റ്റു കിൽ എ മോക്കിങ്ങ്ബേർഡ് (നോവൽ)

റ്റു കിൽ എ മോക്കിങ്ങ്ബേർഡ്
Mockingbirdfirst.JPG
ആദ്യ പതിപ്പിന്റെ പുറംചട്ട
കർത്താവ്ഹാർപർ ലീ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പ്രസാധകൻജെ.ബി. ലിപ്പിങ്കോട്ട് & കോ
പ്രസിദ്ധീകരിച്ച തിയതി
ജൂലൈ 11, 1960
മാധ്യമംഅച്ചടി (ഹാർഡ്ബാക്ക്, പേപ്പർബാക്ക്)
ഏടുകൾ296 (ആദ്യത്തെ ഹാർഡ്ബാക്ക് പതിപ്പിൽ)

പുലിറ്റ്സർ പുരസ്കാരം നേടിയ ഒരു ഇംഗ്ലീഷ് നോവലാണ്‌ റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപർ ലീയാണ്‌ നോവലിന്റെ രചയിതാവ്. 1960-ൽ പുറത്തിറങ്ങിയ കൃതി ഉടനെതന്നെ കാര്യമായി വിറ്റഴിയുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ഇന്ന് അമേരിക്കൻ സാഹിത്യത്തിലെ ക്ലാസ്സിക്കുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1936-ൽ ലീക്ക് പത്തു വയസ്സായിരിക്കെ അവരുടെ പട്ടണത്തിനടുത്ത് നടന്ന ഒരു സംഭവത്തെ ഭാഗികമായി ആസ്പദിച്ചെഴുതിയ ഈ നോവൽ, അവരുടെ കുടുംബത്തെയും അയൽക്കാരെയും കുറിച്ചുള്ള നിരീക്ഷണങ്ങളെക്കൂടി അടിസ്ഥാനമാക്കുന്നു.

വർണ്ണവിവേചനം, ബലാത്സംഗം എന്ന ഗൗരവമായ വിഷയങ്ങളെ പ്രതിപാദിക്കുന്നുവെങ്കിലും ഈ കൃതി ഊഷ്മളതയ്ക്കും ഹാസ്യത്തിനും പ്രശസ്തമാണ്‌. നോവലിലെ കാഥികയുടെ പിതാവായ ആറ്റികസ് ഫിഞ്ച് വായനക്കാർക്ക് വീരപുരുഷനും അഭിഭാഷകർക്ക് സത്യസന്ധതയുടെ മാതൃകയുമാണ്‌. "അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിൽ വർണ്ണവിവേചത്തെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് ഒരുപക്ഷെ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ആയിരിക്കാം. വർണ്ണവിവേചനത്തിനെതിരെ നിലകൊണ്ട വീരപുരുഷകഥാപാത്രങ്ങളിൽ വച്ച് ഏറ്റവും മനസ്സിൽ തങ്ങുന്ന ചിത്രം ഇതിലെ നായകനായ ആറ്റികസ് ഫിഞ്ചിന്റേതുമാകാം"[൧] എന്നാണ്‌ നോവലിന്റെ പ്രാധാന്യത്തെ ഒരു വിമർശകൻ വിവരിച്ചത്.[1]

തെക്കൻ ഗോതിക് നോവൽ, ബിൽഡുങ്സ്റൊമാൻ എന്നീ വിഭാഗങ്ങളിൽ നോവലിനെ ഉൾപ്പെടുത്താം. വർണ്ണവിവേചനത്തിലെ അനീതിയെയും നിഷ്കളങ്കതയുടെ അവസാനത്തെയും നോവൽ പ്രമേയമാക്കുന്നു. വർഗ്ഗം, ധീരത, കരുണ, തെക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീപുരുഷവ്യത്യാസങ്ങൾ എന്നീ വിഷയങ്ങളും നോവൽ കൈകാര്യം ചെയ്യുന്നതായി പണ്ഡിതന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഹിഷ്ണുതയ്കും മുൻവിധികളില്ലാതിരിക്കേണ്ടതിനും പ്രാധാന്യം നൽകുന്ന കൃതി ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെ പല വിദ്യാലയങ്ങളിലും പാഠപുസ്തകമാണ്‌. എങ്കിലും പുസ്തകം പാഠ്യപദ്ധതികളിലും ഗ്രന്ഥശാലകളിലും നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പല മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇത്രയും പ്രശസ്തി കൈവരിച്ചുവെങ്കിലും നോവൽ കറുത്തവർഗ്ഗക്കാരെ കൈകാര്യം ചെയ്ത രീതിയിൽ ചില വായനക്കാർ അസന്തുഷ്ടരാണെന്ന് എഴുത്തുകാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നോവൽ പുറത്തിറങ്ങിയ ഉടനെത്തന്നെ മുപ്പതോളം പത്രമാസികകളെങ്കിലും നിരൂപണങ്ങളെഴുതിയിരുന്നു. നിരൂപണങ്ങൾ വിലയിരുത്തലിൽ വളരെയധികം വേറിട്ടുനിന്നു. അടുത്തകാലത്ത് ബ്രിട്ടീഷ് ലൈബ്രേറിയന്മാർ "മരിക്കുന്നതിനുമുമ്പ് ഓരോ മുതിർന്ന വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ" ബൈബിളിനും മുകളിലായി നോവലിനെ ഉൾപ്പെടുത്തി.[2] 1962-ൽ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അതേ പേരിലുള്ള ചലച്ചിത്രം മൂന്ന് ഓസ്കാറുകൾ നേടി. 1990 മുതൽ വർഷത്തിലൊരിക്കൽ ഹാർപർ ലീയുടെ ജന്മസ്ഥലമായ അലബാമയിലെ മൺറോവില്ലിൽ നോവലിനെ അടിസ്ഥാനമാക്കി ഒരു നാടകവും പ്രദർശിപ്പിക്കപ്പെടുന്നു. നാല്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള നോവലിന്റെ മൂന്ന് കോടിയിലേറെ കോപ്പികൾ വിറ്റുതീർന്നിട്ടുണ്ട്. അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിയെത്തിയിട്ടുണ്ട്.

Other Languages
azərbaycanca: Bülbülü öldürmək
Bahasa Indonesia: To Kill a Mockingbird
srpskohrvatski / српскохрватски: Ubiti pticu rugalicu
Simple English: To Kill a Mockingbird
svenska: Dödssynden
Tiếng Việt: Giết con chim nhại