ഫുട്ബോൾ ലോകകപ്പ് 1990

ഫുട്ബോൾ ലോകകപ്പ് 1990
ഇറ്റാലിയ ‘90
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ106(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: 24
ആതിഥേയർഇറ്റലി
ജേതാക്കൾപശ്ചിമ ജർമ്മനി
മൊത്തം കളികൾ52
ആകെ ഗോളുകൾ115
(ശരാശരി2.21)
ആകെ കാണികൾ2,517,348
(ശരാശരി48,411 )
ടോപ്‌സ്കോറർസാൽ‌വദർ ഷിലാച്ചി
(6 ഗോളുകൾ)
മികച്ച താരം...

പതിനാലാമത് ലോകകപ്പ് ഫുട്ബോൾ 1990 ജൂൺ 8 മുതൽ ജൂലൈ 8 വരെ ഇറ്റലിയിൽ അരങ്ങേറി. രണ്ടാം തവണയാണ് ഇറ്റലി കപ്പിന് ആഥിത്യം വഹിക്കുന്നത്. തൊട്ടുമുൻപത്തെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഇറ്റലിയിലും. എന്നാൽ ഇത്തവണ നിലവിലുള്ള ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജർമ്മനി(പശ്ചിമ ജർമ്മനി) മൂന്നാം തവണ കിരീടം ചൂടി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഫൈനലിൽ ഒരേയൊരു ഗോൾ മാത്രം പിറന്നത്‌. ആ ഗോളാവട്ടെ പെനാൽറ്റിയുടെ സൃഷ്ടിയും! അതുകൊണ്ടുതന്നെ ഏറ്റവും വിരസമായ ലോകകപ്പായി ഇറ്റലി’90 വിലയിരുത്തപ്പെടുന്നു.

1986ലെ രീതിയിൽ തന്നെയായിരുന്നു മത്സര ക്രമീകരണങ്ങൾ. യോഗ്യതാ റൌണ്ട് കടന്നെത്തിയ 24 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും ചേർന്ന് 16 ടീമുകൾ മത്സരിക്കുന്ന നോക്കൌട്ട് ഘട്ടമായിരുന്നു അടുത്തത്. പിന്നീട് ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ. കോസ്റ്റാറിക്ക, അയർലൻ‌ഡ്, യു.എ.ഇ എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.

വമ്പൻ അട്ടിമറി കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായന്ന അർജന്റീനയെ ഏവരും എഴുതിത്തള്ളിയിരുന്ന കാമറൂൺ ഒരു ഗോളിന് അട്ടിമറിച്ചു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയിച്ച് അർജന്റീന ഫൈനലിലെത്തുകതന്നെ ചെയ്തു. ക്വാർട്ടർ ഫൈനൽ വരെ അട്ടിമറി പരമ്പര തുടർന്ന കാമറൂൺ ഈ ഘട്ടംവരെയെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി. കളിയിൽനിന്നും വിരമിക്കാൻ തീരുമാനിച്ച ശേഷം ടീമിൽ തിരിച്ചെത്തിയ കാമാറൂണിന്റെ റോജർ മില്ല എന്ന മുപ്പത്തെട്ടുകാരനായിരുന്നു ഇറ്റലിയിലെ സംസാരവിഷയം. ഇറ്റലിയുടെ സാൽ‌വദർ ഷിലാച്ചി ആറു ഗോളടിച്ച് ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരത്തിനുള്ള സുവർണ്ണ പാദുകം കരസ്ഥമാക്കി. തകർപ്പൻ രക്ഷപ്പെടുത്തലുകളിലൂടെ അർജന്റീനയുടെ ഗോൾവലയം കാത്ത സെർജിയോ ഗോയ്ക്കോഷ്യ ആയിരുന്നു ഈ ടൂർണമെന്റിൽ ശ്രദ്ധനേടിയ മറ്റൊരു താരം.

തണുപ്പൻ മത്സരങ്ങൾ മാത്രം കാഴ്ചവെച്ച്‌ ക്വാർട്ടർ ഫൈനൽ വരേക്കും ഇഴയുകയായിരുന്നു ലോകകപ്പ്‌ മത്സരങ്ങൾ. അർജന്റീന യൂഗോസ്ലാവിയയേയും ഇറ്റലി അയർലൻ‌ഡിനേയും ജർമനി ചെക്കോസ്ലാവാക്ക്യയേയും ഇംഗ്ലണ്ട്‌ കാമറൂണിനേയും തോൽപ്പിച്ചതോടെ സെമി-ഫൈനലിനുള്ള ടീമുകൾ തീരുമാനിക്കപ്പെട്ടു.

രണ്ടു സെമി-ഫൈനൽ മത്സരങ്ങളും അവസാനിച്ചത്‌ പെനാൽറ്റിയിലായിരുന്നു. ആദ്യ സെമി അർജന്റീനയും ഇറ്റലിയും തമ്മിലായിരുന്നു. മറഡോണയടക്കമുള്ള അർജന്റീനയുടെ പടക്കുതിരകൾ ഉന്നം പിഴക്കാതെ എല്ലാ കിക്കുകളും ഗോളാക്കിയപ്പോൾ ഇറ്റലിയുടെ ഡൊണാഡോണിക്കും സെറെനെയ്ക്കും ഉന്നം പിഴച്ചു. വളരെ അനായാസമായി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള മത്സരത്തിലാവട്ടെ, മത്തായൂസും ബ്രഹ്മിയുമടക്കമുള്ള ജർമ്മൻ സിംഹങ്ങൾ ഗോൾമുഖം കുലുക്കിയപ്പോൾ പിയേഴ്‌സും വാഡലും ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകർത്തു.

പ്രതിരോധാത്മക ശൈലിയും പരുക്കൻ അടവുകളും നിറഞ്ഞു നിന്ന ഇറ്റലി’90 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിരസമായ കപ്പായി വിലയിരുത്തപ്പെടുന്നു. ജേതാക്കളായ പശ്ചിമ ജർമ്മനിയൊഴികെ മിക്ക ടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണ് കാഴ്ച വച്ചത്. അഞ്ചുകളികളിൽ നിന്ന് ഏഴു ഗോളുകൾ മാത്രം നേടിയ അർജന്റീന ഫൈനൽ വരെയെത്തി എന്നതിൽനിന്നും ഈ ലോകകപ്പ് എത്രത്തോളം വിരസമായിരുന്നു എന്നു മനസ്സിലാക്കാം. മൊത്തം 16 താരങ്ങൾ ചുവപ്പു കാർഡ് കണ്ടു പുറത്തായി. നോക്കൌട്ട് ഘട്ടത്തിലെ മിക്ക മത്സരങ്ങളും പെനൽറ്റി ഷൂട്ടൌട്ടിലാണ് അവസാനിച്ചത്. ഈ പ്രവണതയെത്തുടർന്നാണ് പെനൽറ്റി ഷൂട്ടൌട്ട് ഒഴിവാക്കാനുള്ള സുവർണ്ണ ഗോൾ നിയമം പരീക്ഷിക്കുവാൻ ഫിഫ തീരുമാനിച്ചത്.

Other Languages
العربية: كأس العالم 1990
беларуская (тарашкевіца)‎: Чэмпіянат сьвету па футболе 1990 году
Bahasa Indonesia: Piala Dunia FIFA 1990
Bahasa Melayu: Piala Dunia FIFA 1990
norsk nynorsk: VM i fotball 1990
Simple English: 1990 FIFA World Cup