റോബർട്ട് എ. ഹൈൻലൈൻ | സ്വാധീനവും ശേഷിപ്പുകളും

സ്വാധീനവും ശേഷിപ്പുകളും

സയൻസ് ഫിക്ഷന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ മൂന്ന് മഹാന്മാരായ എഴുത്തുകാരിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഐസക് അസിമോവ്, ആർതർ സി.ക്ലർക്ക് എന്നിവരാണ് മറ്റു രണ്ടുപേർ.[27] 1950-കളിൽ ഇദ്ദേഹം സയൻസ് ഫിക്ഷൻ സാഹിത്യത്തെ അധികം പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു. ചെറുകഥകളുൾപ്പെടെ ഇദ്ദേഹത്തിന്റെ മിക്ക കൃതികളും തുടർച്ചയായി പുതിയ പതിപ്പുകളിറങ്ങിക്കൊണ്ടിരിക്കുന്നവയാണ്. ഇദ്ദേഹം മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്ത കൃതികളുടെ അച്ചടിപ്പതിപ്പുകൾ ലഭ്യമാണ്.

അമേരിക്കൻ എഴുത്തുകാരനും, തത്ത്വചിന്തകനും, തമാശക്കാരനുമായ ചാൾസ് ഫോർട്ട് ഇദ്ദേഹത്തെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഹൈൻലൈൻ അന്താരാഷ്ട്ര ഫോർട്ടിയൻ ഓർഗനൈസേഷന്റെ ആജീവനാന്ത അംഗമായിരുന്നു.

ചൊവ്വയിലെ ഹൈൻലൈൻ ക്രേറ്റർ.

ഇദ്ദേഹം സോഷ്യൽ സയൻസ് ഫിക്ഷൻ എന്ന ശാഖ വികസിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലൈംഗികത, രാഷ്ട്രീയം എന്നീ മേഖലകളും ഇദ്ദേഹം പരാമർശവിധേയമാക്കി. ഈ ശാഖ പ്രചാരം നേടിയതോടെ ഹാർഡ് സയൻസ് ഫിക്ഷൻ ഒരു പ്രത്യേക ശാഖയായി പരിഗണിക്കപ്പെടുവാൻ തുട‌ങ്ങി. ഹൈൻലൈൻ ഹാർഡ് സയൻസ് ഫിക്ഷനിലും ഒരു പ്രധാ‌നിയായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യവും ഗവേഷണവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പോക്കറ്റ് കാൽക്കുലേറ്ററുകൾ ഇല്ലാതിരുന്ന കാലത്ത് ഭൂമിയിൽ നിന്ന് ചൊവ്വയിലേയ്ക്കുള്ള യാത്രാപഥത്തിന്റെ സൂത്രവാക്യം കണ്ടെത്താൻ ഇദ്ദേഹവും ഭാര്യയും ദിവസങ്ങളോളം പണിപ്പെട്ടിട്ടുണ്ടെന്നും ഇത് സ്പേസ് കേഡറ്റ് എന്ന കഥയിലെ ഒരു വാക്യത്തിൽ മാത്രമാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടതെന്നും ഹൈൻലൈൻ പറഞ്ഞിട്ടുണ്ട്.

ഇദ്ദേഹം മറ്റ് ശാസ്ത്ര ഫിക്ഷൻ എഴുത്തുകാരെയും വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. 1953-ലെ ഒരു അഭിപ്രായ സർവേയിൽ മറ്റ് ശാസ്ത്ര ഫിക്ഷനെഴുത്തുകാർ തങ്ങളെ സ്വാധീനിച്ച വ്യക്തിയായി ചൂണ്ടിക്കാട്ടിയത് ഹൈൻലൈനെയായിരുന്നു.[28] "മറ്റു പല എഴുത്തുകാരും ഹൈൻലൈനേക്കാൾ കൂടുതൽ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ സ്വാധീനം കവച്ചുവയ്ക്കാൻ ആർക്കും സാദ്ധ്യമല്ല" എന്ന് വിമർശകനായ ജെയിംസ് ഗിഫോർഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[29]

ഹൈൻലൈൻ കൊണ്ടുവന്ന പല വാക്കുകളും ഇംഗ്ലീഷ് ഭാഷയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

  • വാൾഡോ, അതേ പേരിലുള്ള ചെറുകഥയിലെ കഥാപാത്രമാണ്
  • ടി.എ.എൻ.എസ്.ടി.എ.എ.എഫ്.എൽ. (ഫ്രീ ലഞ്ച് എന്നൊരു പരിപാടിയില്ല) എന്ന പ്രയോഗം ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന നോവലിലേതാണ്.
  • മൂൺബാറ്റ്[30] എന്ന പദം അമേരിക്കയിലെ രാഷ്ട്രീയത്തിൽ പുരോഗമന ചിന്താഗതിക്കാരെയും ഇടതന്മാരെയും വിശേഷിപ്പിക്കുന്ന ഒരു പദമാണ്.
  • ഗ്രോക്ക്, എന്ന ചൊവ്വയിലെ ഭാഷയിലെ പദം ഒരു കാര്യം പൂർണ്ണമായി മനസ്സിലാക്കി അതിനോട് താദാത്മ്യം പാലിക്കുന്നതിനെ സൂചിപ്പിക്കുന്നു. സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന കൃതിയിലേതാണ് ഈ പ്രയോഗം.
  • സ്പേസ് മറൈൻ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നുവെങ്കിലും ഹൈൻലൈൻ തന്റെ സ്റ്റാർഷിപ് ട്രൂപ്പേഴ്സ് എന്ന കൃതിയിലൂടെ ഇതിന് വലിയ പ്രചാരം ലഭിക്കുന്നതിന് കാരണമായി.

1962-ൽ സ്ഥാപിക്കപ്പെട്ട ചർച്ച് ഓഫ് ഓൾ വേൾഡ്സ് എന്ന മതം ഹൈൻലൈൻ രചിച്ച സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന കൃതിയിൽ വിശദീകരിക്കുന്ന മതത്തിൽ നിന്ന് കടം കൊണ്ടിട്ടുണ്ട്. സാമൂഹികമായ കടം കൊള്ളലുകൾ കൂടാതെ "ഗ്രോക്ക്", "ദൗ ആർട്ട് ഗോഡ്", "നെവർ തെസ്റ്റ്" എന്ന പ്രയോഗങ്ങളും ഈ മതം കടം കൊണ്ടിട്ടുണ്ട്. ഹൈൻലൈൻ ഈ മതത്തിൽ അംഗമായിരുന്നില്ലെങ്കിലും മതസ്ഥാപകനും ഹൈൻലൈനും തമ്മിൽ കത്തിടപാടുകൾ നടക്കാറുണ്ടായിരുന്നു. ഈ മതത്തിന് ഇപ്പോഴും ലോകമാസകലം അനുയായികളുണ്ട്.[31]

ശൂന്യാകാശ പര്യവേഷണം സാദ്ധ്യമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചിരുന്നത്. ഡെസ്റ്റിനേഷൻ മൂൺ എന്ന ചലച്ചിത്രം സോവിയറ്റ് യൂണിയനുമായി ഒരു സ്പേസ് റേസ് നടത്തുന്ന കാര്യം യഥാർത്ഥത്തിൽ അത് ആരംഭിക്കുന്നതിന് പത്തുവർഷം മുന്നേ പ്രവചിച്ചു. ചൊവ്വയിലെ ഒരു ക്രേറ്ററിന് ഇദ്ദേഹത്തിന്റെ പേരു നൽകപ്പെടുകയുമുണ്ടായി. അപ്പോളോ പതിനഞ്ചിലെ ആസ്ട്രോനോട്ടുകൾ ചന്ദ്രനിൽ വച്ചുള്ള ഒരു റേഡിയോ സംഭാഷണത്തിൽ ഇദ്ദേഹ‌ത്തെ പരാമർശിക്കുകയുണ്ടായി.[32]

അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങിയപ്പോൾ ഹൈൻലൈൻ ഇതിന് ഒരു ദൃക്സാക്ഷി വിവരണം നൽകുകയുണ്ടായി. ഇതുവരെയുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണിതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇത് പുതിയ യുഗത്തിലെ ഒന്നാം വർഷത്തിലെ ഒന്നാം ദിവസമാണ് എന്നും ഇദ്ദേഹം പരാമർശിക്കുകയുണ്ടായി.[33] എലോൺ മസ്ക് ഹൈൻലൈന്റെ കൃതികൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.[34]

ഹൈൻലൈൻ സൊസൈറ്റി

വിർജീനിയ ഹൈൻലൈൻ തന്റെ ഭർത്താവിനുവേണ്ടി ആരംഭിച്ച സൊസൈറ്റിയാണിത്. അടുത്ത തലമുറയ്ക്ക് ഇദ്ദേഹത്തിന്റെ ശേഷിപ്പുകൾ പകർന്നു നൽകുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. മറ്റു ലക്ഷ്യങ്ങൾ:

  • "ഹൈൻലൈൻ രക്തദാന മേളകൾ നടത്തുക."
  • "അദ്ധ്യാപകർക്ക് ശിക്ഷണത്തിനുള്ള സാമഗ്രികൾ നൽകുക."
  • "ഹൈൻലൈന്റെ ആശയങ്ങളെക്കുറിച്ചുള്ള ഗവേഷണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുക."
Other Languages
azərbaycanca: Robert Haynlayn
беларуская: Роберт Хайнлайн
български: Робърт Хайнлайн
Bahasa Indonesia: Robert A. Heinlein
Bahasa Melayu: Robert A. Heinlein
Nederlands: Robert Heinlein
português: Robert A. Heinlein
srpskohrvatski / српскохрватски: Robert A. Heinlein
Simple English: Robert A. Heinlein
slovenčina: Robert A. Heinlein
српски / srpski: Robert A. Hajnlajn
татарча/tatarça: Robert A. Heinlein
українська: Роберт Гайнлайн
Tiếng Việt: Robert A. Heinlein