യോഹന്നാൻ ക്രിസോസ്തമസ്

ആദ്യകാല ക്രിസ്തീയ സഭാപിതാവ് യോഹന്നാൻ ക്രിസോസ്തമസ് പ്രഭാഷണനൈപുണ്യത്തിന് പേരെടുത്തു. ക്രിസോസ്തമസ് എന്ന പേരിന് സ്വർണ്ണനാവുള്ളവൻ എന്നാണർത്ഥം

കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും ക്രിസ്തീയ സഭയുടെ ആദ്യകാലപിതാക്കന്മാരിൽ (ജനനംക്രി.വ. 347-നടുത്ത്; മരണം ക്രി.വ. 407) ഒരാളുമാണ് യോഹന്നാൻ ക്രിസോസ്തമസ് (ഗ്രീക്ക്: Ιωάννης ο Χρυσόστομος). സ്വർണനാവുകാരനായ ഈവാനിയോസ്, ജോൻ ക്രിസോസ്റ്റം എന്നീ സമാനപേരുകളിലും ഈ സഭാപിതാവു് അറിയപ്പെടുന്നു. ധർമ്മപ്രഭാഷകൻ, പ്രസംഗകലാനിപുണൻ, മതരാഷ്ടീയ നേതാക്കന്മാരുടെ അധികാരദുർവിനിയോഗത്തിന്റെ നിശിതവിമർശകൻ, തപോനിഷ്ഠൻ, ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമത്തിന്റെ സ്രഷ്ടാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനാണ്. സ്വർണ്ണനാവുള്ളവൻ എന്നർത്ഥമുള്ള ക്രിസോസ്തമസ് എന്ന പേര്, മരണാനന്തരമോ, ഒരുപക്ഷേ ജീവിതകാലത്തു തന്നെയോ അദ്ദേഹത്തിന്, പ്രഭാഷണചാതുര്യം കണക്കിലെടുത്തു നൽകപ്പെട്ടതാണ്.[1][2]

ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ, നവംബർ 13, ജനുവരി 27 തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളിൽ, കേസറിയായിലെ ബാസിൽ, നസിയാൻസസിലെ ഗ്രിഗറി എന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. റോമൻ കത്തോലിക്കാ സഭ ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാൽ സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു.[3]).

പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞൻ, ദൈവാരാധനാമുറയുടെ പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയിൽ പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളർച്ചയെ അവ ഗണ്യമായി സഹായിച്ചു.[4][5][6].പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആർത്തെമിസ് ക്ഷേത്രം ഉൾപ്പെടെയുള്ള 'പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതിൽ മുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.[7]

ജീവിതം

ആദ്യകാലം

ക്രിസോസ്തമസിന്റെ ഒരു ബൈസാന്തിയ ചുവർശില്പം(കാലം പതിനൊന്നാം നൂറ്റാണ്ട്). സോപ്പുകല്ലിൽ തീർത്ത ഇത്, ഇപ്പോൾ പാരിസിലെ ലൂവർ മ്യൂസിയത്തിലാണ്.

സിറിയയിലെ റോമൻ സൈന്യത്തിന്റെ അധികാരികളിൽ ഒരാളായിരുന്ന സെക്കുണ്ടസും അന്തൂസയും ആയിരുന്നു ക്രിസോസ്തമസിന്റെ മാതാപിതാക്കൾ. ക്രിസോസ്തമസ് ജനിച്ച് ഏറെക്കാലം കഴിയുന്നതിനു മുൻപ് സെക്കുണ്ടസ് മരിച്ചു. ഇരുപതു വയസ്സു മാത്രമുള്ളപ്പോൾ വിധവയായ അന്തൂസ, പിന്നീട് ജീവിച്ചത് മകനെ വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാണ്. അവരുടെ ഉത്സാഹത്തിൽ ക്രിസോസ്തമിന് അക്കാലത്ത് ലഭിക്കാവുന്നതിൽ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രസിദ്ധ വാഗ്മിയും ക്രിസ്തുമതത്തിന്റെ മുന്നേറ്റത്തിൽ പിന്മാറിക്കൊണ്ടിരുന്ന 'പേഗൻ' വിശ്വാസങ്ങളുടെ ഉറച്ച അനുഭാവിയും ആയ ലിബിയാനസായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുരു.[ക] ഇരുപതു വയസ്സിനടുത്ത്, അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലെത്തിയസുമായി പരിചയപ്പെട്ടത് ക്രിസോസ്തമസിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ക്രിസോസ്തമസ്, തപോനിഷ്ഠമായ ധാർമ്മികജീവിതത്തിലേയ്ക്ക് തിരിയുകയും ക്രിസ്തുമതത്തെക്കുറിച്ച് ആഴമായ അറിവ് സമ്പാദിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. മെലിത്തിയസുമായി പരിചയപ്പെട്ട് മൂന്നു വർഷം കഴിഞ്ഞാണ് ക്രിസോസ്തമസ് ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടർന്ന് ഒരു അന്ത്യോക്യയുടെ തെക്കുഭാഗത്തുള്ള മലമ്പ്രദേശത്തെ ഒരു സന്യാസസമൂഹത്തിൽ ചേർന്ന് നാലു വർഷം പരിശീലനം നേടി. അടുത്ത രണ്ടുവർഷം ഒരു ഗുഹയിൽ കഠിനമായ തപശ്ചര്യകളിൽ ഏകാന്തജീവിതം നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകർത്തതിനാൽ ക്രി.വ. 381-ൽ അദ്ദേഹം അന്ത്യോക്യായിലേയ്ക്ക് മടങ്ങി.[8]

അന്ത്യോക്യായിൽ

അന്ത്യോക്യായിൽ മടങ്ങിയെത്തിയ യോഹന്നാൻ, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിൻഗാമി ഫ്ലാവിയന്റേയും കീഴിൽ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ൽ ഫ്ലാവിയൻ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി. തുടർന്ന് 12 വർഷക്കാലം അദ്ദേഹം അന്ത്യോക്യായിൽ തന്നെ പുരോഹിതവൃത്തിയിൽ കഴിഞ്ഞു.

"വിഗ്രഹങ്ങളെക്കുറിച്ച്"

ഇക്കാലത്ത് ഒരു പ്രഭാഷകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാകാൻ തുടങ്ങി. തിയൊഡൊഷിയസ് ചക്രവർത്തി ഏർപ്പെടുത്തിയ ഒരു പുതിയ നികുതിയോടു പ്രതിക്ഷേധിച്ച്, അന്ത്യോക്യായിലെ പൗരജനങ്ങൾ ചക്രവർത്തിയുടെ പ്രതിമകൾ നശിപ്പിച്ചതിൽ രോഷം പൂണ്ട റോമൻ ഭരണകൂടം നഗരത്തിനെതിരെ പ്രതികാരത്തിനൊരുങ്ങി. ജനങ്ങൾക്ക് മാപ്പുനൽകണമെന്നും അന്ത്യോക്യായെ നശിപ്പിക്കരുതെന്നും ചക്രവർത്തിയോടഭ്യർത്ഥിക്കാൻ അപ്പോൾ 80 വയസ്സുണ്ടായിരുന്ന ഫ്ലാവിയൻ മെത്രാൻ‍, 800 മൈൽ അകലെയുള്ള കോൺസ്റ്റാന്റിനോപ്പിളിലേക്കു പോയി. മെത്രാന്റെ അസാന്നിദ്ധ്യത്തിൽ, സാമ്രാജ്യത്തിന്റെ പ്രതികാരം ഭയന്ന് മനസ്സിടിഞ്ഞിരുന്ന അന്ത്യോക്യായിലെ ജനങ്ങളെ ധൈര്യപ്പെടുത്താൻ 387-ലെ നോയമ്പുകാലത്ത് യോഹന്നാൻ നടത്തിയ ഒരു പരമ്പര പ്രസംഗങ്ങൾ പ്രസിദ്ധമാണ്. ഫ്ലാവിയസിന്റെ ദൗത്യം വിഫലമാവില്ലെന്നും, നഗരം നശിക്കാൻ ദൈവം അനുവദിക്കില്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ, "വിഗ്രഹങ്ങളെക്കുറിച്ച്" (On the Statues) എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ പ്രസംഗങ്ങളിൽ യോഹന്നാൻ ശ്രമിച്ചു. ഒടുവിൽ ചക്രവർത്തിയുടെ മാപ്പുമായി ഫ്ലാവിയൻ തിരിച്ചുവരുകയും ചെയ്തു.[1]

ബൈബിൾ പ്രഭാഷണങ്ങൾ

ബൈബിൾ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും നടത്തിയ ഇക്കാലത്തെ ഒട്ടേറെ പ്രഭാഷണങ്ങളിൽ അദ്ദേഹം ജീവിതവിശുദ്ധിക്കും ലാളിത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി ശക്തമായി വാദിച്ചു. ഈ പ്രസംഗങ്ങളിൽ ആഡംബരജീവിതത്തിന്റേയും സാമ്പത്തിക അനീതികളുടേയും നിശിതമായ വിമർശനം ഉൾപ്പെട്ടിരുന്നു. കുടിയാന്മാരെ ചൂഷണം ചെയ്യുന്ന ഭൂവുടമകളെ ലക്ഷ്യമാക്കിയുള്ള ഈ വിമർശനം ഉദാഹരണമാണ്:-

ഭൂവുടമകളേക്കാൾ നിഷ്ഠൂരന്മാരായി ആരുണ്ട്? ദീനരായ കുടിയാന്മാരോടുള്ള പെരുമാറ്റത്തിൽ അവർ കാടന്മാരേക്കാൾ ദയാശൂന്യരാണ്. ജീവിതകാലം മുഴുവൻ വിശപ്പും അദ്ധ്വാനവും കൊണ്ട് തളർന്ന മനുഷ്യരെ അവർ എടുത്താൽ പൊങ്ങാത്ത പിഴകൾ തുടരെ ചുമത്തി പൊറുതി മുട്ടിക്കുന്നു; ചെയ്താൽ തീരാത്ത സേവനങ്ങൾ ആവശ്യപ്പെട്ട് വലയ്ക്കുന്നു; മഞ്ഞിലും മഴയിലും വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബ്ബന്ധിക്കുന്നു; ഉറങ്ങാൻ പോലും സമയം കിട്ടാതെ ജോലിചെയ്യേണ്ടി വരുന്ന അവരെ ഒടുവിൽ വെറും കയ്യോടെ പറഞ്ഞയയ്ക്കുന്നു. കങ്കാണിമാരിൽ നിന്ന് അവർക്ക് സഹിക്കേണ്ടി വരുന്ന പീഡനങ്ങൾ വിശപ്പിനേക്കാൾ കഷ്ടമാണ്. സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ച ശേഷം കങ്കാണിമാർ അവരെ എങ്ങനെയൊക്കെ വഞ്ചിക്കുന്നുവെന്ന് ആർക്ക് വിവരിക്കാനാകും? അവരുടെ അദ്ധ്വാനം ഒലിവുചക്കുകളെ തിരിക്കുന്നു. ...എന്നാൽ ആ അദ്ധ്വാനത്തിന് പ്രതിഫലമായി അവർക്കു കിട്ടുന്നത് ചില്ലിക്കാശുമാത്രമാണ്.[9]

പാത്രിയർക്കീസ്‍

സ്ഥാനാരോഹണം

ന്യൂ യോർക്ക് നഗരത്തിൽ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസനത്തിലുള്ള ക്രിസോസ്തം പ്രതിമ

ക്രി.വ. 307-ൽ, തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് മരിച്ചതിനെ തുടർന്ന് യോഹന്നാനെ ആ സ്ഥാനത്ത് നിയോഗിക്കാൻ അർക്കാഡിയസ് ചക്രവർത്തി തീരുമാനിച്ചു. അദ്ദേഹത്തെ തലസ്ഥാനത്തേക്കയയ്കാൻ ഉത്തരവുകിട്ടിയ അന്ത്യോക്യായിലെ രാജപ്രതിനിധി നഗരത്തിനു പുറത്ത് രക്തസാക്ഷികളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ തന്നോടൊപ്പം വരാൻ യോഹന്നാനോടാവശ്യപെട്ടു. എന്നാൽ നഗരത്തിനു പുറത്തെത്തിയ അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന രാജദൂതനൊപ്പം നിർബ്ബന്ധിച്ച് അയയ്ക്കുകയാണ് ചെയ്തത്. അങ്ങനെ യോഹന്നാൻ, ആഗ്രഹിക്കാതെ കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും പാത്രിയർക്കീസും ആയി. ഏറെ അധികാരങ്ങൾ ഉള്ള ഈ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാർത്ഥിയെ കണ്ടിരുന്ന അലക്സാണ്ഡ്രിയയിലെ പാത്രിയർക്കീസ് തിയോഫിലസ്, നിവൃത്തിയില്ലാതെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യകാർമ്മികനായെങ്കിലും, യോഹന്നാന്റെ ശത്രുവായി.

നവീകരണം

കോൺസ്റ്റാന്റിനോപ്പിളിലെ സഭയിൽ യോഹന്നാൻ വ്യാപകമായ നവീകരണത്തിന് തുടക്കമിട്ടു. പാത്രിയർക്കീസിന്റെ അരമനയിലെ വിലകൂടിയ പാത്രങ്ങളും, പുതുതായി വങ്ങിവച്ചിരുന്ന വെണ്ണക്കൾത്തൂണുകളും വിറ്റ് കിട്ടിയ പണം കൊണ്ട് ആശുപത്രി പണിതു. കാന്യാവൃതം എടുത്ത സ്ത്രീകളുമായി പുരോഹിതന്മാർ ഒരേ വീട്ടിൽ സാഹോദര്യം നടിച്ച് താമസിക്കുന്നതിനെ കാപട്യമായി കണ്ട അദ്ദേഹം അത്തരം സഹവാസത്തെ നിരോധിച്ചു. അലസരായി തെരുവുകളിൽ അലഞ്ഞുതിരിയുന്ന സന്യാസിമാരെ അദ്ദേഹം ആശ്രമങ്ങളിൽ ഒതുങ്ങിക്കഴിയാൻ നിർബ്ബന്ധിച്ചു.

രാജ്ഞിയുടെ ശത്രുത

ആഡംബരത്തിന്റേയും അതിരറ്റ വേഷഭൂഷാദികളുടേയും ശത്രുവായിരുന്ന യോഹന്നാന്റെ ചില വിമർശനങ്ങൾ യൂഡൊക്സിയാ രാജ്ഞിയെ ലക്ഷ്യമാക്കിയാണെന്ന് വ്യാഖ്യാനമുണ്ടായി. ക്രിസോസ്തമസ് രാജ്ഞിയെ ബൈബിളിലെ ആഹാബ് രാജാവിന്റെ പത്നി ജെസബലിനോട് താരതമ്യപ്പെടുത്തിയതായി കേട്ട യൂഡോക്സിയ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. രാജ്ഞിയുടെ താത്പര്യപ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയർക്കീസ് തിയോഫിലസിന്റെ നേതൃത്വത്തിൽ ക്രി.വ. 403-ൽ വിളിച്ചുകൂട്ടപ്പെട്ട സഭാസമിതി യോഹന്നാനെ സ്ഥാനഭ്രഷ്ടനാക്കി നഗരത്തിൽ നിന്ന് ബഹിഷ്കരിച്ചു. എന്നാൽ എന്നും അദ്ദേഹത്തെ പിന്തുണച്ചിരുന്ന സാധാരണജനങ്ങൾ നഗരത്തിൽ ലഹള കൂട്ടിയതിനാലും ആ ദിവസങ്ങളിൽ ഉണ്ടായ ഭൂകമ്പം യോഹന്നാന്റെ ബഹിഷ്കരണത്തിലുള്ള ദൈവകോപത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടതിനാലും താമസിയാതെ അദ്ദേഹത്തെ പഴയ സ്ഥാനത്ത് വീണ്ടും അവരോധിച്ചു.

സ്ഥാനനഷ്ടം‍

പാത്രിയർക്കീസ് സ്ഥാനത്ത് തിരികെയെത്തിയ യോഹന്നാന് ഏറെക്കാലം തുടരാനായില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞ്, കോൺസ്റ്റാന്റിനോപ്പിളിലെ ജ്ഞാനത്തിന്റെ ദേവാലയത്തിനു സമീപം ദിവസങ്ങൾ നീണ്ട ആഘോഷങ്ങളോടെ യൂഡോക്സിയ രാജ്ഞിയുടെ പ്രതിമ സ്ഥാപിച്ചതിനെ യോഹന്നാൻ വിമർശിച്ചു. തുടർന്ന് ക്രി.വ. 404-ൽ അദ്ദേഹത്തെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങൾ ലഹളകൂട്ടുകയും ജ്ഞാനത്തിന്റെ പള്ളിയും സെനറ്റ് മന്ദിരവും അഗ്നിക്കിരയാവുകയും ചെയ്തു.

അന്ത്യം

നാടുകടത്തൽ

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തെ, അർമേനിയയിൽ കാക്കസസ് മലനിരകളിലുള്ള ഒരു ഗ്രാമത്തിലേയ്ക്ക് നാടുകടത്തി. അവിടെ അദ്ദേഹം അനുയായികളുമായും പാശ്ചാത്യറോമൻ ചക്രവർത്തി ഹോണേറിയസ്, റോമിലെ മെത്രാൻ ഇന്നസന്റ് ഒന്നാമൻ എന്നിവരുമായും കത്തിടപാടുകൾ നടത്തിയതിനാൽ, സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള പിത്തിയസ് മരുഭൂമിയിലേയ്ക്ക് മാറ്റാൻ ക്രി.വ. 407-ൽ ചക്രവർത്തി ഉത്തരവിട്ടു.

മരണം‍

പിത്തിയസിലേയ്ക്കുള്ള വഴിയിൽ, ഇന്നത്തെ ജോർജ്ജിയയിലെ അബ്‌കാസിയ പ്രവിശ്യയിലുള്ള കൊമാനയിൽ യോഹന്നാൻ 62-ആമത്തെ വയസ്സിൽ അന്തരിച്ചു. "എല്ലാറ്റിലും ദൈവത്തിന് മഹത്ത്വമുണ്ടാകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.[1]

സംസ്കാരസ്ഥാനങ്ങൾ

യോഹന്നാനെ ആദ്യം സംസ്കരിച്ചത് കൊമാനയിൽ തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തോടു കാട്ടിയ ക്രൂരതയിൽ പശ്ചാത്താപിച്ച റോമൻ ഭരണം, ക്രി.വ. 438-ൽ ചക്രവർത്തി തിയോഡോഷ്യസ് രണ്ടാമന്റെ കാലത്ത്, യോഹന്നാന്റെ ഭൗതികാവശിഷ്ടം കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവന്ന് ആഘോഷപൂർവം സംസ്കരിച്ചു. നഗരത്തിലെ വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളിയിൽ, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന അർക്കാഡിയസ് ചക്രവർത്തിയുടേയും യൂഡോക്സിയാ രാജ്ഞിയുടേയും ശവകുടീരങ്ങൾക്ക് അടുത്തായിരുന്നു പുതിയ സംസ്കാരസ്ഥാനം. എന്നാൽ ഈ രണ്ടാം സംസ്കാരവും അന്തിമമായില്ല. 1204-ലെ കുരിശുയുദ്ധത്തിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത വെനീസ് സൈന്യം കൊള്ളചെയ്തു കൊണ്ടുപോയ തിരുശേഷിപ്പുകളിലൊന്ന് യോഹന്നാന്റെ ശരീരമാണെന്ന് പറയപ്പെടുന്നു. ഇന്ന് അത് റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.[10]

Other Languages
asturianu: Xuan Crisóstomu
azərbaycanca: İohann Xrisostom
беларуская: Іаан Златавуст
български: Йоан Златоуст
čeština: Jan Zlatoústý
Cymraeg: Ioan Aurenau
français: Jean Chrysostome
hrvatski: Ivan Zlatousti
Bahasa Indonesia: Yohanes Krisostomus
latviešu: Joans Hrizostoms
Bahasa Melayu: John Chrysostom
norsk nynorsk: Johannes Chrysostomos
português: João Crisóstomo
srpskohrvatski / српскохрватски: Jovan Hrizostom
Simple English: John Chrysostom
slovenčina: Ján Zlatoústy
slovenščina: Janez Zlatousti
српски / srpski: Јован Златоусти
Tiếng Việt: Gioan Kim Khẩu