വ്യാജദിയൊനുസ്യോസ്

ക്രി.വ. അഞ്ചാം നുറ്റാണ്ടിന്റെ അവസാനത്തിനും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയ്ക്ക് രചിക്കപ്പെട്ട ഒരുപറ്റം ക്രിസ്തീയ നവപ്ലേറ്റോണിക മിസ്റ്റിക്ക് രചനകളുടെ കർത്താവായ അജ്ഞാതദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് വ്യാജദിയൊനുസ്യോസ്. ഗ്രീസിലെ ആഥൻസിൽ പൗലോസ് അപ്പസ്തോലന്റെ പ്രസംഗം കേട്ട് ക്രിസ്തുമതം സ്വീകരിച്ച അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ[ക] പേരിൽ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളുടെ കർത്താവ് പുതിയനിയമകാലത്തെ വ്യക്തികളുമായി പരിചയം ഭാവിക്കുന്നു. അതിനാൽ ആ രചനാസമുച്ചയം, ക്രിസ്തീയബൈബിൾ സംഹിതയുടെ ഭാഗമായ അപ്പൊസ്തോലനടപടികളിൽ പരാമർശിക്കപ്പെടുന്ന അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ തന്നെ സൃഷ്ടിയായി ഏറെക്കാലം കരുതപ്പെട്ടിരുന്നു.

മദ്ധ്യയുഗങ്ങളിലെ ക്രൈസ്തവചിന്തയെ വ്യാജദിയൊനുസ്യോസിന്റെ രചനകൾ ആഴത്തിൽ സ്വാധീനിച്ചു. സിറിയയിൽ ഗ്രീക്ക് ഭാഷയിൽ സൃഷ്ടിക്കപ്പെട്ട ഈ രചനാസമുച്ചയം, അയർലൻഡുകാരൻ[ഖ] ജോണിന്റെ (John the Scot) ഒൻപതാം നൂറ്റാണ്ടിലെ ലത്തീൻ പരിഭാഷയിലൂടെ പാശ്ചാത്യക്രൈസ്തവലോകത്തും പ്രചരിച്ചു.[1] ക്രിസ്തീയ യോഗാത്മസാഹിത്യത്തിന്റെ(Christian mysticism) പിതാവായി വ്യാജദിയൊനുസ്യോസ് കണക്കാക്കപ്പെടുന്നു.[2]

ചരിത്രം

രചനാകാലം

വ്യാജദിയൊനുസ്യോസിന്റെ രചനകളെ ആദ്യം പരാമർശിച്ചുകാണുന്നത്, ക്രി.വ. 518-നും 528-നും ഇടയ്ക്കെങ്ങോ അന്ത്യോക്യായിലെ സെവേരസ് ആണ്. ക്രി.വ. 485-ൽ മരിച്ച നവപ്ലേറ്റോണിക ചിന്തകൻ പ്രൊക്ലസിന്റെ രചനകളുമായി വ്യാജദിയൊനിസ്യോസ് പരിചയം കാട്ടുകയും ചെയ്യുന്നു. ഈ രണ്ടു സൂചനകളാണ് വ്യാജദിയൊനുസ്യോസിന്റെ കാലനിർണ്ണയത്തിന് ആശ്രയമായുള്ളത്. അതിനാൽ, ക്രി.വ. അഞ്ചാം നുറ്റാണ്ടവസാനത്തിനും ആറാം നുറ്റാണ്ടിന്റെ ആരംഭകാലത്തിനും ഇടയ്ക്ക് അദ്ദേഹം ജീവിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. നവപ്ലേറ്റോണിക ചിന്തകൻ പ്രൊക്ലസിന്റെ ശിഷ്യൻ ആയിരുന്നിരിക്കാം അദ്ദേഹമെന്നും അനുമാനമുണ്ട്.

പാശ്ചാത്യലോകത്ത്

പൗരസ്ത്യസഭയിൽ രൂപമെടുത്ത വ്യാജദിയൊനിസ്യോസിന്റെ രചനകൾ പാശ്ചാത്യദേശത്തെത്തിയത് ബൈസാന്തിയ രാജധാനിയുമായി നയതന്ത്രബന്ധത്തിന്റെ ഭാഗമായി എട്ടും ഒൻപതും നൂറ്റാണ്ടുകളിൽ നടന്ന ചില കൈമാറ്റങ്ങളിലൂടെയാണ്. ബൈസാന്തിയ ചക്രവർത്തി "വിക്കൻ മിഖായേൽ" (Michael the Stammerer) ഫ്രഞ്ച് ചക്രവർത്തി "ഭക്തൻ ലൂയീസിന്" (Louis the Pious) ക്രി.വ. 827-ൽ സമ്മാനിച്ച വ്യാജദിയൊനിസ്യോസിന്റെ രചനകളുടെ പ്രതി പാരിസിന്റെ പ്രാന്തത്തിലുള്ള വിശുദ്ധ ഡെനിസിന്റെ ആശ്രമത്തിലെത്തി. മൂന്നാം നൂറ്റാണ്ടിൽ പാരീസിലെ മെത്രാനായിരുന്ന രക്തസാക്ഷി വിശുദ്ധ ഡെനിസിന്റെ ശവകൂടീരം ആ ആശ്രമത്തിലായിരുന്നു. ഈ അമൂല്യഗ്രന്ഥത്തെ തന്റെ ആശ്രമത്തിന്റെ പെരുമ വർദ്ധിപ്പിക്കാനുള്ള ഉപാധിയായി കണ്ട അപ്പോഴത്തെ ആശ്രമാധിപൻ ഹിൽഡുയിൻ, അതിനെ ലത്തീനിലേയ്ക്കു പരിഭാഷപ്പെടുത്തി. ഒപ്പം, ഈ രചനാസമുച്ചയത്തിന്റെ കർത്താവായി കരുതപ്പെട്ടിരുന്ന അരിയോപാഗസുകാരൻ ദിയൊനുസ്യോസും തന്റെ ആശ്രമത്തിന്റെ പേരുകാരനായ വിശുദ്ധ ഡെനിസും അപ്പസ്തോലികകാലത്ത് ജീവിച്ചിരുന്ന ഒരേ വ്യക്തിതന്നെയാണെന്ന് അവകാശപ്പെടുന്ന മറ്റൊരു രചനകൂടി ഹിൽഡുയിൻ നിർവഹിച്ചു. ഒന്നാം നൂറ്റാണ്ടിലെ ആഥൻസിലെ മെത്രാനായി കരുതപ്പെട്ടിരുന്ന അരിയോപാഗസുകാരൻ ദിയൊനുസ്യോസ് പിന്നീട് ഫ്രാൻസിലെത്തി പാരിസിലെ മെത്രാനും തന്റെ ആശ്രമത്തിന്റെ അധിപനുമായി ഒടുവിൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് ആ രചനയിൽ ഹിൽഡുയിൻ അവകാശപ്പെട്ടത്. പാശ്ചാത്യസഭയിൽ ദിയൊനുസ്യോസിന്റെ കഥയും വ്യാജദിയൊനുസ്യോസിന്റെ രചനാസമുച്ചയവും പ്രചരിക്കാൻ തുടങ്ങിയത് അങ്ങനെയാണ്.[3] ഹിൽഡുയിന്റെ ഈ കഥയിൽ ഒന്നാം നൂറ്റാണ്ടിലെ അരയോപാഗസുകാരൻ ദിയൊനുസ്യോസ്, മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ഡെനിസ്, 5-6 നൂറ്റാണ്ടുകളിലെ വ്യാജദിയൊനുസ്യോസ് എന്നിവരുടെ വ്യക്തിത്വങ്ങൾ ചേർന്ന് ഒന്നായി.


ഹിൽഡുയിന്റെ പരിഭാഷ ഏറെ പോരായ്മകളുള്ളതായിരുന്നതിനാൽ കുറ്റമറ്റ മറ്റൊരു പരിഭാഷ ആവശ്യമായി വന്നു. അതിന് പ്രഖ്യാതപണ്ഡിതൻ അയർലൻഡുകാരൻ ജോണിനെ(John Scott) നിയോഗിച്ചത് ക്രി.വ. 862-ൽ ഫ്രാൻസിൽ ചക്രവർത്തിയായിരുന്ന "കഷണ്ടി ചാൾസ്" (Charles the Bald) ആണ്. ഉന്നതനിലവാരം പുലർത്തിയ ആ പരിഭാഷ റോമിൽ മാർപ്പാപ്പയുടെ ഗ്രന്ഥശാലയുടെ അധിപനായിരുന്ന അനസ്താസിയസ് ക്രി.വ. 875-ൽ പരിഷ്കരിച്ച് കുറ്റം തീരുക്കുകയും ചെയ്തു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ പാശ്ചാത്യദേശത്ത് വ്യാജദിയൊനുസ്യോസിന്റെ രചനകൾ പ്രചരിച്ചത് ഈ ലത്തീൻ പരിഭാഷയിലൂടെയാണ്.[3]

സ്വാധീനം

അപ്പസ്തോലനടപടികളിലെ അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ പേരിനെ ആശ്രയിച്ചുള്ള വ്യാജദിയൊനുസ്യോസിന്റെ രചനാതന്ത്രം മഹാവിജയമായി. ദൈവിക ത്രിത്വത്തേയും, ക്രിസ്തുവിന്റെ വ്യതിരിക്തമായ ദൈവ-മനുഷ്യസ്വഭാവങ്ങളേയും കുറിച്ചുള്ള യാഥാസ്ഥിതിക ക്രിസ്തീയ നിലപാടുകളുമായി പൊരുത്തപ്പെടാത്തവയായിരുന്നിട്ടും, മദ്ധ്യയുഗങ്ങളിലും, നവോത്ഥാനകാലത്തുപോലും ഈ രചനകൾക്ക് അപ്പസ്തോലികമായ ആധികാരികത കല്പിക്കപ്പെടാൻ അത് ഇടയാക്കി. ആറാം നൂറ്റാണ്ടിൽ ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പയ്ക്ക് ദിയൊനുസ്യോസിനോട് ആരാധന തന്നെയായിരുന്നു. ക്രി.വ. 640-ലെ ലാറ്ററൻ സൂനഹദോസിൽ, കത്തോലിക്കാ സിദ്ധാന്തങ്ങളുടെ സ്ഥാപനത്തിന് മാർട്ടിൻ മാർപ്പാപ്പ ദിയൊനുസ്യോസിനെ ഉദ്ധരിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ മൂന്നാം സൂനഹദോസിന്റേയും നിഖ്യായിലെ രണ്ടാം സൂനഹദോസിന്റേയും തീരുമാനങ്ങളെ ദിയൊനുസ്യോസ് സ്വാധീനിച്ചു.[2] ഇടയ്ക്ക്, ആറാം നൂറ്റാണ്ടിൽ എഫേസൂസിലെ ഹൈപ്പേഷിയസും പിൽക്കാലത്ത് കൂസായിലെ നിക്കോളസും മറ്റും ഈ രചനകളുടെ ആധികാരികതയെ ചോദ്യം ചെയ്തെങ്കിലും അവയുടെ സ്വീകാര്യത കുറഞ്ഞില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചിന്തകൻ പീറ്റർ ലൊംബാർഡും, പതിമൂന്നാം നൂറ്റാണ്ടിലെ സ്കോളാസ്റ്റിക് ചിന്തകന്മാരായ വലിയ അൽബർത്തോസ്, തോമസ് അക്വീനാസ്, ബൊനവന്തുരാ തുടങ്ങിയവരും, പതിനാലാം നൂറ്റാണ്ടിലെ പ്രഖ്യാതകവി ഡാന്റെയും എല്ലാം വ്യാജദിയൊനുസ്യോസിനെ ആധികാരികമായെടുത്തു.[4] അരിസ്റ്റോട്ടിൽ കഴിഞ്ഞാൽ, തോമസ് അക്വീനാസ് ഏറ്റവുമേറെ ഉദ്ധരിക്കുന്ന എഴുത്തുകാരൻ ദിയൊനുസ്യോസ് ആണ്.[5] 1457-ൽ നവോത്ഥാന പണ്ഡിതൻ ലോറൻസോ വല്ലയാണ് കൂടുതൽ വിജയകരമായി ഈ രചനകളുടെ കർതൃത്വത്തെ ചോദ്യം ചെയ്തത്. 1501-ൽ ജോൺ ഗ്രോസിൻ, ലോറൻസോയുടെ നിലപാട് ആവർത്തിച്ചു. 1504-ൽ പ്രസിദ്ധ നവോത്ഥാനചിന്തകൻ ഇറാസ്മസ് ഈ കണ്ടെത്തൽ അംഗീകരിച്ച് പ്രസിദ്ധമാക്കിയതോടെ വ്യാജദിയൊനുസ്യോസിന്റെ രചനകൾ അപ്പസ്തോലികകാലത്തു നിന്നുള്ളവയല്ല എന്നു പണ്ഡിതലോകം സമ്മതിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങക്കു ശേഷവും, വ്യാജദിയൊനുസ്യോസിന്റെ രചനകൾ അപ്പസ്തോലന്മാരുടെ കാലത്തേതല്ല എന്ന് പരക്കെ അംഗീകരിക്കപ്പെട്ടത് ആധുനികകാലത്തു മാത്രമാണ്.[6]

Other Languages