൾ ആദ്യം വായിച്ചുനോക്കിയിരുന്നു. ഹൈൻലൈനേക്കാൾ നല്ല എഞ്ചിനിയറായിരുന്നു ജിന്നി എന്നതും വ്യക്തമായിരുന്നു.[21] ഹൈൻലൈൻ വലതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത് ജിന്നിയെ വിവാഹം കഴിച്ചശേഷമാണെന്ന് ഐസക് അസിമോവ് പ്രസ്താവിച്ചിട്ടുണ്ട്.

1964-ൽ ഹൈൻലൈൻ ദമ്പതിമാർ ബാരി ഗോൾഡ്‌വാട്ടറിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുകയുണ്ടായി.[12] അമേരിക്ക ആണവപരീക്ഷണങ്ങൾ നിർത്തണം എന്ന വാദത്തിനെതിരേ ഇദ്ദേഹം പ്രചാരണം നടത്തിയിരുന്നു.

റോബർട്ട് ഹൈൻലൈനും വിർജീനിയയും താഹിതിയിൽ, 1980.

1947 മുതൽ വിവാദമുണ്ടാക്കാത്ത വിഷയങ്ങളാണ് ഹൈൻലൈൻ തന്റെ ജുവനൈൽസ് സീരീസിൽ ഉപയോഗിച്ചിരുന്നതെങ്കിലും 1959-ലെ സ്റ്റാർഷിപ് ട്രൂപ്പേഴ്സ് എന്ന നോവലിലെ ഒരു പരാമർശം വിവാദമുണ്ടാക്കുന്നതാണെന്നുകണ്ട എഡിറ്റർമാർ ഇത് തള്ളിക്കളയുകയുണ്ടായി[22]

ഈ കൃതി ഹൈൻലൈൻ സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു. ഇതിനുശേഷം ഹൈൻലൈൻ സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് (1961), മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ് (1966) തുടങ്ങിയ വിവാദപരമായ കൃതികൾ രചിക്കുവാൻ ആരംഭിച്ചു.

പിൽക്കാലജീവിതവും മരണവും

1970 തുടങ്ങി ഹൈൻലൈന് ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടായി. ജീവനു തന്നെ ഭീഷണിയായ പെരിറ്റൊണൈറ്റിസ് ബാധയിൽ നിന്ന് സുഖം പ്രാപിക്കുവാൻ ഇദ്ദേഹത്തിന് രണ്ടുവർഷത്തിലധികം സമയമെടുത്തു. എഴുതുവാൻ പ്രാപ്തനായ ഉടൻ ഇദ്ദേഹം ടൈം ഇനഫ് ഫോർ ലവ് (1973) എന്ന കൃതിയുടെ രചന ആരംഭിച്ചു. ഈ പുസ്തകത്തിലെ പല പ്രമേയങ്ങളും ഇദ്ദേഹത്തിന്റെ പിൽക്കാല കൃതികളിൽ കാണാൻ സാധിക്കും.

1970-കളുടെ മദ്ധ്യത്തിൽ ഹൈൻലൈൻ ബ്രിട്ടാണിക്ക കോമ്പ്ടൺ ഇയർബുക്കിനായി രണ്ട് ലേഖനങ്ങളെഴുതി.[23] ഇദ്ദേഹവും ജിന്നിയും അമേരിക്കയിൽ രക്തദാനം പ്രോത്സാ‌ഹിപ്പിക്കുവാനായി ധാരാളം യാത്രകൾ നടത്തുകയുണ്ടായി. 1978 ആദ്യം താഹിതിയിൽ ഒഴിവുകാലം ചിലവഴിക്കെ ഇദ്ദേഹത്തിന് ഒരു ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക് ഉണ്ടായി. ഇദ്ദേഹത്തിന്റെ ആരോഗ്യം ഇതോടെ ക്ഷയിക്കുവാൻ തുടങ്ങി. കരോട്ടിഡ് ധമനിയിലെ ഒരു തടസ്സമാണ് ഇതിനു കാരണം എന്ന് കണ്ടെത്തുകയും ലോകത്തിലെ ആദ്യത്തെ കരോട്ടിഡ് ബൈപ്പാസ് സർ‌ജറികളിലൊന്ന് നടത്തി ഇതിന് പരിഹാരം കാണുകയും ചെയ്തു. ഹൈൻലൈനും വിർജീനിയയും പുകവലിക്കുമായിരുന്നു.[24] പുകവലിയും സാങ്കൽപ്പികമായ തനിയേ തീപിടിക്കുന്ന സിഗററ്റുകളും ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

1980-ൽ ഹൈൻലൈൻ ദേശീയ ശൂന്യാകാശ നയം സംബന്ധിച്ച പൗരോപദേശക കൗൺസിലിൽ അംഗമായിരുന്നു. ഈ കൗൺസിൽ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുവാനുള്ള സംവിധാനത്തെപ്പറ്റി ഉപദേശം നൽകുകയുണ്ടായി. ഇതാണ് പിന്നീട് "സ്റ്റാർ വാർസ്" എന്നറിയപ്പെട്ടത്.

ശൂന്യാകാശഗവേഷണത്തിന്റെ പാർശ്വഗുണങ്ങൾ ചികിത്സാരംഗത്തും മറ്റും ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം വാദിച്ചിരുന്നു. 1980 മുതൽ 1988 മേയ് 8-ന് എംഫൈസീമ ബാധയും ഹൃദയാഘാതവും മൂലം മരിക്കുന്നതുവരെ ഇദ്ദേഹം 5 കൃതികൾ രചിക്കുകയുണ്ടായി. ഈ സമയത്ത് ഇദ്ദേഹം മറ്റൊരു വേ‌ൾഡ് ആസ് എ മിത്ത് നോവലിനായുള്ള കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ മറ്റു പല കൃതികളും മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി.[25]

ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യ വിർജീനിയ ഹൈൻലൈൻ ഇദ്ദേഹത്തിന്റെ കത്തിടപാടുകളും കുറിപ്പുകളും സമാഹരിച്ച് ഇദ്ദേഹത്തിന്റെ ജീവിതകാലം ഒരു ആത്മകഥയുടെ മാതൃകയിൽ 1989-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഗ്രംബിൾസ് ഫ്രം ദി ഗ്രേവ് എന്നായിരുന്നു ഈ കൃതിയുടെ പേര്. [26]

Other Languages
azərbaycanca: Robert Haynlayn
беларуская: Роберт Хайнлайн
български: Робърт Хайнлайн
Bahasa Indonesia: Robert A. Heinlein
Bahasa Melayu: Robert A. Heinlein
Nederlands: Robert Heinlein
português: Robert A. Heinlein
srpskohrvatski / српскохрватски: Robert A. Heinlein
Simple English: Robert A. Heinlein
slovenčina: Robert A. Heinlein
српски / srpski: Robert A. Hajnlajn
татарча/tatarça: Robert A. Heinlein
українська: Роберт Гайнлайн
Tiếng Việt: Robert A. Heinlein