നഗരം
English: City

from shinjuku
ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായ ടോക്ക്യോ

ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് നഗരങ്ങൾ. [1][2]നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ടാകും. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.ഭൂതലത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ സെൻസസ് കണക്കനുസരിച്ച് ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ ഡൽഹിയിലേത് 9340-ഉം ആയിരുന്നു.


1800-ൽ ലോകത്തിലെ മൊത്തം ജനങ്ങളിൽ 2.5% മാത്രമാണ് നഗരങ്ങളിൽ പാർത്തിരുന്നത്. 1980-ലെ കണക്കനുസരിച്ച്, നഗരവാസികളുടെ സംഖ്യ 40% ആയി വർധിച്ചു. രണ്ടായിരാമാണ്ടിൽ ഇത് 50%-ത്തിൽ കവിഞ്ഞിരുന്നു. ഉത്പാദനപ്രക്രിയയുടെ പ്രവൃദ്ധിയിലൂടെ നഗരങ്ങൾ തുറന്നിടുന്ന വമ്പിച്ച തൊഴിൽസാധ്യതയാണ്, പൊതുവേ തൊഴിലില്ലായ്മ ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന ഗ്രാമമേഖലകളിൽനിന്ന് ജനങ്ങളെ അവിടേക്ക് ആകർഷിക്കുന്നത്. അതോടൊപ്പം നഗരത്തിലെ സേവനസംവിധാനങ്ങൾ മെച്ചപ്പെട്ട ജീവിതസൌകര്യം ഉറപ്പുനല്കുന്നുമുണ്ട്. കാലക്രമത്തിൽ, നഗരത്തിനുള്ളിൽനിന്ന് മോചനംനേടാൻ ഒരുമ്പെടുന്നവർപോലും അവിടത്തെ വിവിധ സൌകര്യങ്ങൾ അനായാസമായി അനുഭവിക്കുവാൻ പാകത്തിൽ നഗരസീമയോടടുത്തുതന്നെ പാർപ്പുറപ്പിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഇത് ഫലത്തിൽ നഗരങ്ങളുടെ വ്യാപനത്തിലേക്കു നയിക്കുന്നു.

തൊഴിലവസരവർധനവിന്റെയും ജനപ്പെരുപ്പത്തിന്റെയും ഫലമായി ഉത്പാദനശാലകളും ആവാസകേന്ദ്രങ്ങളുമുൾപ്പെടെയുള്ള നഗരഘടകങ്ങൾ നിലവിലുള്ള നഗരപരിധിയെ ഉല്ലംഘിച്ച് വളരുകയും അങ്ങനെ വിസ്തൃതി നേടുകയും ചെയ്യുന്നവയെ മഹാനഗരം (Greater city) എന്നു വിശേഷിപ്പിക്കുന്നു. നിശ്ചിതകാലയളവിൽ ഉണ്ടാകാവുന്ന വികസനത്തിന്റെ പ്രവണതയെ അവലംബിച്ച് നഗരത്തിന്റെ സീമ പുനർനിർണയിക്കുകയും മഹാനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തെ സാങ്കേതികാസൂത്രണത്തിലൂടെ സമഗ്രമായ വളർച്ചയിലെത്തിക്കുകയും ചെയ്യുന്ന സമ്പ്രദായം സാർവത്രികമായിട്ടുണ്ട്. പ്രാന്തമേഖലയുടെ വികസനത്തിലൂടെ ഉപനഗരങ്ങളെ ഉയർത്തുകയും അവയെക്കൂടി ഉൾക്കൊണ്ട് ബൃഹദാകാരം ആർജിച്ചതും തുടർന്നും വൻവളർച്ചനേടിക്കൊണ്ടിരിക്കുന്നതുമായ നഗരങ്ങളെ മാനഗരം (Metropolitan city) എന്ന വിഭാഗത്തിൽപ്പെടുത്തുന്നു. ഇവയുടെ വികാസത്തിന്റെ മാനവും(magnitude) പഥവും(itinery) ഏകദിശീയമായിരിക്കില്ല. ജനസംഖ്യാടിസ്ഥാനത്തിൽ, പത്തുലക്ഷത്തിലേറെപ്പേർ നിവസിക്കുന്ന നഗരങ്ങളെ പ്രയുതനഗരം (Million city) എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രയുതനഗരങ്ങളെ മാനഗരങ്ങളാക്കി മാറ്റുന്നതിലൂടെ അവ നേരിടുന്ന പ്രശ്നങ്ങൾക്ക് നല്ലൊരളവുവരെ പരിഹാരം കാണാമെന്ന് ശാസ്ത്രം സമർഥിക്കുന്നു. എന്നാൽ ഈവിധമുള്ള മാറ്റം ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിലെ ദുർവഹമായ സാമ്പത്തികഭാരംമൂലം ലോകരാജ്യങ്ങളൊന്നുംതന്നെ ഇതിനു തുനിയാറില്ല.

ലോകത്തിലെ ഏറിയകൂറും നഗരങ്ങൾ ജനപ്പെരുപ്പംമൂലമുള്ള പ്രശ്നങ്ങളെ നേരിടുന്നവയാണ്. മിക്കവയും ശബ്ദമലിനവും വൃത്തിഹീനവുമായി തുടരുന്നു. ഗതാഗതക്കുരുക്കുമൂലം ജനസാമാന്യത്തിന് സമയനിഷ്ഠ തികച്ചും അന്യമായി പരിണമിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർവാഹനങ്ങൾ, തീവണ്ടികൾ, വൈദ്യുതോത്പാദനകേന്ദ്രങ്ങൾ, വ്യവസായശാലകൾ തുടങ്ങി നിത്യോപയോഗ വസ്തുക്കളിൽപ്പെട്ട എയർകണ്ടിഷനർ, ശീതീകരണികൾ, ഹീറ്ററുകൾ മുതലായ ഉപകരണങ്ങൾവരെ വിസർജിത മാലിന്യങ്ങളിലൂടെ തുടർച്ചയായി അന്തരീക്ഷദൂഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ജനങ്ങളുടെ ആരോഗ്യത്തിന് സാരമായ ഹാനിയുണ്ടാകുന്നു. ശബ്ദശല്യംകാരണം പൗരസഞ്ചയത്തിന് ഉണ്ടാകുന്ന മാനസികാഘാതമുൾപ്പെടെയുള്ള പീഡനങ്ങൾ ക്രമാതീതമായി ഏറിവരുന്നു. കുറ്റകൃത്യങ്ങൾക്കും നിയമനിഷേധങ്ങൾക്കും വളക്കൂറുള്ള മേഖലയാണ് നഗരം. വർഗീയവും മതപരവുമായ സംഘർഷങ്ങളും കലാപങ്ങളും എളുപ്പത്തിൽ ശക്തിപ്രാപിക്കുന്നതും നഗരത്തിലാണ്. ലഹരിപദാർഥങ്ങൾ മുതൽ മയക്കുമരുന്നുവരെയുള്ളവയുടെ കള്ളക്കടത്തും അധോലോകസംഘങ്ങളുടെ നിയമവിരുദ്ധവിഹാരവും വൻനഗരങ്ങളിലെ സാമൂഹികാർബുദമായി മാറിയിരിക്കുന്നു. ഇക്കാരണങ്ങളാൽ വൻകിട നഗരങ്ങൾ മിക്കവയിലും ക്രമസമാധാനപാലനം അതീവ ദുഷ്കരമാണ്. പൊതുവേ അപര്യാപ്തമായ പാർപ്പിടവ്യവസ്ഥയും ദുർവഹമായ ജീവിതച്ചെലവുകളും സാധാരണ പൌരന്മാരെ കഷ്ടതകളിലും അസംതൃപ്തിയുടെ ആഴങ്ങളിലും നിലയില്ലാത്തവണ്ണം ആഴ്ത്തുന്നത് നഗരങ്ങളുടെ പൊതുസ്വഭാവമായി പരിണമിച്ചിട്ടുണ്ട്. ഈവിധ പരാധീനതകളുടെ പശ്ചാത്തലത്തിലും ലോകജനതക്കിടയിൽ നഗരജീവിതത്തോടുള്ള ആകർഷണം അതിശക്തമായി നിലനില്ക്കുന്നു.

നഗരങ്ങളുടെ ഉത്പത്തിയും വളർച്ചയും

മനുഷ്യരാശി ഏതെങ്കിലുമൊരിടത്ത് സ്ഥിരമായി പാർക്കുവാനാരംഭിച്ചത് നവീനശിലായുഗത്തിലായിരുന്നു(Neolithic). അധിവാസങ്ങളുടെ ചരിത്രത്തിന് 10,000 വർഷത്തിലേറെ പഴക്കമില്ല. മനുഷ്യൻ സ്ഥിരവാസം ആരംഭിച്ചത് കാർഷികവൃത്തിയുടെ തുടക്കം മുതലാണ്. ആദ്യകാലത്ത് അധിവാസങ്ങൾക്ക് ഗ്രാമ (rural) സ്വഭാവമാണുണ്ടായിരുന്നത്. ബി.സി. 3500-നോടടുത്ത് പാർപ്പിടകേന്ദ്രങ്ങളുടെ സംയോജനത്തിലൂടെ ചെറു പട്ടണങ്ങൾ രൂപംകൊണ്ടു. അവ ഇന്നത്തെ വൻനഗരങ്ങളായി വികാസം പ്രാപിച്ചതിനുപിന്നിൽ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്:

 1. സാങ്കേതികജ്ഞാനത്തിന്റെ വികാസം
 2. ഭൗതിക ഘടകങ്ങളും പരിസ്ഥിതിയും
 3. സാമൂഹിക സുസ്ഥിരത
 4. ജനപ്പെരുപ്പം.

സാങ്കേതികജ്ഞാനത്തിന്റെ വികാസം

ജനസാമാന്യത്തിന് തങ്ങളുടെ ജീവിതശൈലി സുകരവും സൗകര്യപ്രദവുമാക്കുന്നതിന് ഉപകരിച്ച ഏതുവിധ കണ്ടെത്തലുകളെയും സാങ്കേതികജ്ഞാനത്തിന്റെ പരിധിയിൽപ്പെടുത്താം. അങ്ങനെ നോക്കുമ്പോൾ സാങ്കേതികതയുടെ ആദ്യ പടി കാർഷിക സമ്പ്രദായങ്ങളുടെ മെച്ചപ്പെടലാണ്. തനതായി ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചും കാലികളെ പരിപാലിച്ച് അവയുടെ സേവനം കൃഷിനിലങ്ങളിൽ പ്രയോജനപ്പെടുത്തിയുമാണ് ശിലായുഗമനുഷ്യർ കാർഷികസമ്പ്രദായങ്ങൾക്ക് ചിട്ടയും പ്രയോഗക്ഷമതയും കൈവരിച്ചത്. തങ്ങളുടെ ഉപഭോഗത്തിലുംകവിഞ്ഞ് കാർഷിക വിളകൾ ഉത്പാദിപ്പിക്കുവാൻ മെച്ചപ്പെട്ട കൃഷിരീതികൾ അവരെ സഹായിച്ചു. ഭക്ഷ്യസുലഭ്യതമൂലം ഒരുവിഭാഗം ആളുകൾ കാർഷികേതരവൃത്തികളിൽ ഏർപ്പെട്ടതോടെ കൈത്തൊഴിലുകൾ വികസിച്ചു. നിലംകുഴിച്ച് കടുപ്പമേറിയ കല്ലുകളും പിന്നീട് ലോഹധാതുക്കളും ഉത്പാദിപ്പിക്കുവാനും തുടർന്ന് അവയുപയോഗിച്ച് മെച്ചപ്പെട്ട പണിയായുധങ്ങളും ഉപകരണങ്ങളും നിർമിച്ചെടുക്കുവാനും മനുഷ്യന് അവസരമൊരുങ്ങി. ഉത്പാദിതവസ്തുക്കളുടെ സാങ്കേതികതയിലും ആവശ്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടായതോടെ പ്രത്യേക വസ്തുക്കൾ മാത്രം നിർമ്മിക്കുന്ന വിഭാഗങ്ങൾ രൂപംകൊണ്ടു. സ്വാഭാവികമായും തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെയോ കൈമാറ്റത്തിലൂടെയോ ജീവിതാവശ്യങ്ങൾ നിറവേറ്റുവാൻ ഇക്കൂട്ടർ നിർബന്ധിതരായി. അതോടൊപ്പംതന്നെ കാർഷികേതരവൃത്തികളെ ആശ്രയിച്ചുപോന്നവരുടെ സംഖ്യ ഗണ്യമായി വർധിച്ചു. കൃഷിനിലങ്ങൾ അല്ലാതുള്ള ഭൂമിയിൽ പണിശാലകൾക്കു സ്ഥാനം കണ്ടെത്തുന്ന രീതിയാണ് ആദ്യകാലത്തുണ്ടായിരുന്നത്. ഉത്പന്നക്കൈമാറ്റ(barter)ത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്ന അക്കാലത്ത് കാർഷികേതര പ്രവർത്തനങ്ങൾ ഒട്ടുമുക്കാലും കേന്ദ്രീകൃതമായി വളർന്നു. അധിവാസകേന്ദ്രങ്ങളുടെ മർമസ്ഥാനത്ത് തങ്ങളുടെ ഉത്പന്നങ്ങൾക്കായി ഒരു പൊതുവിപണി ഏർപ്പെടുത്തുവാനും അവിടെ കാർഷികോത്പന്നങ്ങൾ ധാരാളമായി വില്പനയ്ക്കെത്തിക്കുവാനും അക്കാലത്തെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. വിപണി മെച്ചപ്പെടുന്നതിനൊപ്പം അതിനെ ചുറ്റി കൂടുതൽ പണിശാലകൾ ഉണ്ടായി; അതോടൊപ്പം വിദഗ്ദ്ധ പണിക്കാർ ഇത്തരമിടങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ നഗരാധിവാസങ്ങൾ ഉരുത്തിരിഞ്ഞത് ഈ വിധത്തിലായിരുന്നു.

നദീതീരങ്ങളിലാണ് പല നഗരങ്ങളും വികസിച്ചത്. വള്ളങ്ങളും മൃഗങ്ങൾ വലിക്കുന്ന വണ്ടികളും ചരക്കുഗതാഗതത്തിന് ഉപയോഗിക്കപ്പെട്ടു. പില്ക്കാലത്ത് പത്തേമാരികളും പായ്ക്കപ്പലും നിർമ്മിക്കാനുള്ള സാങ്കേതികജ്ഞാനം നേടിയതോടെ കടൽത്തീരങ്ങളിൽ വൻനഗരങ്ങൾ ഉയർന്നുവന്നു.

18-ാം ശ.-ത്തിന്റെ ആരംഭത്തിൽ ആവിയന്ത്രങ്ങളുടെ ആവിർഭാവം ഉത്പാദനരംഗത്ത് വലുതായ കുതിച്ചുചാട്ടത്തിന് കളമൊരുക്കി. ഓട്ടോമൊബൈലുകൾ, യന്ത്രവത്കൃത ജലയാനങ്ങൾ, തീവണ്ടികൾ തുടങ്ങിയവയിലൂടെ കൈവന്ന സഞ്ചാര-ചരക്കുനീക്ക സൗകര്യങ്ങൾ ഉത്പന്നങ്ങൾക്ക് വ്യാപകമായ വിപണനസ്വാതന്ത്ര്യം ഉറപ്പുവരുത്തി. ഇത് ഉത്പാദനമേഖലയുടെ ഗവേഷണപരമായ വികസനത്തിന് ആക്കം കൂട്ടി. പ്രാദേശികതലത്തിൽ ഒതുങ്ങിയിരുന്ന ഉത്പന്നങ്ങൾ പോലും വിദേശക്കമ്പോളങ്ങളിൽ വിപണന സാധ്യത ആർജിച്ചത് അടിസ്ഥാനപരമായ ഉത്പാദനമേഖലയ്ക്ക് പതിന്മടങ്ങ് ഊർജ്ജം പകർന്നു. ഒപ്പംതന്നെ തൊഴിലാളികളുടെ വേതനവ്യവസ്ഥയും ജീവിതനിലവാരവും സാമാന്യമായ അളവിൽ മെച്ചപ്പെട്ടു. നഗരജീവിതം താരതമ്യേന സുഖസമൃദ്ധവും സന്തുഷ്ടവുമായി മാറി. ഇതിനു സമാന്തരമായി, യന്ത്രവത്കൃത സമ്പ്രദായങ്ങൾ, ഉത്പാദിത വളങ്ങൾ തുടങ്ങിയവയെ ആശ്രയിച്ച് കാർഷികമേഖലയിലും മുന്നേറ്റമുണ്ടായി. വിളവ് ഇരട്ടിച്ചു. കൃഷിനിലങ്ങളിൽ അധ്വാനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. ഫലത്തിൽ, കാർഷികമേഖലയിൽ തൊഴിൽമാന്ദ്യം ഉണ്ടായി.

നഗരപ്രാന്തങ്ങളിലെ നിവാസികൾ കാർഷികേതരവൃത്തികളിൽ ആകൃഷ്ടരായി നഗരങ്ങളിലേക്കു ചേക്കേറുന്ന അവസ്ഥയാണ് തുടർന്നുണ്ടായത്. തൊഴിലുറപ്പിനും മെച്ചപ്പെട്ട വേതനത്തിനുമൊപ്പം സമ്പുഷ്ടമായ ജീവിതസൌകര്യവും നഗരത്തിന്റെ ആകർഷകഘടകമായിരുന്നു. തൊഴിലാളികളുടെ അനുസ്യൂതമായ പ്രവാഹം തൊഴിലുടമകൾക്ക് തങ്ങളുടെ പ്രവർത്തനരംഗം വികസിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരണയായി. ഉത്പാദന മേഖലയുടെ നാനാമുഖമായ വികാസമാണ് പിന്നീടുണ്ടായത്. അതോടൊപ്പം തൊഴിലവസരങ്ങൾ ശതഗുണീഭവിച്ചത് നഗരത്തിലേക്കുള്ള ജനപ്രവാഹത്തിന് ആക്കം കൂട്ടി. ഇതുമൂലം നഗരങ്ങളിലെ ജനസംഖ്യ അസാമാന്യമായി വർധിച്ചു. പുതുതായി കുടിയേറിയവർക്ക് പാർപ്പിടസൗകര്യം ലഭ്യമാക്കേണ്ടതും അവർക്കുവേണ്ട സേവനസൗകര്യങ്ങൾ വിപുലീകരിക്കേണ്ടതും നഗരത്തിന്റെ ആവശ്യമായി മാറി. ഉത്പാദനമേഖലയിലെന്നപോലെ മറ്റു സേവനപരമായ തൊഴിലുകളിലും ഏറ്റമുണ്ടായി. ഗതാഗത-വാർത്താവിനിമയ രംഗങ്ങളിലെ പുരോഗതിയും അസാമാന്യമായിരുന്നു. നഗരങ്ങൾ ക്രമാതീതമായി വികസിക്കുകയും വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്ന ആഗോള പ്രതിഭാസമാണ് 19-ഉം 20-ഉം ശതകങ്ങളിൽ ദൃശ്യമായത്. ഈ പ്രവണത വർധിച്ച തോതിൽ ഇപ്പോഴും തുടർന്നുവരികയുമാണ്.

ഭൗതിക ഘടകങ്ങളും പരിസ്ഥിതിയും

ഉത്പാദന മേഖലയുടേതിന് ആനുപാതികമായി നഗരവികസനത്തിൽ ഭൂപരമായ സവിശേഷതകളും പരിസ്ഥിതിയും നിർണായക സ്വാധീനം പുലർത്തുന്നു. ഉത്പാദനമേഖലയുടെ വളർച്ചയും തളർച്ചയും ഒരളവുവരെ നിർണയിക്കുന്നത് വ്യവസായാവശ്യങ്ങൾക്കുള്ള അസംസ്കൃതസാധനങ്ങളുടെ ലഭ്യതയാണ്; ഇക്കൂട്ടത്തിൽ പ്രകൃതിലഭ്യ വസ്തുക്കൾക്ക് മുന്തിയ സ്ഥാനമാണുള്ളത്. എല്ലാ നഗരങ്ങൾക്കും ശുദ്ധജലത്തിന്റെ നിർലോപമായ ആവശ്യമുണ്ട്. പൗരാണിക നഗരങ്ങളിൽ ഏറിയവയുടെയും സ്ഥാനം നദീതീരങ്ങളിലായിരുന്നു. അനുകൂലമായ കാലാവസ്ഥ മറ്റൊരു സുപ്രധാന ഘടകമാണ്. ഭൂപരമായ സവിശേഷതകൾക്കും പ്രാധാന്യമുണ്ട്. ഉച്ചാവചം (relief) കുറഞ്ഞ് പൊതുവേ നിരപ്പായ ഭൂപ്രകൃതി, നഗരത്തെ തഴുകിയൊഴുകുന്ന നദികൾ, സമൃദ്ധവും വിശാലവുമായ ജലാശയങ്ങൾ, വാസ്തു ശിലാസമ്പന്നമായ ശിലാഘടന, സസ്യജാലങ്ങളുടെ സമൃദ്ധമായ വളർച്ചയ്ക്കുതകുന്ന വളക്കൂറുള്ള മണ്ണിനങ്ങൾ തുടങ്ങിയവയൊക്കെ നഗരവികസനത്തിന് അനുകൂലമായ പരിസ്ഥിതിയൊരുക്കുന്നു. ധാതുസമ്പന്നമായ പ്രാന്തമേഖലകൾ മറ്റൊരു ആനുകൂല്യമാണ്. മൊത്തത്തിൽ, പറഞ്ഞാൽ ഭൂപ്രകൃതിയും കാലാവസ്ഥയുമുൾപ്പെടെയുള്ള പരിസ്ഥിതിഘടകങ്ങളുടെ ആനുകൂല്യമാണ് ഏതൊരു നഗരത്തിന്റെയും ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് അടിത്തറ പാകുന്നത്.

സാമൂഹിക സുസ്ഥിരത

ജനങ്ങളിൽ സ്ഥിരോത്സാഹം, സമ്പാദ്യശീലം, സഹിഷ്ണുത, സഹകരണ മനസ്ഥിതി, പൌരബോധം, സാമൂഹിക അവബോധം തുടങ്ങിയ സാംസ്കാരിക ഘടകങ്ങൾ എത്രകണ്ടു ശക്തമായി വേരൂന്നുന്നുവെന്നത് അവരുടെ അധിവാസകേന്ദ്രമായ നഗരത്തിന്റെ വികസനത്തിൽ ഗണ്യമായ പ്രഭാവം ചെലുത്തുന്നു. ആധുനിക നഗരങ്ങളിലെ ക്രമസമാധാനം നിലനില്ക്കുന്നത് ജനങ്ങളുടെ പൗരബോധം, സഹകരണം, ഐക്യദാർഢ്യം എന്നിവയുടെ നിലവാരമനുസരിച്ചാണ്. വെള്ളം, വെളിച്ചം തുടങ്ങിയ അവശ്യസാധനങ്ങളുടെ സന്തുലിതമായ വിതരണത്തിന് ജനങ്ങളുടെ ഉപഭോഗനിയന്ത്രണത്തെയും സർവാത്മനായുള്ള സഹകരണത്തെയും ആശ്രയിക്കാതെവയ്യ. പൊതുജനാരോഗ്യപാലനത്തിന്റെയും ശുചിത്വസംരക്ഷണത്തിന്റെയും അളവുകോൽ പൌരന്മാരുടെ സാമൂഹിക അവബോധമായി മാറിയിരിക്കുന്നു.

ജനപ്പെരുപ്പം

ആധുനിക ജീവിത സൗകര്യങ്ങളുടെയും ചികിത്സാസൗകര്യങ്ങളുടെയും ഫലമായി മരണനിരക്ക്, പ്രത്യേകിച്ച് ശിശുമരണനിരക്ക് കുറയുകയും ജനസംഖ്യ പെരുകുകയും ചെയ്തു. അതിനൊത്ത് കൃഷിയിടങ്ങൾ വർധിക്കാത്തത് കൂടുതൽപേരെ നഗരങ്ങളിൽ തൊഴിൽതേടിയെത്താൻ പ്രേരിപ്പിച്ചു. ഇത് നഗരങ്ങളിലെ ജനസംഖ്യയിൽ വൻ വർധനവിനിടയാക്കി. നഗരങ്ങൾ സാധാരണയായി നാനാജാതിമതസ്ഥരായ ജനങ്ങളുടെ സംഗമവേദിയാണ്. വൈരുദ്ധ്യങ്ങൾ മറന്ന്, കൂട്ടായ്മയും ഐക്യവും നിദർശിപ്പിക്കുവാൻ നഗരവാസികൾ നിർബന്ധിതരാണ്. ഇതുമൂലം ജനങ്ങളുടെ സാംസ്കാരിക വൈജാത്യത്തിൽ അയവുണ്ടാകുന്നു. വിശ്വാസപ്രമാണങ്ങളും അനുഷ്ഠാനകർമങ്ങളും കർക്കശമായി പാലിക്കാത്ത ഒരു പുതിയ സമൂഹം സംസൃഷ്ടമാകുന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളെയും നടപടിക്രമങ്ങളെയും മുറുകെപ്പിടിക്കുന്ന ജനവിഭാഗങ്ങൾ നഗരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടാവാം. ഇവർക്കിടയിൽ, ന്യൂനപക്ഷമായി, ഇതര ചിന്താഗതിയിലുള്ള വിഭാഗങ്ങൾ പാർക്കുന്നുണ്ടാവാം. ഇത്തരം പ്രദേശങ്ങളിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നതും തുടർന്ന് നഗരപുരോഗതിയെപ്പോലും ബാധിച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നതും ആധുനികനഗരങ്ങളിൽ സാധാരണമാണ്.

പ്രാചീന നഗരങ്ങൾ.

ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നായ സുമേറിയയിലെ ഉർ

ശിലായുഗകാലത്തെ ഗ്രാമാധിവാസങ്ങൾ നൂറ്റാണ്ടുകൾ നീണ്ട വളർച്ചയിലൂടെയാണ് നഗരങ്ങളായി വളർന്നത്. ഭൂമുഖത്തെ ഏറ്റവും പ്രാചീനമായ നഗരങ്ങൾ ക്രിസ്തുവിന് 3500 വർഷം മുമ്പ് സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായി യൂഫ്രടിസ്-ടൈഗ്രിസ് നദീതടത്തിൽ രൂപംകൊണ്ടതായി അനുമാനിക്കപ്പെടുന്നു. നൈൽതടത്തിലെ ഗ്രാമങ്ങൾ സംയോജിച്ച് ബി.സി. 3000-ത്തോടടുത്ത് ഈജിപ്തിലെ ആദ്യകാല നഗരങ്ങളുണ്ടായി. ബി.സി. 2500-ൽ സിന്ധുനദീതടത്തിലെ നഗരങ്ങൾ സംസ്കാരകേദാരങ്ങളായി പരിലസിച്ചിരുന്നു. ചൈനയിലും ഏതാണ്ട് ഇതേ കാലത്താണ് ആദ്യമായി നഗരങ്ങൾ ഉയിർത്തത്. ക്രിസ്തുവിന് 200 വർഷം മുമ്പ് മയാ-ഇങ്കാ സംസ്കാരങ്ങളുടെ ഭാഗമായി മധ്യഅമേരിക്കയിൽ നഗരാധിവാസങ്ങൾ പുഷ്ടിപ്പെട്ടിരുന്നു; ഇവയാണ് പശ്ചിമാർധഗോളത്തിലെ ആദ്യ നഗരങ്ങൾ.

പ്രാചീന നഗരങ്ങളുടെ പ്രധാന സവിശേഷതകൾ ഗ്രാമാധിവാസങ്ങളെ അപേക്ഷിച്ചുള്ള വലിപ്പത്തിനു പുറമേ, ആരാധനാലയങ്ങൾ, ജനങ്ങൾക്ക് ഒത്തുചേരുവാൻപാകത്തിലുള്ള വിശാലമായ മണ്ഡപങ്ങൾ, ധാന്യസംഭരണത്തിനുതകുന്ന ബൃഹത്തായ പണ്ടികശാലകൾ, ആയുധപ്പുരകൾ എന്നിവയുടെ അവശ്യസാന്നിധ്യമായിരുന്നു. ഏകോപിത രീതിയിൽ ശത്രുക്കളെ എതിരിടുവാനുതകുന്ന കേന്ദ്രീകൃത സങ്കേതങ്ങളായാണ് നഗരങ്ങളെ വികസിപ്പിച്ചിരുന്നത്. ഇവിടത്തെ ജീവസന്ധാരണമാർഗങ്ങൾ ഗ്രാമങ്ങളിലേതിൽനിന്ന് തുലോം വ്യത്യസ്തമായി കാർഷികേതര വൃത്തികളായിരുന്നു. ഇതിന്റെ ഫലമായി ഒരു വ്യതിരിക്ത വർത്തകസമൂഹം നിലവിൽവന്നു. ഇക്കൂട്ടരുടെ, താരതമ്യേന അധ്വാനം കുറഞ്ഞ സുഖകരമായ ജീവിതക്രമം ഗ്രാമങ്ങളിലെ ജനങ്ങളെ പട്ടണത്തിലേക്ക് ആകർഷിച്ചുപോന്നു. കൈത്തൊഴിലുകളുടെയും കരകൗശലവിദ്യയുടെയും അഭൂതപൂർവമായ വളർച്ചയ്ക്ക് പട്ടണങ്ങൾ കളമൊരുക്കി.

പ്രാചീന നഗരങ്ങളുടെ വ്യാപ്തി കേവലം 2 - 2.5 ച.കി.മീ. മാത്രമായിരുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും നഗരത്തിലെ പ്രധാന ജലസ്രോതസ്സിനു ചുറ്റുമായി അധിവാസം ഉറപ്പിച്ചുപോന്നു.

പര്യാപ്തമായ വിതരണസംവിധാനത്തിന്റെ അഭാവംമൂലം തങ്ങൾക്കാവശ്യമായ വെള്ളം ശേഖരിച്ചും സ്വയം ചുമന്നും വീടുകളിലെത്തിക്കുന്നത് പട്ടണവാസികളുടെ ദിനചര്യകളിൽ ഉൾപ്പെട്ടിരുന്നു. (സിന്ധുനദീതട നഗരങ്ങളിൽ ജലവിതരണത്തിനും നിർഗമനത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.) അക്വിഡക്റ്റുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളിലൂടെ ദൂരെയുള്ള സ്രോതസ്സുകളിൽനിന്ന് ജലം ലഭ്യമാക്കിയതുവഴി പല പ്രാചീന നഗരങ്ങൾക്കും വൻ വളർച്ച നേടാനായി. 10 ച.കി. മീറ്ററിലേറെ വ്യാപ്തി ഉണ്ടായിരുന്ന റോമാനഗരത്തിന്റെ പുരോഗതി പൂർണമായും അക്വിഡക്റ്റുകളെ ആശ്രയിച്ചായിരുന്നു . കുന്നുകളുടെ പുറംചരിവുകൾ (ഉദാ. ആഥൻസ്), കുന്നുകൾ ചൂഴ്ന്ന് സുരക്ഷിതമായ ഇടം (ഉദാ. റോം), നദീശാഖകൾക്കിടയ്ക്കുള്ള പ്രദേശം (ഉദാ. മെസപ്പൊട്ടേമിയ) എന്നിങ്ങനെ ഭൂരൂപങ്ങളൊരുക്കുന്ന നൈസർഗിക പ്രതിരോധം അവലംബിച്ചാണ് മിക്ക പ്രാചീന നഗരങ്ങളും വികസിച്ചിരുന്നത്. ശത്രുക്കളെ പ്രതിരോധിക്കുവാൻ വൻ മതിലുകളും കോട്ടകൊത്തളങ്ങളും നിർമ്മിക്കുന്ന പതിവും ഉണ്ടായിരുന്നു. പ്രാചീന നഗരങ്ങൾ നേരിട്ടിരുന്ന മുഖ്യ പ്രശ്നം ശുചിത്വപാലനത്തിനുള്ള സംവിധാനമില്ലായ്മയാണ്. തലങ്ങും വിലങ്ങും നിർമ്മിക്കപ്പെട്ടിരുന്ന പാതകൾ അഴുക്കുചാലുകളായിമാറി ജനസാമാന്യത്തെ സാംക്രമിക രോഗങ്ങൾക്കും കൂട്ടമരണത്തിനും ഇരയാക്കുന്നത് പ്രാചീന നഗരങ്ങളിൽ സാധാരണമായിരുന്നു.

പ്രാക്കാല നഗരങ്ങളിലെ ജനസംഖ്യ സാധാരണ ഗതിയിൽ 10,000 കവിഞ്ഞിരുന്നില്ല. നൈസർഗികവും വർഗപരവുമായ സാജാത്യംമൂലം നഗരവാസികൾക്കിടയിൽ ആരാധന, അനുഷ്ഠാനകർമങ്ങൾ, സാംസ്കാരിക സവിശേഷതകൾ, സാമൂഹിക ക്രമം തുടങ്ങിയവയിൽ ഏകതാനത (homogeneity) നിലനിന്നുപോന്നു. കാലക്രമേണ, യുദ്ധത്തടവുകാരായി പിടിച്ച്, വിവിധ തൊഴിലുകളിൽ വിന്യസിക്കപ്പെട്ടവരും വിദൂരങ്ങളിൽനിന്ന് തൊഴിൽ സമ്പാദനത്തിനായി ചേക്കേറിയവരുമായി വിഭിന്ന സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങൾ തദ്ദേശീയരുമായി കൂടിക്കലരാനിടയായത് ഈ ഏകതാനതയ്ക്ക് ഭംഗം വരുത്തി. ഭൂമിയുടെയും പണിശാലകളുടെയും ഉടമകൾ, അധികാരസ്ഥാനീയർ, മതപുരോഹിതർ, യോദ്ധാക്കൾ തുടങ്ങി തദ്ദേശീയരായ വരേണ്യവർഗവും താഴേക്കിടക്കാരായി വ്യവഹരിക്കപ്പെട്ട തൊഴിലാളികൾ, കരകൌശലവിദഗ്ദ്ധർ, വർത്തകർ, കർഷകർ തുടങ്ങിയ വിഭാഗങ്ങളും നഗരജനതയ്ക്കിടയിലെ വ്യതിരിക്ത ചേരികളായിത്തീർന്നു. കാലാകാലങ്ങളിൽ പുറമേനിന്നുള്ള ആക്രമണങ്ങളുടെ ഫലമായുണ്ടായ ഭരണപരമായ മാറ്റങ്ങൾ, വർഗസങ്കരം തുടങ്ങിയവ വഴി വരേണ്യവർഗം കൂടുതൽ പ്രമത്തരായി. തഴച്ചുവളർന്ന അടിമവ്യാപാരവും തൊഴിലാളികളോടുള്ള നയവും താഴേത്തട്ടിലുള്ളവരെ കൂടുതൽ തളർത്തുകയും ചെയ്തു. നഗരത്തിലെ ജീവിതസൌഭാഗ്യങ്ങളിൽ മിക്കവയും അധ്വാനവർഗത്തിന് അപ്രാപ്യമായി മാറി.

മധ്യകാല നഗരങ്ങൾ

പതിനഞ്ചാം നൂറ്റാണ്ടിലെ നുർൻബെർഗ് (ജർമനി)

റോമാസാമ്രാജ്യത്തിന്റെ പതന(എ.ഡി. 476)ത്തെത്തുടർന്ന് എ.ഡി. 1500 വരെയുള്ള കാലയളവിനെയാണ് മധ്യകാലഘട്ടം (Medieval period) എന്നു വിശേഷിപ്പിക്കാറുള്ളത്. പ്രതാപകാലത്ത് യൂറോപ്പിന്റെയും മധ്യ പൗരസ്ത്യദേശത്തിന്റെയും ഒട്ടുമുക്കാൽ ഭാഗങ്ങളും ഉത്തര ആഫ്രിക്കയിലെ കടൽത്തീരമേഖലകളും റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തെമ്പാടും തലങ്ങും വിലങ്ങും രാജപാതകൾ നിർമ്മിക്കുന്നതിലും തന്ത്രപരമായ സ്ഥാനങ്ങളിലെല്ലാം നഗരങ്ങൾ വളർത്തിയെടുക്കുന്നതിലും റോമൻ ഭരണാധികാരികൾ അതീവ ജാഗ്രത പുലർത്തിയിരുന്നു. സാമ്രാജ്യത്തിന്റെ പതനത്തെത്തുടർന്ന് ഈ നഗരങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന ശക്തമായ വ്യാപാരബന്ധത്തിൽ ഉലച്ചിലുണ്ടായി. നഗരവാസികളിൽ നല്ലൊരു ശതമാനം ഗ്രാമങ്ങളിൽ അഭയം തേടി. എ.ഡി. 4101000 കാലത്ത് മിക്ക നഗരങ്ങളിലെയും ജനസംഖ്യയിൽ ഗണ്യമായ ഇടിവുണ്ടായി. പുതിയ നഗരങ്ങൾ ഉണ്ടായില്ല. മുൻകാലങ്ങളിലെ വൻ കോട്ടകൾ സംരക്ഷിതമായി നിലനിന്നതുമൂലം മിക്ക പട്ടണങ്ങളുടെയും വ്യാപ്തി 2.5 ച.കി.മീറ്ററിൽ താഴെയായി തുടർന്നു. ഓരോ നഗരത്തിന്റെയും ഹൃദയഭാഗത്ത് ഉത്തുംഗങ്ങളായ കത്തോലിക്കാപ്പള്ളികൾ നിർമ്മിക്കപ്പെട്ടുവെന്നത് യൂറോപ്പിലെ മധ്യകാല നഗരങ്ങളുടെ സവിശേഷതയായിരുന്നു. റോമാസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന നഗരങ്ങൾ പ്രസക്ത കാലയളവിൽ സാംക്രമികരോഗങ്ങളുടെ ഈറ്റില്ലങ്ങളായി വർത്തിച്ചു. ഇവിടങ്ങളിൽ രോഗവ്യാപനത്തിലൂടെ കൂട്ടമരണം സംഭവിക്കുന്നത് സാധാരണമായിരുന്നു. ഭൂമിയുടെ ദുർലഭ്യതയും താങ്ങാനാവാത്ത വിലയും കാരണം, രണ്ടോ അതിലേറെയോ നിലകളിലുള്ള പാർപ്പിടസമുച്ചയങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടിരുന്നു. ക്രമേണ ചുറ്റുമതിലുകളെ നിലനിർത്തിക്കൊണ്ടുതന്നെ അവയെ ഉല്ലംഘിച്ച് നഗരാധിവാസം വ്യാപിക്കുവാനും അങ്ങനെ നഗരങ്ങളുടെ വ്യാപ്തി വർധിക്കുവാനും സാഹചര്യമുണ്ടായി. പൌരസ്ത്യദേശങ്ങളിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങൾക്കിടയിൽ സുസ്ഥിരഭരണം നന്നേ അപൂർവമായിരുന്നത് നഗരങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. എങ്കിൽപ്പോലും പൗരസ്ത്യനഗരങ്ങളിലെ ജനസംഖ്യ യൂറോപ്യൻ നഗരങ്ങളിലേതിൽനിന്ന് വളരെ കൂടുതലായിരുന്നു. പാരിസ്(1,50,000), വെനീസ് (1,00,000), ലണ്ടൻ (40,000) എന്നിവ ഒഴികെ ഒട്ടുമിക്ക യൂറോപ്യൻ പട്ടണങ്ങളിലെയും ജനസംഖ്യ 10,000-ത്തിനും 15,000-ത്തിനും ഇടയ്ക്കായിരുന്നു.

മധ്യകാലഘട്ടത്തിലെ ജനജീവിതത്തിൽ മതം ശക്തമായ സ്വാധീനം പുലർത്തിയിരുന്നു. യൂറോപ്പിൽ ക്രിസ്തുമതവും മധ്യപൂർവദേശത്തും ആഫ്രിക്കൻ തീരങ്ങളിലും ഇസ്ലാംമതവും ഇന്ത്യ ഉൾപ്പെടെയുള്ള പൌരസ്ത്യദേശങ്ങളിൽ ബുദ്ധ-ഹിന്ദുമതങ്ങളും പ്രബലങ്ങളായി വർത്തിച്ചു. വിദ്യാഭ്യാസത്തിന്റെ ചുമതലയും മേൽനോട്ടവും മതാധികാരികളാണ് കയ്യാളിയിരുന്നത്. മതപരമായ ആചാരങ്ങൾ കർശനമാക്കിയും അനുഷ്ഠാനകർമങ്ങൾ നിർബന്ധിതമാക്കിയും മതനിന്ദ നിഷ്ഠൂരമായ ശിക്ഷകൾക്കു വിധേയമാക്കിയും തങ്ങളുടെ മതത്തിന്റെ അധികാരം കൂട്ടുവാൻ മതാധികാരികൾ ഔത്സുക്യം കാട്ടി. ഇതര മതങ്ങളിൽപ്പെട്ട ന്യൂനപക്ഷങ്ങളെ ക്രൂരമായ പീഡനങ്ങൾക്കു വിധേയരാക്കി. വരേണ്യവർഗത്തിന് പ്രത്യേക ആനുകൂല്യങ്ങൾ നല്കി അക്കൂട്ടരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് പൌരോഹിത്യവർഗം ആധിപത്യം നിലനിർത്തിയത്. ഇക്കാരണത്താൽ നഗരത്തിലെ അധ്വാനവർഗം നിന്ദിതരും പീഡിതരുമായി കഴിച്ചുകൂട്ടേണ്ട ദുരവസ്ഥ സംജാതമായി. ഈ കാലഘട്ടത്തിൽ കൈത്തൊഴിലുകൾക്കും കരകൌശലവിദ്യകൾക്കും യാതൊരുവിധ പ്രോത്സാഹനവും നല്കാഞ്ഞത് പരക്കെയുള്ള തൊഴിൽമാന്ദ്യത്തിനു വഴിയൊരുക്കി. രാജപാതകളുടെ ഇരുപുറവുമായി ചുറ്റുമതിലും വിശാലമായ ഉദ്യാനഭൂമിയുമുള്ള ഒറ്റപ്പെട്ട വലിയ മന്ദിരങ്ങളിലാണ് വരേണ്യർ വസിച്ചിരുന്നുത്. മറിച്ച് സ്ഥലപരിമിതിമൂലം അധ്വാനവർഗം ചെറു ഭവനങ്ങളിലും കുടിലുകളിലും ചേരികളിലുമായി അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പാർക്കേണ്ടിവന്നു. ആധുനിക നഗരങ്ങളുടെ തീരാശാപമായി അവശേഷിക്കുന്ന ചേരികളുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു.

നഗരങ്ങളിലെ സമ്പന്നവർഗം ക്രമേണ ഗ്രാമങ്ങളിലെ കൃഷിഭൂമികളുടെമേലും ഉടമാവകാശം സ്ഥാപിച്ചെടുത്തു. പ്രാന്തമേഖലകളിൽ വിളയിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും ഇതര കാർഷികോത്പന്നങ്ങളും നഗരങ്ങളിലെ ആവശ്യത്തിന് ബലമായി പിടിച്ചെടുക്കുന്ന സമ്പ്രദായവും വ്യാപകമായി. തുടർന്ന് ഗ്രാമങ്ങൾ ദുർഭിക്ഷതയുടെ പിടിയിലമർന്നു. ഇതിന്റെ ഫലമായി നഗരങ്ങളിലേക്ക് തൊഴിൽ തേടിയുള്ള കുടിയേറ്റം വൻ തോതിലായി. പാശ്ചാത്യനാടുകളിൽനിന്ന് വ്യത്യസ്തമായി മധ്യ പൂർവദേശങ്ങളിലെയും പൌരസ്ത്യനാടുകളിലെയും സ്ഥിതി ഇതിൽനിന്ന് തുലോം വിഭിന്നമായിരുന്നു. ഗ്രാമോത്പന്നങ്ങളുടെ വിപണനകേന്ദ്രമെന്നതിനു പുറമേ, കരകൌശലവസ്തുക്കളുടെയും കൈത്തൊഴിൽ നിർമിത ഉത്പന്നങ്ങളുടെയും വ്യാപാരത്തിലും പ്രസക്ത മേഖലകളിലെ നഗരങ്ങൾ മുൻപന്തിയിലായിരുന്നു. പൂർവദേശത്തെ വർത്തകർ വൻകരയിലെ മറ്റു നഗരങ്ങളുമായുള്ള വ്യാപാരബന്ധത്തിനുപുറമേ, തങ്ങളുടെ ഉത്പന്നങ്ങൾ കടലിനക്കരെയുള്ള വിദൂരദേശങ്ങളിൽപ്പോലുമെത്തിച്ച് വിപണനം നടത്തുന്നതിനുള്ള ഉദ്യമങ്ങൾ ഫലവത്താക്കി. നഗരങ്ങൾ സമ്പത്സമൃദ്ധങ്ങളായി. വരേണ്യവർഗത്തിനും പണിയാളുകൾക്കുമിടയിൽ ധനശേഷിയുള്ള ഒരു മധ്യവർഗം പ്രാബല്യം നേടി.


ഉത്പന്നങ്ങളുടെ കാര്യത്തിൽ തൊഴിലാളികൾ ചെലുത്തിയ ഗവേഷണപരമായ താത്പര്യത്തിന്റെ ഫലമായി നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്കും നവംനവങ്ങളായ വസ്തുക്കളുടെ ഉത്പാദനത്തിനും വഴിയൊരുങ്ങി. കാറ്റിന്റെയും നീരാവിയുടെയും ശക്തി ഉപയോഗിച്ച് ചെറുകിട യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുവാനും യന്ത്രനിർമിതമായി വസ്തുക്കൾ ഉത്പാദിപ്പിക്കുവാനുമുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വെടിമരുന്ന്, യന്ത്രവത്കൃത ഘടികാരങ്ങൾ, കടലാസ്, സോപ്പ്, അച്ചടിയന്ത്രം തുടങ്ങിയവ വിപണിയിലെത്തി. ഒപ്പം കിടാരങ്ങൾ, വീപ്പ തുടങ്ങി വൈയവസായികാവശ്യത്തിനും ഉത്പന്നക്കൈമാറ്റത്തിനുമുതകുന്ന വലിപ്പമേറിയ സംഭരണികളും നിർമ്മിക്കപ്പെട്ടു. ഇതോടെ ദ്രവോത്പന്നങ്ങൾ വിദൂരങ്ങളിലെത്തിച്ച് വിപണനം ചെയ്യാനായി. അച്ചടിതന്ത്രം വികസിച്ചതോടെ ഉത്പാദനരീതികൾ, വിപണനസാധ്യതകൾ, വിപണികൾ എന്നിവയെ സംബന്ധിച്ച വിവരവിനിമയം വ്യാപകമായി. ഫലത്തിൽ ഉത്പാദനരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങി. ഇതോടൊപ്പമുണ്ടായ സാമ്പത്തികനേട്ടം പുനർനിക്ഷേപിച്ച് ഉത്പാദകർക്കും വർത്തകർക്കും തങ്ങളുടെ പ്രവർത്തനമേഖലകളെ വൻതോതിൽ വികസിപ്പിക്കുവാൻ കഴിഞ്ഞു. അച്ചടി സാധ്യമാക്കിയ വിജ്ഞാനവികാസം ശാസ്ത്രത്തിന്റെ കുതിപ്പിനിടയാക്കി. പുതിയ കണ്ടുപിടിത്തങ്ങളെ ആശ്രയിച്ച് കരകൌശലവിദഗ്ദ്ധരും ഉത്പാദകരും നവംനവങ്ങളായ ഉപഭോഗവസ്തുക്കളും ചെറുകിടയന്ത്രങ്ങളും വൻതോതിൽ നിർമിച്ചെത്തിക്കാനും വ്യാപാരികൾ തങ്ങളുടെ ശൃംഖല വികസിപ്പിച്ച് അവയുടെ വൻതോതിലുള്ള വിപണനം നിർവഹിക്കാനും മുൻകൈയെടുത്തു. മധ്യവർഗത്തിന് സാമ്പത്തികമണ്ഡലത്തിലും സാമൂഹിക പദവികളിലും ആധിപത്യമുറപ്പിക്കാനായി എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഭരണപരമായ കാര്യങ്ങളിൽ തങ്ങൾക്കു പങ്കാളിത്തമുണ്ടാവണമെന്ന അവബോധം നഗരവാസികളിൽ രൂഢമൂലമായത് മധ്യകാലഘട്ടത്തിന്റെ അന്ത്യശതകങ്ങളിലായിരുന്നു.

മധ്യകാല നഗരങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത അവയുടെ വാസ്തുശില്പചാരുതയാണ്. ഭരണം കയ്യാളിയിരുന്ന സമ്രാട്ടുകളും ശക്തരായ രാജാക്കന്മാരും തങ്ങളുടെ പ്രൗഢി വിളംബരം ചെയ്യാൻ അധികവും ആശ്രയിച്ചുപോന്നത് വാസ്തുശില്പനിർമിതിയെയാണ്. മധ്യപൂർവദേശത്തും ഇന്ത്യയിലും ഇതര പൗരസ്ത്യരാജ്യങ്ങളിലും അക്കാലത്തെ പ്രൗഢഗംഭീരവും അതിമനോഹരങ്ങളുമായ വാസ്തുസവിശേഷതകൾ ഇന്നും അഭംഗുരം നിലനില്ക്കുന്നു. തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ആയിരക്കണക്കിന് അടിമകളുടെ ചോര നീരാക്കിയാണ് ഈ ശില്പമാതൃകകൾ നിർമിച്ചതെങ്കിലും നഗരസൗന്ദര്യത്തിന് രാജാക്കന്മാർ നല്കിയ സംഭാവനകളെ കുറച്ചുകാണാനാവില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ രാജ്യതലസ്ഥാനമായ സിറിയയിലെ ദമാസ്കസ് പോലും ശില്പചാതുരിയുടെ ഉദാത്തമാതൃകകളാൽ സമ്പന്നമാണ്. ഭാരതത്തിലെ മധ്യകാല നഗരങ്ങൾ ഈ കാര്യത്തിൽ മുൻപന്തിയിലാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തെത്തുടർന്ന് യൂറോപ്പിലെ നഗരങ്ങളുടെ ഹൃദയഭാഗത്ത് കൂറ്റൻ കത്തോലിക്കാപള്ളികൾ പടുത്തുയർത്തിയത് കിഴക്കിന്റെ മാതൃക പിൻതുടർന്നായിരുന്നു.

ഗ്ദാൻസ്ക് പതിനേഴാം നൂറ്റാണ്ടിൽ

വ്യവസായ നഗരങ്ങൾ (Industrial cities)

ഗ്ലാസ്ഗോയിലെ ചേരി

മധ്യകാലഘട്ടത്തെത്തുടർന്നുള്ള മൂന്ന് ശതകങ്ങളിൽ ലോകമെമ്പാടുമുള്ള നഗരങ്ങൾ ക്രമാനുഗതമായ വളർച്ചനേടുകയുണ്ടായി. ഉത്പാദന, വിപണന വൃത്തികൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള അടിസ്ഥാന സമീപനമാണ് നഗരങ്ങളുടെ വളർച്ച ത്വരിപ്പിച്ചത്. വ്യവസായവിപ്ലവ(1700-1800)ത്തെത്തുടർന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള നഗരങ്ങളുടെ മുഖച്ഛായയ്ക്ക് സമൂലമായ മാറ്റമുണ്ടായി. വൻകിട ഉത്പാദനം തരപ്പെടുത്തുന്ന യന്ത്രവത്കൃത വ്യവസായശാലകളുടെ ഈറ്റില്ലമായി മാറിയ നഗരങ്ങൾ സാമ്പത്തികാഭിവൃദ്ധിയിലേക്കു കുതിച്ചുകയറി. ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തവും വ്യാപകമായ ഉപയോഗവും വ്യവസായശാലകളിൽ മാത്രമല്ല ഗതാഗതസൗകര്യങ്ങളിലും വലുതായ വികാസം സൃഷ്ടിച്ചു. ആഗോളവാണിജ്യം തഴച്ചുവളരുന്നതിനും ആവിയന്ത്രങ്ങൾ ഉത്തേജകങ്ങളായി. എന്നാൽ വ്യവസായ വിപ്ലവത്തിന്റെ അലകൾ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളിൽ എത്തിപ്പെട്ടത് 19-ാം ശ.-ത്തിലാണ്. തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ എന്നീ വൻകരകളിലെ സ്ഥിതിയും ഇതുതന്നെയായിരുന്നു. കോളനിവാഴ്ചയുടെ പാരമ്യം ഈ വൻകരകളിലെ വ്യവസായപുരോഗതിക്കു കൂച്ചുവിലങ്ങായതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായത്.

തുടക്കത്തിൽ മധ്യകാല നഗരങ്ങളിലെ ചുറ്റുമതിലുകളെ അതിക്രമിച്ച് ബാഹ്യദിശകളിലേക്കു വികസിക്കുന്ന പ്രവണതയാണ് വ്യവസായ നഗരങ്ങൾക്കുണ്ടായിരുന്നത്. ക്രമേണ ഉത്പാദനശാലകളുടെ മതിയായ ശൃംഖല സ്ഥാപിക്കുവാൻപോന്ന തുറസ്സായ ഭൂപ്രദേശങ്ങളെ കേന്ദ്രീകരിച്ച് പുതിയ വ്യവസായനഗരങ്ങൾ ഉണ്ടായി. ഒന്നോ അതിലേറെയോ കൂറ്റൻ വ്യവസായശാലകളും അവയെ ആശ്രയിക്കുന്ന ചെറുകിട ഫാക്റ്ററികളും അവയ്ക്കു ചുറ്റിലുമായി നിബിഡാധിവാസങ്ങളും സേവനധർമങ്ങൾ നിർവഹിക്കുവാനുള്ള വാസ്തുസമുച്ചയങ്ങളുമാണ് വ്യവസായ നഗരത്തിന്റെ ആദ്യരൂപരേഖയിൽ ഉൾപ്പെടുന്നത്. ഊർജ്ജോത്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. വ്യവസായശാലകളോടടുത്ത് തൊഴിലാളിസമൂഹം ഇടതൂർന്ന് വസിച്ചുപോന്നു. ഇവർക്ക് മെച്ചപ്പെട്ട ആവാസ സൗകര്യം ലഭിച്ചിരുന്നില്ല. തൊഴിലുടമകളും വ്യാപാരികളുമടങ്ങുന്ന സമ്പന്നവർഗം ഫാക്റ്ററികളിൽനിന്നകന്ന് ഒറ്റപ്പെട്ട വിശാലഭവനങ്ങളിൽ പാർക്കുന്നതിനോടാണ് താത്പര്യം കാണിച്ചിരുന്നത്. ഇക്കൂട്ടരൂടെസേവനവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ സമ്പന്നരുടെ ഭവന നിരകൾക്കു പുറത്തായിപാർപ്പിടങ്ങളുറപ്പിച്ചു. കാലക്രമേണ ഈ അധിവാസമേഖല പ്രാപ്തരായ തൊഴിലാളികളുടെ ഒരു പുതിയ തലമുറ വാർത്തെടുക്കുന്നതോടെ ഉത്പാദകരുടെ ശ്രദ്ധ അങ്ങോട്ടു കേന്ദ്രീകരിക്കുകയും നഗരകേന്ദ്രത്തിനുപുറത്തായി വിവിധ വ്യവസായശാലകൾ ഉയിർക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ പലവുരു ആവർത്തിച്ചെന്നിരിക്കും. തത്ഫലമായി നഗരത്തിന്റെ വ്യാപ്തി വളരെയധികം വർധിക്കും. അപ്പോഴും പ്രസക്ത നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾക്ക് വ്യവസായ നഗരത്തിന്റെ സവിശേഷതകൾ ഉണ്ടായിരിക്കുകയും ചെയ്യും.

വരേണ്യവർഗം നഗരശല്യങ്ങൾ ഒഴിവാക്കുവാൻ പട്ടണമധ്യത്തുനിന്നകന്നുമാറി പാർപ്പുറപ്പിക്കുന്ന സമ്പ്രദായം വ്യവസായ നഗരങ്ങളുടെ സവിശേഷതയാണ്. ഈയിനം നഗരങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ശുചിത്വപരിപാലനമാണ്. മാലിന്യ നിർമാർജ്ജനം തടസ്സപ്പെട്ട് സാംക്രമികരോഗങ്ങൾ പൊട്ടിപ്പടരുന്നത് സാധാരണ സംഭവമായിരുന്നു. വ്യവസായശാലകളിലെ വിസർജ്യങ്ങൾ ജലസ്രോതസ്സുകളെ കളങ്കപ്പെടുത്തുകയും അന്തരീക്ഷവായുവിനെ മലീമസമാക്കുകയും ചെയ്യുന്നത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഫാക്റ്ററിവിസർജ്യങ്ങൾ കുന്നുകൂടുന്നതും നഗരത്തിനുള്ളിൽ കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനം നിർമ്മിക്കാനാവാത്തതും മറ്റു പോരായ്മകളിൽപ്പെടുന്നു. മതിയായ വേതനം ലഭിക്കാതെ ദരിദ്രരായിക്കഴിഞ്ഞിരുന്ന തൊഴിലാളിവർഗം, ജീവിതസൌകര്യങ്ങളുടെ അഭാവത്തിൽ, നന്നേ കഷ്ടപ്പെടുന്ന അവസ്ഥയാണ് മിക്ക വ്യവസായനഗരങ്ങളിലും ഉണ്ടായിരുന്നത്. 20-ാം ശ.-ത്തിൽ തൊഴിലാളികൾ അവകാശസമരങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പിച്ചെടുക്കുന്ന കാലംവരെ ഈ ദുഃസ്ഥിതി തുടർന്നിരുന്നു. എന്നിരിക്കിലും നഗരത്തിന്റെ പ്രശ്നങ്ങൾ സാങ്കേതിക പരിജ്ഞാനത്തിന്റെ മേല്ത്തട്ടിലെത്തിനില്ക്കുന്ന ഇക്കാലത്തും പരിഹൃതങ്ങളായിട്ടില്ല.

മാനഗരങ്ങൾ (Metropolitan cities)

20-ാം ശ.-ത്തിന്റെ അന്ത്യദശകമായപ്പോൾ ലോകത്ത് 10,000-ത്തിലേറെ ജനസംഖ്യയുള്ള 2,300 നഗരങ്ങളുണ്ടായിരുന്നു. ഇവയിൽത്തന്നെ 225 എണ്ണം പത്തുലക്ഷത്തിൽ കവിഞ്ഞ ജനസംഖ്യയുള്ള പ്രയുതനഗരങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരമായി ഗണിക്കപ്പെട്ട മെക്സിക്കോസിറ്റിയിൽ ഒരു കോടിയിലേറെ ജനങ്ങളുണ്ടായിരുന്നു. ആശങ്കാവഹമായ ജനപ്പെരുപ്പം കാണിച്ച മറ്റൊരു ഭൗമമേഖലയാണ് നഗരപ്രാന്തങ്ങൾ (Suburbs). നഗരാധിവാസങ്ങളുടെ എല്ലാ സവിശേഷതകളെയും ഉൾക്കൊണ്ടിരുന്ന ഈയിനം ജനസാന്ദ്രമായ സങ്കേതങ്ങൾ, പ്രയുതനഗരങ്ങളുടേതെന്നപോലെ, വളർന്നുകൊണ്ടിരുന്ന മിക്ക വൻനഗരങ്ങളുടെയും പ്രാന്തങ്ങളിൽ എണ്ണമറ്റയളവിൽ പെരുകിയിരുന്നു. ഈയിനം നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റി അഥവാ 'മാനഗരം' എന്നു വിശേഷിപ്പിക്കപ്പെട്ടു. (ഗ്രീക്ക് ഭാഷയിൽ മെട്രോപൊളിറ്റൻ എന്ന പദത്തിന് മാതൃനഗരം-ങീവേലൃ രശ്യ-എന്നാണ് അർഥം). ലോകത്തിലെ ഏറ്റവും വലിയ മാനഗരമായ മെക്സിക്കോസിറ്റിയിലെ ജനസംഖ്യ 1.9 കോടിയാണ്. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ആഗോളവ്യാപകമായുണ്ടായ ജനസംഖ്യാസ്ഫോടനമാണ് മാനഗരങ്ങൾ രൂപപ്പെടുന്നതിന് ഇടയാക്കിയത്. ജനപ്പെരുപ്പംമൂലം നഗരവാസികളിലെ ഗണ്യമായ വിഭാഗം നഗരപ്രാന്തങ്ങളിൽ പാർപ്പിടം കണ്ടെത്തുവാൻ നിർബന്ധിതരായി. ഇവർ സ്വാഭാവികമായി നാഗരികവൃത്തികളെ ആശ്രയിക്കുകയും നഗരത്തിലെ ജീവിതശൈലി തുടരുകയും ചെയ്തു. തുടർന്ന് പ്രാന്തീയ മേഖലയിൽ ഉപനഗരങ്ങൾ രൂപപ്പെടുവാനുള്ള പ്രവണതയുണ്ടായി. തറവില, നികുതി, അടിസ്ഥാനസൗകര്യം തുടങ്ങി ഉപഭോഗവസ്തുക്കളിൽ വരെ സിദ്ധിച്ച വിലക്കിഴിവ് എന്നിവ നഗരപ്രാന്തങ്ങളിലെ നിവാസികളെ, വിശിഷ്യ ഉത്പാദകരെ താരതമ്യേന സമ്പന്നരാക്കി മാറ്റി. ഇത് ഉപനഗരങ്ങളുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. പ്രായേണ ദുർഗമമായ ഭാഗങ്ങളിലേക്കുപോലും സുഗമമായ യാത്രാസൌകര്യം ഉറപ്പുവരുത്തിയ ഓട്ടോമൊബൈലുകൾ മാനഗരങ്ങളുടെ വളർച്ചയ്ക്ക് സാരമായ ഉത്തേജനം നല്കിയിട്ടുണ്ട്.

മാനഗരങ്ങളുടെ സവിശേഷത അവയുടെ മധ്യഭാഗത്ത് പഴയ നഗരം തനതായ പ്രൗഢിയോടെ പൂർവധർമങ്ങൾ ഉത്തരോത്തരം വികസിപ്പിച്ച് നിലകൊള്ളുന്നുണ്ടാവുമെന്നതാണ്. പ്രാന്തമേഖലയുടെ എല്ലാ ഭാഗത്തുനിന്നുമായി നല്ലൊരു വിഭാഗം ജനങ്ങൾ മധ്യമേഖലയിൽ പ്രവൃത്തിയെടുക്കുന്നുണ്ടാകും. നേരത്തേ പ്രവർത്തിച്ചിരുന്ന വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കും. മാനഗരത്തിന്റെ ഹൃദയഭാഗത്തെ പുരാതന ഭവനങ്ങളും വാസ്തുവിശേഷങ്ങളും മാറ്റമില്ലാതെ നിലനിന്നുപോരുന്നത് സാധാരണമാണ്. പാർപ്പിട സമ്പന്നതയിൽ പ്രാന്തീയമേഖല പ്രധാന നഗരത്തെ കടത്തിവെട്ടുന്നു. നഗരത്തിലെ സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗം പ്രധാന നഗരത്തിന്റെ ഒത്ത മധ്യത്തായിത്തന്നെ നിവസിക്കുന്നുണ്ടാവും. ഈ ഭാഗത്ത് ചേരികളും ചെറുഭവനങ്ങളും നിരനിരയായി അവശേഷിച്ചുകാണുന്നതും വിരളമല്ല. നഗരമധ്യത്തിലെ തെരുവുകൾ താരതമ്യേന ഇടുങ്ങിയവയാവും. പാതകളുടെ സ്ഥിതിയും വിഭിന്നമായിരിക്കില്ല. മാനഗരങ്ങളുടെ മധ്യഭാഗങ്ങളെ പൊതുവേ അന്തർനഗരം (inner city) എന്നു വിശേഷിപ്പിക്കാറുണ്ട്. അന്തർനഗരത്തിന്റെ വികസനം മിക്ക മാനഗരങ്ങളുടെയും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ്. പ്രാന്തമേഖലകളാവട്ടെ, ഇതിനു വിപരീതമായി വീതിയേറിയപാതകൾ, ആധുനിക നിലവാരത്തിലുള്ള ഭവനനിരകൾ, ശില്പചാരുതയേറിയ കൂറ്റൻ വ്യവസായശാലകൾ, അംബരചുംബികളായ ബഹുനിലഹർമ്മ്യങ്ങൾ, കളിസ്ഥലങ്ങൾ, വിനോദശാലകൾ, ഉദ്യാനങ്ങൾ തുടങ്ങിയവയെ ഉൾക്കൊണ്ടിട്ടുള്ള മനോജ്ഞമേഖലകളായി വികസിച്ചിട്ടുണ്ടാവും. പൊതുവേ, പ്രാന്തമേഖലയിലെ ഉപനഗരങ്ങൾക്ക് ആസൂത്രിതമായ വികസനമാണ് സിദ്ധിക്കുന്നത്.

മാനഗരങ്ങളുടെ നാനാദിശകളിലേക്കുമുള്ള വളർച്ച, ഭൂപ്രകൃതിയും ഗതാഗത-വാർത്താവിനിമയ വ്യവസ്ഥകളും അനുകൂലമായിരിക്കുമ്പോൾ സമീപസ്ഥങ്ങളായ സ്വതന്ത്രനഗരങ്ങളോളം വ്യാപിച്ചെന്നു വരാം; ഈ നഗരങ്ങളും ബാഹ്യദിശകളിലേക്കു വികസിക്കുന്നവയായിരിക്കാം. ഇതിന്റെ പരിസമാപ്തി എന്ന നിലയിൽ പ്രസക്ത നഗരങ്ങൾക്കിടയിലെ അന്യോന്യപ്രക്രിയകൾക്ക് ഏകതാനത കൈവരുന്നു. വ്യാപാര വാണിജ്യ ഇടപാടുകളിലും ഭരണമുൾപ്പെടെയുള്ള നയപരമായ വിഷയങ്ങളിലും ബന്ധപ്പെട്ട നഗരങ്ങൾ ഒരേ സ്വത്ത(entity)മായി പ്രവർത്തിച്ചുതുടങ്ങും. ഇമ്മാതിരിയുള്ള നഗരസമൂഹത്തെ മൊത്തത്തിൽ നഗരസമുച്ചയം (Conurbation) എന്നു വിശേഷിപ്പിക്കുന്നു. സാധാരണഗതിയിൽ ഒരു നഗരസമുച്ചയം രണ്ടിലേറെ സ്വതന്ത്ര നഗരങ്ങളുടെ സംയോജിതരൂപമായിരിക്കും. പ്രാന്തമേഖലയിൽ ഉരുത്തിരിയുന്ന ഉപനഗരങ്ങൾക്കല്ല പകരം തനതായി നിലവിൽവന്ന് വളർച്ചയുടെ പടവുകൾ കടക്കുന്ന സ്വതന്ത്ര നഗരങ്ങൾക്കാണ് നഗരസമുച്ചയത്തിൽ പങ്കാളിത്തമുള്ളത്; നഗരസമുച്ചയവും മാനഗരവും തമ്മിലുള്ള പ്രധാന വേർതിരിവും ഇതുതന്നെയാണ്.

ജനവിന്യാസം നഗരങ്ങളിൽ

വ്യവസായവിപ്ലവത്തിനുശേഷമുള്ള കാലഘട്ടത്തിൽ, ആഗോളതലത്തിൽ, നഗരങ്ങളിലെ ജനസംഖ്യ അനുസ്യൂതമായി പെരുകുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകജനതയിലെ 40%-ത്തിലേറെപ്പേർ നഗരങ്ങളിലാണുള്ളത്. 1945നുശേഷം നഗരമധ്യങ്ങളിലേതിനെക്കാൾ ജനപ്പെരുപ്പം കാട്ടുന്നത് നഗരപ്രാന്തങ്ങളും ഉപനഗരങ്ങളുമാണ്. ഈ ഭാഗങ്ങളിൽ അധിവസിക്കുന്ന ജനങ്ങളിൽ ഏറിയവരും മികച്ച പാർപ്പിടസൗകര്യം, വാഹനസമ്പത്ത്, ജീവസന്ധാരണത്തിന് ആവശ്യമുള്ളതിലും കവിഞ്ഞ ധനം തുടങ്ങിയവയുടെ ബലത്തിൽ സുഖസമൃദ്ധമായ ജീവിതം നയിക്കുന്നു. ഇവരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനാവുന്നു. നിരർഗളമായ സാമ്പത്തിക പ്രവൃദ്ധിയുടെയും സംഘടനാബലത്തിന്റെയും പശ്ചാത്തലത്തിൽ എല്ലാ മണ്ഡലങ്ങളിലുമുള്ള തൊഴിലാളികൾക്ക് സാമാന്യം ഉയർന്ന ജീവിതനിലവാരം ഉറപ്പായിട്ടുണ്ട്. പശ്ചിമ യൂറോപ്പിലെ രാജ്യങ്ങൾ, യു.എസ്., കാനഡ, ജപ്പാൻ എന്നിവിടങ്ങളിലെ മാനഗര പ്രാന്തങ്ങളിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ജീവിതശൈലി സ്വീകരിക്കപ്പെട്ടുകാണുന്നത്. ഈ സമ്പന്നതയുടെ ഇടയിലും ദരിദ്രജീവിതം നയിക്കുന്ന ഗണ്യമായ ഒരു സമൂഹം അവശേഷിക്കുന്നുണ്ടെന്നത് ഒരു ചരിത്രസത്യമായി നിലനില്ക്കുന്നു. സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ സാമ്പത്തികാന്തരം ലഘൂകരിക്കുകയെന്നത് മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന രൂക്ഷസമസ്യയാണ്. സാമ്പത്തികമായി താഴേത്തട്ടിൽ നില്ക്കുന്നവർ സർവാത്മനാ ശ്രമിച്ചാലും അഭിവൃദ്ധി നേടാനാവുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് മുന്തിയ വിദ്യാഭ്യാസം നല്കുവാനോ മികച്ച ഭാവി കരുപ്പിടിപ്പിക്കുവാനോ സാധാരണക്കാർക്കു കഴിയുന്നില്ല. ഭൂരിപക്ഷംപേർക്കും പരിമിത സൗകര്യമെങ്കിലുമുള്ള പാർപ്പിടങ്ങൾപോലും നിഷേധിക്കപ്പെടുന്നു.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരിൽ ഭൂരിപക്ഷവും നഗരത്തിന്റെ മധ്യഭാഗത്താണ് പാർക്കുന്നത്. ഇടതൂർന്ന ഭവനങ്ങളെ അനേകം കുടുംബങ്ങൾ പങ്കിട്ടുപയോഗിക്കുന്നത് സാധാരണമാണ്. പ്രധാന നഗരത്തിന്റെ ചുറ്റിലുമായി മധ്യവർഗക്കാർക്ക് പ്രാമാണ്യമുള്ള ഒരു മേഖല ഉണ്ടായിരിക്കും. ജനസാന്ദ്രത അല്പം കുറവായ ഈ ഭാഗങ്ങളിൽ ജീവിതസൌകര്യങ്ങളും നിലവാരവും താരതമ്യേന മെച്ചപ്പെട്ടു കാണുന്നു. പ്രധാന നഗരത്തിൽനിന്നുള്ള അകലത്തിനനുസരിച്ച് ഭവനങ്ങളുടെ വലിപ്പവും വാസ്തുസൗകുമാര്യവും ഭവനങ്ങൾക്കിടയ്ക്കുള്ള അകലവും ഏറിവരുന്നു.

20-ാം ശ.-ത്തിന്റെ ആരംഭത്തോടെയാണ് നഗരകേന്ദ്രത്തിൽനിന്ന് അകന്ന് താമസമുറപ്പിക്കുന്ന പ്രവണത രൂഢമായത്; രണ്ടാം ലോകയുദ്ധ(193945)ത്തിനുശേഷം ഇത് പൊതുസ്വഭാവമായി മാറി. തിരക്കുകുറഞ്ഞ ഇടങ്ങളിൽ വേണ്ടത്ര അകലങ്ങളിൽ പടുത്തുയർത്തുന്ന മാതൃകാഭവനങ്ങളിൽ, ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തി, നഗരജീവിതം ആസ്വദിക്കുന്നതിന് നഗരപ്രാന്തങ്ങൾ വൻതോതിൽ സൌകര്യമൊരുക്കി. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചികിത്സാകേന്ദ്രങ്ങൾ, വിനോദവിശ്രമ കേന്ദ്രങ്ങൾ തുടങ്ങി എല്ലാവിധ സേവന സംവിധാനങ്ങളും ഈ മേഖലയിൽ നിലവിൽവന്നു. ഏറ്റവുമൊടുവിൽ ഉത്പാദനശാലകളും ഉയർന്നുവന്നെങ്കിലും നഗരമധ്യത്തിലേതിനെക്കാൾ ആരോഗ്യകരവും ഉന്മേഷപ്രദവുമായ പരിസ്ഥിതി ഉറപ്പായിക്കഴിഞ്ഞിരുന്നതിനാൽ ജനജീവിതം സുഖകരമായി തുടർന്നുപോന്നു. ഇക്കാരണത്താൽ ഉപനഗരങ്ങൾ മധ്യനഗരത്തെക്കാൾ മികച്ചുനില്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപനഗരങ്ങളിൽ ഏറിയവയ്ക്കും ആസൂത്രിതമായ വികസനമാണ് സിദ്ധിച്ചിട്ടുള്ളതെന്നതും പ്രസ്താവ്യമാണ്.

നഗരങ്ങളുടെ സാമ്പത്തിക പ്രവൃദ്ധി

1700-ലും 1800-ലും വ്യവസായവിപ്ലവങ്ങളുടെ തുടർച്ചയായി സമ്പദ്വ്യവസ്ഥയിൽ ഉണ്ടായ കുതിച്ചുകയറ്റം സഹസ്രാബ്ദത്തിന്റെ അന്ത്യത്തോളം തുടർന്നുപോന്നു. കോളനിവാഴ്ച അവസാനിച്ച് സ്വാതന്ത്ര്യയുഗത്തിലേക്കു കടന്ന മൂന്നാംലോകരാഷ്ട്രങ്ങളിലെ നഗരങ്ങളിലും വ്യാപാരസ്വാതന്ത്ര്യത്തിന്റെ ലഭ്യതയോടെ സമ്പദ്പ്രവൃദ്ധി അനുഭവസിദ്ധമായി. സാങ്കേതികത്തികവിലേക്കുള്ള പ്രയാണവും ആഗോളവാണിജ്യരംഗത്തെ അഭൂതപൂർവമായ വികാസവും ലോകമെമ്പാടുമുള്ള നഗരങ്ങളുടെ സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനം നല്കി. മനുഷ്യവാസമുള്ള മേഖലകളുടെ മുക്കിലും മൂലയിലുമെല്ലാം ഉത്പാദനപ്രധാനമായ ചെറുനഗരങ്ങൾ ഉയിർക്കുന്നതും അവ ത്വരിതഗതിയിൽ വളരുന്നതും സാധാരണമായിരിക്കുന്നു. തുടക്കത്തിൽ ഉത്പാദനകേന്ദ്രങ്ങളായി ലോകപ്രശസ്തിയാർജിച്ചവ മാനഗരങ്ങളായി വളർന്ന്, തങ്ങളുടെ ഉത്പന്നങ്ങളുടെ തോതും നിലവാരവും വർധിപ്പിച്ച് പഴയ പ്രതാപം നിലനിർത്തുന്നു. രാജ്യാന്തര വ്യാപാരരംഗത്ത് പുതിയ ബന്ധങ്ങൾ ശക്തമായതോടെ വികസിത രാജ്യങ്ങളിലെ ചില വൻനഗരങ്ങൾ അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം നിമിത്തം ഉത്പാദനത്തിൽ കിഴിവുവരുത്തുവാനും അതിലൂടെ സാമ്പത്തികമാന്ദ്യത്തിന് അടിപ്പെടുവാനും ഇടയായിട്ടുള്ളതും പ്രസ്താവ്യമാണ്.

സമ്പദ്വൃദ്ധിയുടെ പാർശ്വഫലമായ സുഖലോലുപത ലോകമെമ്പാടുമുള്ള നഗരജനതയുടെ സാമൂഹികബോധം, ഐക്യത, സഹകരണമനോഭാവം, പരസ്പര വിശ്വാസം, സഹിഷ്ണുത, അധ്വാനശീലം തുടങ്ങി അവശ്യം ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങളെ വിനാശകരമായി തളർത്തിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നം. വരേണ്യവർഗം സ്വാർഥതാത്പര്യങ്ങൾക്കുമാത്രം വിലകല്പിച്ച് സുഖലോലുപതയുടെ മടിത്തട്ടിൽ നിരുത്തരവാദപരമായി ജീവിക്കുന്നു. അധികാരം കയ്യാളുന്ന മധ്യവർഗം വളർച്ചയുടെ വഴി മറന്ന്, സ്വയം മേൽത്തട്ടുകാരായി ഭാവിക്കുന്നു; തദനുസാരിയായ ജീവിതശൈലി സ്വീകരിച്ച് സ്വാർഥരും സ്ഥാനപ്രമത്തരുമായി മാറിയിട്ടുമുണ്ട്. അധ്വാനവർഗത്തിന്, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ പ്രായേണ വിജയിച്ചിട്ടുള്ളതിനാൽ സാമാന്യം മെച്ചപ്പെട്ട ജീവിതം കൈവന്നിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ സാർവത്രിക വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസവും പ്രാവർത്തികമായത് ഇക്കൂട്ടരെ സാമാന്യമായ അറിവും സാമൂഹിക അവബോധവും ഉള്ള പൌരന്മാരായി മാറ്റിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാവിതലമുറയ്ക്കു മുന്നേറാനുള്ള വഴികൾ അധികാരവർഗത്തിന്റെ സ്വാർഥപരമായ നടപടികൾമൂലം അടയുന്നു എന്ന ബോധം ഈ വിഭാഗത്തിന് തൊഴിലിനോടുണ്ടായിരുന്ന ആഭിമുഖ്യത്തിൽ സാരമായ കുറവുവരുത്തിയിരിക്കുന്നു. ഈ കൂറില്ലായ്മ ഉത്പാദനരംഗത്തെ അർബുദമായി വളർന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളിൽ (ഉദാ. ഇന്ത്യ) തൊഴിലാളികളുടെ പങ്കാളിത്തത്തോടെ തികച്ചും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പലതും ഭാരിച്ച നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഇതിന്റെ സ്പഷ്ടമായ ഉദാഹരണമാണ്. നഗരങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ വൻ തകർച്ചയിലേക്കാണ് ഈ പ്രവണത വിരൽചൂണ്ടുന്നത്.

ആധുനിക നഗരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ

ജനാധിവാസത്തിന്റെയും തന്മൂലം വ്യവസായം, ഗതാഗതം, വാർത്താവിനിമയം, സാമൂഹികക്ഷേമപ്രവർത്തനങ്ങൾ, ധനവിനിമയപ്രക്രിയകൾ, വാണിജ്യ ഇടപാടുകൾ, സാംസ്കാരിക സമീക്ഷ, ഭരണനിർവഹണം തുടങ്ങിയവയുടെയും സിരാകേന്ദ്രങ്ങളാണ് ലോകത്തിലെ വൻ നഗരങ്ങൾ; വിശിഷ്യ രാജ്യ തലസ്ഥാനങ്ങൾ. മുൻപന്തിയിൽ നില്ക്കുന്ന ഓരോ രാജ്യത്തിന്റെയും തലസ്ഥാനം കുറഞ്ഞത് പ്രയുതനഗരമെങ്കിലും ആയിക്കാണുന്നു. തങ്ങൾക്കിണങ്ങുന്ന ജീവനമാർഗ്ഗം കണ്ടെത്തി, സാമാന്യം മെച്ചപ്പെട്ട നിലവാരത്തിൽ ജീവിതം നയിക്കുവാൻപോന്ന സൌകര്യങ്ങൾ നഗരവാസികളിലോരോരുത്തർക്കും പ്രാപ്തമാക്കാവുന്നതേയുള്ളൂ. നഗരങ്ങളിലെ ധനവിന്യാസക്രമത്തിലെ അന്തരം കഴിയുന്നത്ര കുറയ്ക്കുവാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളുംതന്നെ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നിരിക്കിലും ഏതാനും ആളുകൾക്ക് അമിതമായി സമ്പാദിക്കുവാനും പുനർ നിക്ഷേപയോഗ്യമായ ധനം കുന്നുകൂട്ടി പൂഴ്ത്തിവയ്ക്കുവാനും കഴിയുന്ന ദുരവസ്ഥ ഇനിയും ഒഴിവാക്കാനായിട്ടില്ല. നഗരങ്ങൾ ഇന്നു നേരിടുന്ന ഭൗതികം, സാമൂഹികം, സാമ്പത്തികം, ഭരണപരം എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഏതു പ്രശ്നത്തിന്റെയും അടിസ്ഥാനപരമായ കാരണം ധനവിന്യാസത്തിലെ പന്തികേടാണ്. നഗരവാസികൾക്ക് കായികവും മാനസികവുമായ വിനോദങ്ങൾക്കും സാംസ്കാരിക വിനിമയത്തിനുമുള്ള നിരവധി ഉപാധികൾ നിലവിലുണ്ട്; നാഗരികരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും തങ്ങളുടെ ദുർഭിക്ഷതകൾ മറന്ന് വിട്ടുവീഴ്ചാമനോഭാവത്തോടെ ജീവിതം നയിക്കുവാൻ അവർക്കു പ്രേരണ നല്കുന്നതിലും ഉല്ലാസസൌകര്യങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.

ഭൗതിക പ്രശ്നങ്ങൾ

നഗരങ്ങൾ നേരിടുന്ന ഭൗതിക പ്രശ്നങ്ങളിൽ മുഖ്യമായവയിൽ പാർപ്പിടസംവിധാനത്തിലെ അപര്യാപ്തത, മലിനീകരണം, ഗതാഗതക്കുരുക്ക് "Indoor Air Quality — American Lung Association of Alaska". Aklung.org. ശേഖരിച്ചത് 2009-02-07.</ref> എന്നിവ ഉൾപ്പെടുന്നു. ഉറപ്പുകുറഞ്ഞ് ജീർണാവസ്ഥയിലെത്തിയിട്ടുള്ള പഴയ കെട്ടിടങ്ങൾ, ഇവയുടെ ഇടതൂർന്ന സ്ഥിതി, സുസജ്ജമായ പാതകളുടെ അഭാവം മൂലമുള്ള ദുഷ്പ്രാപ്യത, വെള്ളവും വെളിച്ചവുംപോലെയുള്ള അവശ്യസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ, ശുചിത്വമില്ലായ്മ, നിലവാരമില്ലാത്ത ഭവനനിരകളിലെ അനിയന്ത്രിതമായ ജനസാന്ദ്രത തുടങ്ങിയവ പാർപ്പിടസംവിധാനത്തിലെ അപര്യാപ്തതകളായി നിലനില്ക്കുന്നു. ഒപ്പംതന്നെ, ജനപ്പെരുപ്പത്തിന് ആനുപാതികമായി ഭവനനിർമ്മാണം വിപുലപ്പെടുന്നില്ലെന്നത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. സാധാരണഗതിയിലുള്ള പാർപ്പിടസൌകര്യമോ ഒരു മേല്ക്കൂരയെങ്കിലുമോ ഇല്ലാതെ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങളെ ഓരോ വൻ നഗരത്തിലും കാണാം. ഇവരിൽ മിക്കവരുടെയും ജീവിതനിലവാരം നന്നേ ദരിദ്ര്യമല്ലെന്നതും ശ്രദ്ധേയമാണ്. നിരന്തരമായ ജനപ്പെരുപ്പത്തിന്റെയും കുതിച്ചുയരുന്ന നിർമ്മാണച്ചെലവുകളുടെയും പശ്ചാത്തലത്തിൽ പാർപ്പിടപ്രശ്നത്തിന് പരിഹാരം കാണുവാൻ സമ്പദ്വ്യവസ്ഥയിൽ ഏറെ മുന്നിൽ നില്ക്കുന്ന നഗരങ്ങൾക്കുപോലും കഴിയുന്നില്ല. മോട്ടോർ വാഹനങ്ങൾ, വ്യവസായശാലകൾ, വൈദ്യുതനിലയങ്ങൾ തുടങ്ങിയവ മുതൽ ശീതീകരണി (refrigerator), വാതാനുകൂലി (airconditioner) മുതലായ നിത്യോപയോഗസാധനങ്ങൾവരെ തങ്ങളുടെ വിസർജ്യങ്ങൾവഴി നഗരപരിസ്ഥിതിയെ നിരന്തരം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു[3] ; ഇത് നഗരജനതയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. ഇതിനുപുറമേ വ്യവസായശാലകളിൽനിന്ന് വിസർജ്യവസ്തുക്കൾ ഒഴുക്കിവിടുന്നതിലൂടെ നഗരത്തിനരികിലോ ഉള്ളിലൂടെയോ ഒഴുകുന്ന എല്ലാ ജലധാരകളും മലീമസങ്ങളായി മാറിയിട്ടുണ്ട്. മലിനീകരണത്തിന്റെ കാരകങ്ങൾ (agents) നഗരത്തിന്റെ സമ്പദ്വൃദ്ധിക്കും ജനതയുടെ ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഭാവന നല്കുന്നുവെന്നത് പ്രശ്നപരിഹാരത്തിനുള്ള ഭരണാധികാരികളുടെ താത്പര്യത്തിന് മാന്ദ്യം വരുത്തുന്നു. നഗരസംവിധാനത്തെയും നാഗരിതകയുടെ താളക്രമത്തെയും ബാധിക്കാത്ത തരത്തിൽ പരിസ്ഥിതിദൂഷണം പാടേ ഒഴിവാക്കാനുള്ള ഗവേഷണപരമായ ശ്രമം ലോകമെമ്പാടും, വിശിഷ്യാ വികസിതരാജ്യങ്ങളിൽ പുരോഗമിച്ചുവരുന്നു.

സാമാന്യം ജനസാന്ദ്രമായ ആധുനിക നഗരങ്ങളിൽ ദിനംപ്രതി അനുഭവപ്പെട്ടുപോരുന്ന ദുരിതമാണ് ഗതാഗതക്കുരുക്ക്. രാവിലെയും വൈകുന്നേരവുമാണ് കൂടുതലായി അനുഭവപ്പെടുന്നതെങ്കിലും ഏതു സമയത്തും നഗരത്തിന്റെ ഏതുഭാഗത്തിനും ദുർവഹമായ ഗതാഗതക്കുരുക്ക് നേരിടേണ്ടിവന്നേക്കാം. മൊത്തത്തിൽ നഗരവാസികൾക്ക് സമയനിഷ്ഠ പാലിക്കാനാവാത്ത അവസ്ഥയോളം ഈ പ്രശ്നം രൂക്ഷമായിട്ടുണ്ട്. പുതിയ പാതകൾ നിർമിച്ചും ബഹുനിലകളിലേക്ക് പാതകളെ വിപുലീകരിച്ചും ഗതാഗതക്രമീകരണങ്ങളിലൂടെയും നവംനവങ്ങളായ ഗതാഗതമാധ്യമങ്ങൾ പ്രയോഗത്തിൽ വരുത്തിയും സർവോപരി വാഹനഗതാഗതത്തിന് യുക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഗതാഗതക്കുരുക്കിന് അയവുവരുത്തുവാൻ മിക്ക നഗരങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളുടെ ദൈനംദിനമെന്നോണമുള്ള പെരുപ്പവും സഞ്ചരിക്കുന്നവരുടെ എണ്ണത്തിൽ ദിനംപ്രതിയുള്ള വർധനവുംമൂലം പരിഹാരശ്രമങ്ങൾക്ക് പൂർണതയുണ്ടാവുന്നില്ല.

സാമൂഹിക പ്രശ്നങ്ങൾ

മദ്യാസക്തി, മയക്കുമരുന്നുകളുടെ ഉപഭോഗം, വിഷയാസക്തി എന്നിവയുടെ പാർശ്വഫലമെന്നോണം പെരുകിവരുന്ന കുറ്റകൃത്യങ്ങൾ, സ്ത്രീപീഡനം, ബാലപീഡനം, നരഹത്യ തുടങ്ങിയവ സാമൂഹികാർബുദമായി മാറിയിട്ടുള്ളത് ഇന്നത്തെ നഗരങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന സാമൂഹിക പ്രശ്നമാണ്. ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമാണ് മേൽസൂചിപ്പിച്ച ദുഷ്പ്രവണതകളുടെ അടിസ്ഥാനകാരണമെന്നു പറയാം. സാമൂഹികവിരുദ്ധർക്ക് അനുയായികളെ നേടാനാവുന്നതോടെ വിഭിന്ന സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരുടെ ചേരികൾ രൂപംകൊള്ളുന്നു. തുടർന്ന് ഈദൃശ സംഘങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും ഇടയ്ക്കിടെയുണ്ടാകാവുന്ന രക്തരൂക്ഷിത സംഘർഷങ്ങളും പ്രസക്ത നഗരത്തിന്റെ ക്രമസമാധാനനിലയെ തകിടം മറിക്കുന്ന അളവിൽ വർധിക്കുന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മേഖലകളിലേക്ക് നഗരജനത സ്വയം നീങ്ങുന്നതുവരെ ഈയിനം ദുഷ്പ്രവണതകൾ തുടർന്നുകൊണ്ടിരിക്കും. ജനതയിലെ ഭൂരിപക്ഷത്തെ വ്യക്തമായും രണ്ട് ചേരികളിലാക്കി വർഷങ്ങളോളം നീണ്ടുനില്ക്കുന്ന കലാപത്തിന്റെ രംഗമാക്കി നഗരത്തെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങളും ആധുനികകാലത്ത് ഉണ്ടായിട്ടുണ്ട്.

സാമൂഹികശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം വ്യക്തികൾക്ക് നഗരത്തിലെ സമൂഹജീവിതവുമായി ഒത്തിണങ്ങിപ്പോകുവാനുള്ള കഴിവുകേടിന്റെ അനന്തരഫലമാണ്. കൗമാരപ്രായക്കാരിലെ കുറ്റവാസനയ്ക്കും ഏറെക്കുറെ ഇതേ കാരണം തന്നെയാണ്; അതോടൊപ്പം സമൂഹത്തിൽ തങ്ങൾക്ക് അംഗീകാരമോ സ്ഥാനമോ ഇല്ലെന്ന തോന്നലുണ്ടാവുമ്പോൾ അക്രമാസക്തമായ കുറ്റവാസന തലയുയർത്തുന്നു. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നിവയിൽ തുടങ്ങി നരഹത്യവരെയുള്ള അപക്രിയകൾക്ക് ശക്തമായ പ്രേരണ നല്കുന്നത് പണത്തോടുള്ള അമിതമായ ആർത്തിയും ലഹരിപദാർഥങ്ങൾ നല്കുന്ന ഉത്തേജനവുമാണ്. സംഘബന്ധം സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾക്ക് കരുത്തും ധൈര്യവും പകരുന്നു. ശക്തമായ നിയമവാഴ്ചയിലൂടെ ഈദൃശ സാമൂഹിക വിപത്തുകളെ ഒരളവുവരെ ഒഴിവാക്കാനാകും. എന്നാൽ പീഡനങ്ങൾ, സാമൂഹികാവഗണന തുടങ്ങി സാധാരണക്കാരന് അനുഭവപ്പെട്ടു പോരുന്ന അവശതകൾ പൂർണമായും ഒഴിവാക്കുന്നതിലൂടെമാത്രമേ മൊത്തം സമൂഹത്തിന്റെ നന്മയിലേക്കുള്ള പ്രയാണം സാധ്യമാവുകയുള്ളൂ. പൗരബോധവും സാമൂഹികാവബോധവുമുള്ള ജനങ്ങൾക്കാണ് ഈ വിഷയത്തിൽ കാതലായ സംഭാവന നല്കാനാവുക.

സാമ്പത്തിക പ്രശ്നങ്ങൾ.

നഗരജനതയിലെ ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട നിലവാരത്തിലുള്ള സുഖജീവിതത്തിലേർപ്പെടുമ്പോൾത്തന്നെ ഒരു ന്യൂനപക്ഷം ദരിദ്രനാരായണന്മാരായി, ഇല്ലായ്മയുടെ വറുതിയിൽ നട്ടംതിരിയുന്നു. സമ്പദ്വൃദ്ധിയുടെ നെറുകയിലെത്തുന്ന നഗരത്തിനുപോലും ഈ അപഭ്രംശം ഒഴിവാക്കാനാവുന്നില്ല. താഴേക്കിടയിലുള്ള ഇക്കൂട്ടരുടെ കടുത്ത അസംതൃപ്തിയും നിരാശയും ചിലപ്പോൾ വിപത്കരമായ നിയമനിഷേധങ്ങൾക്കും കടുത്ത സംഘർഷങ്ങൾക്കും വഴിയൊരുക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളുടെ സങ്കീർണമായ തകിടം മറിച്ചിൽ, ചിലപ്പോൾ ഉത്പാദന വിപണന പ്രക്രിയകൾക്ക് കനത്ത മാന്ദ്യം ഏല്പിച്ചെന്നുവരാം. ഇത്തരം പരിതഃസ്ഥിതിയിൽ ഉത്പാദനശാലകൾ പ്രവർത്തനം നിർത്താനും തുടർന്ന്, തൊഴിലാളികൾക്ക് വൻതോതിൽ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടാകുന്നു. ഭരണാധികാരികളിൽനിന്നു ലഭിക്കുന്ന 'ക്ഷതിപൂരക' (Compensation pay) വേതനം തൊഴിലാളികളുടെ ജീവിതാവശ്യങ്ങൾ പര്യാപ്തമായ തോതിൽ നിറവേറ്റില്ല. തൊഴിലാളിവർഗത്തിന്റെ ക്രയശേഷി (Purchasing capacity) പാടേ ഇടിയുന്നു. ഇത് സാമ്പത്തികമാന്ദ്യത്തെ ഒരുപടികൂടി ശക്തമാക്കുകയും ചെയ്യുന്നു.

ഭരണപരമായ പ്രശ്നങ്ങൾ

വർത്തമാനകാലത്ത്, നഗരഭരണം നാൾചെല്ലുന്തോറും സങ്കീർണവും ദുഷ്കരവുമായി മാറുന്നതായാണ് അനുഭവപ്പെടുന്നത്. നിരനിരയായി ശേഷിക്കുന്ന പഴക്കംചെന്ന കെട്ടിടസഞ്ചയം, അവയോടനുബന്ധിച്ച് അശാസ്ത്രീയമായി വികസിപ്പിച്ചിട്ടുള്ള റോഡുകൾ, തോടുകൾ, കലുങ്കുകൾ, മറ്റു വാസ്തുനിർമിതികൾ എന്നിവയെയൊക്കെ പുനർനിർമ്മാണത്തിലൂടെ ആധുനികരിച്ച്, നഗരത്തിന്റെ മുഖച്ഛായ മാറ്റുകയെന്നതാണ് നഗരഭരണത്തിന്റെ ഒരു മുഖ്യ ദൗത്യം. ജനസംഖ്യാവർധനവിന് ആനുപാതികമായി പര്യാപ്തമായ പാർപ്പിടസൗകര്യം സജ്ജമാക്കുന്നത് മറ്റൊരു ഭാരിച്ച ചുമതലയാണ്. നഗരവാസികളുടെ എണ്ണം കൂടുന്നതിനൊപ്പം അവർക്കാവശ്യമുള്ള സേവന സംവിധാനത്തിലും വർധനവുണ്ടാകണം. വിദ്യാലയങ്ങൾ, ആശുപത്രികൾ, പൊലിസ് സ്റ്റേഷനുകൾ തുടങ്ങിയവ അധിവാസകേന്ദ്രങ്ങൾക്ക് ഏറെ അകലെയല്ലാതെ വിന്യസിക്കേണ്ടതുണ്ട്. വ്യാപാരസ്ഥാപനങ്ങൾ ഏറെയും സ്വകാര്യ മുതൽമുടക്കിലാണുണ്ടാവുന്നതെങ്കിലും നികുതിദായകന് ന്യായമായ വിലയിൽ ഉപഭോഗവസ്തുക്കൾ ലഭ്യമാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. സ്വാഭാവികമായും പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കാനുള്ള ഗൌരവമേറിയ ചുമതലയും ഭരണാധികാരികളിൽ നിക്ഷിപ്തമാകുന്നു. വെള്ളം, വെളിച്ചം തുടങ്ങിയ അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിലും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈവിധ ആവശ്യങ്ങൾ നിറവേറ്റുവാൻപോന്ന ധനവിനിമയപരമായ സ്വാതന്ത്ര്യം നഗരഭരണാധികാരികൾക്ക് പൊതുവേ നല്കപ്പെടാറില്ല. ലോകത്തിലെ ഒരു രാജ്യത്തിനുംതന്നെ തങ്ങളുടെ ഏതെങ്കിലുമൊരു നഗരത്തിന് അവരുടെ ആവശ്യങ്ങൾ പൂർണമായി നിർവഹിക്കുവാൻ പോന്നത്ര സഹായധനം (Funds) നല്കുവാൻ കഴിവില്ല. തങ്ങളുടെ പൗരസഞ്ചയത്തിന്റെ ധനപരവും സേവനപരവും മേധാപരവുമായ കഴിവുകളെ ആരോഗ്യകരവും സമഗ്രവുമായ രീതിയിൽ ചൂഷണം ചെയ്യുന്നതിലൂടെ മാത്രമേ ഒരു നഗരത്തിന് വികസനകാര്യത്തിൽ സ്വയംപര്യാപ്തതയും പൂർണതയും ആർജിക്കുവാൻ കഴിയുകയുള്ളൂ. നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ്.

നഗരഭരണംചരിത്രാവലോകനം

10,000-ൽ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്ന ആദ്യകാല നഗരങ്ങളിൽ ജനസമൂഹങ്ങളെ വിവിധ വിതാനങ്ങളിലായി ക്രമീകരിച്ചുള്ള ഒരു സാമൂഹിക വ്യവസ്ഥിതി നിലവിലിരുന്നു. ഭരണാധിപർ, ഉദ്യോഗസ്ഥർ, സൈനികമേധാവികൾ, പുരോഹിതന്മാർ എന്നിവരെ മേൽത്തട്ടുകാരായി പരിഗണിച്ചിരുന്നു. കർഷകർ, കരകൌശല വിദഗ്ദ്ധർ, വർത്തകർ തുടങ്ങിയവർക്ക് താണ സാമൂഹികപദവിയാണ് നല്കപ്പെട്ടിരുന്നത്. പുതിയ കുടിയേറ്റക്കാരെ നന്നേ താഴ്ന്ന വിഭാഗമായി ഗണിച്ചുപോന്നു; ഇക്കൂട്ടർക്ക് യാതൊരു സാമൂഹിക പദവിക്കും അർഹത ഉണ്ടായിരുന്നില്ല. നഗരഭരണത്തിന് ചുമതലപ്പെട്ടവർക്ക് നിയമനിർമ്മാണത്തിനും അവ നടപ്പിലാക്കുന്നതിനുമുള്ള അധികാരമുണ്ടായിരുന്നു. രാജാവിന്റെയോ സമ്രാട്ടിന്റെയോ അധീനതയിൽ കഴിഞ്ഞിരുന്ന നഗരങ്ങളിൽപ്പോലും ഈ അധികാരം നിലനിർത്തിപ്പോന്നു. ആഥൻസ് പോലുള്ള ചില നഗരങ്ങൾ മറ്റാരുടെയും മേൽക്കോയ്മയിലല്ലാതെ സ്വതന്ത്രമായി വർത്തിച്ചവയാണ്. ഈദൃശ നഗരങ്ങളെ 'നഗര രാജ്യങ്ങൾ' (City States) എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു. നഗരത്തിനും സമീപപ്രദേശങ്ങൾക്കുംമേൽ ഇവയ്ക്ക് പരമാധികാരം പുലർത്താനായി. പ്രാചീന നഗരങ്ങളെ ഭരിച്ച മേൽത്തട്ടുകാർ ഭരണനിർവഹണത്തിനും സുരക്ഷയ്ക്കുംവേണ്ട ധനം സ്വരൂപിക്കുന്നതിനായി കരകൌശലവിദഗ്ദ്ധർ ഉൾപ്പെടെയുള്ള തൊഴിലാളികൾ, കർഷകർ, വ്യാപാരികൾ തുടങ്ങിയവരുടെമേൽ ഭാരിച്ച നികുതി ചുമത്തിപ്പോന്നു. ഭരണകാര്യങ്ങളിൽ സാധാരണക്കാരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും നല്കപ്പെട്ടിരുന്നില്ല. എന്നാൽ ആഥൻസ് തുടങ്ങിയ നഗരരാജ്യങ്ങളിലെസ്ഥിതി വിഭിന്നമായിരുന്നു. സമൂഹത്തിലെ പ്രായപൂർത്തിയായ ഏതൊരു പുരുഷനും, അയാൾ ഒരു അടിമയല്ലെങ്കിൽ, നയപരമായ വിഷയങ്ങളിലുൾപ്പെടെ ഭരണകാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താമായിരുന്നു.

മധ്യകാലഘട്ടത്തിൽ യൂറോപ്പിലൊട്ടാകെ ഫ്യൂഡലിസ (Fudalism)വ്യവസ്ഥിതി പ്രാബല്യത്തിലെത്തിയിരുന്നു. ഇതിൻപ്രകാരം ഓരോ രാജ്യത്തിന്റെയും അംശ(fief)ങ്ങളെ യുദ്ധസേവനത്തിനുള്ള പ്രതിഫലമെന്ന നിലയിൽ, അതതിടത്തെ മതാധ്യക്ഷനോ (Bishop) പ്രഭുസ്ഥാനീയനായ ഏതെങ്കിലും വ്യക്തിക്കോ കരമൊഴിവായി വിട്ടുകൊടുക്കുന്ന പതിവാണുണ്ടായിരുന്നത്. തങ്ങൾക്കു വിട്ടുകിട്ടിയ ഭൂപ്രദേശത്തിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് പ്രതിരോധസജ്ജമായ നഗരങ്ങൾ വികസിപ്പിക്കുകയാണ് ഈ സാമന്തന്മാർ ആദ്യം ചെയ്തത്. ഓരോ നഗരത്തിന്റെയും സമ്പൂർണാധികാരം അതതിടത്തെ ഫ്യൂഡൽ പ്രഭുവിനോ ബിഷപ്പിനോ കൈവന്നു. മതമേലധ്യക്ഷന്മാർ ആചാരനിഷ്ഠകൾക്ക് അമിതപ്രാധാന്യം നല്കിയിരുന്നത് നഗരത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു. എ.ഡി. 1,000-ത്തിനു ശേഷമുള്ള തൊഴിൽപരവും വാണിജ്യപരവുമായ മുന്നേറ്റങ്ങളിലൂടെ സമ്പദ്വൃദ്ധി നേടിയ യൂറോപ്പിലെ നഗരങ്ങൾ മതാധ്യക്ഷന്മാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ സാമ്പത്തികശേഷി ഉപയോഗിച്ച് ഭരണകാര്യങ്ങളിലുള്ള ഇടപെടലുകൾക്ക് വിരാമം വരുത്തുകയും ചെയ്തു. നഗരങ്ങൾ ക്രമേണ സ്വയംഭരണത്തിനുവേണ്ടി ശബ്ദമുയർത്തി.

മിലാൻ തുടങ്ങി ഇറ്റലിയിലെ നഗരങ്ങളാണ് ആദ്യമായി സ്വയംഭരണം നേടിയെടുത്തത്; നഗരഭരണം കോൺസൽ (Consul) എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂട്ടായ നിയന്ത്രണത്തിലായി. ഈ സമ്പ്രദായം താമസംവിനാ യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്കും സംക്രമിച്ചു. ഉത്തരഫ്രാൻസിലെ ഫ്ളാൻഡേഴ്സും ഇതര നഗരങ്ങളും തങ്ങളുടെ അധീനപ്രദേശങ്ങൾക്കായി പ്രത്യേക നിയമങ്ങളുണ്ടാക്കുകയും അവയുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നിയോഗിക്കുകയുമുണ്ടായി. ബിഷപ്പുമാരുടെയും ഫ്യൂഡൽപ്രഭുക്കളുടെയും അധികാരമുഷ്ക്ക് ദുർബലപ്പെടുത്തുന്ന നടപടിയെന്ന നിലയിൽ, ഈ ജനമുന്നേറ്റത്തിന് മിക്ക രാജാക്കന്മാരുടെയും പരോക്ഷമായ പിന്തുണയുണ്ടായി. എന്നാൽ 1400-1500 കാലത്ത്, യൂറോപ്പിലെ ഏറിയ രാജ്യങ്ങളിലും അധികാരമേറ്റ ശക്തരായ രാജാക്കന്മാർ കേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നല്കിയത് ഫലത്തിൽ നഗരങ്ങളുടെ സ്വയംഭരണാധികാരങ്ങൾക്ക് കിഴിവ് വരുത്തി.

പൗരസ്ത്യദേശങ്ങളിലും മധ്യപൌരസ്ത്യമേഖലയിലും മധ്യകാലഘട്ടത്തിൽ പൊതുവേ രാജാക്കന്മാരുടെ കേന്ദ്രീകൃത ഭരണത്തിനാണ് പ്രാബല്യമുണ്ടായിരുന്നത്. നഗരഭരണം രാജാക്കന്മാരാൽ നിയോഗിതരായ ഉദ്യോഗസ്ഥരിലാണ് നിക്ഷിപ്തമായിരുന്നത്. പൊതുവിൽ, പ്രാപ്തരായ ഉദ്യോഗസ്ഥരെ നഗരച്ചുമതല ഏല്പിക്കുന്നതിൽ രാജാക്കന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൈനയിൽ നഗരഭരണത്തിനു യോഗ്യത നേടാൻ നിശ്ചിത പരീക്ഷ ജയിക്കേണ്ടതുണ്ടായിരുന്നു. നഗരാധികാരികളുടെ ഭരണനടപടികൾ നിരീക്ഷിക്കുവാൻ മേലധികാരികളെ ചുമതലപ്പെടുത്തുന്ന പതിവും പൊതുവേ നിലനിന്നുപോന്നു.

1700-1800 കാലഘട്ടത്തിൽ, ത്വരിതഗതിയിലുള്ള വികാസത്തിന്റെ പാർശ്വഫലമെന്നോണം നഗരങ്ങൾക്ക് നിരവധി പ്രശ്നങ്ങളെ നേരിടേണ്ടിവന്നു. നഗരജീവിതത്തിന്റെ നിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പര്യാപ്തമായ നടപടികൾ എടുക്കേണ്ടിയിരുന്നു. വൈയവസായികമായി മുന്നിട്ടുനിന്ന രാജ്യങ്ങളിലാണ് ഈ നടപടികളുടെ അത്യാവശ്യം നേരിട്ടത്. സ്വാഭാവികമായും സാർവത്രികമായി നടപ്പിൽവരേണ്ട നിബന്ധനകൾ ആവിഷ്കരിക്കുകയും അവ നടപ്പാക്കുവാൻവേണ്ട ചട്ടങ്ങളും നിയമാവലിയും അംഗീകരിക്കുകയും വേണ്ടിവന്നു. ഇതിനായി ഓരോ രാജ്യത്തിലെയും നഗരഭരണത്തിന് കേന്ദ്രീകൃത സ്വഭാവം നല്കപ്പെട്ടു. സ്വയംഭരണത്തിന്റെ സ്ഥാനത്ത് സർക്കാരിന് പൂർണനിയന്ത്രണമുള്ള ഭരണസംവിധാനം നിലവിൽവന്നു. ബാലവേല നിരോധിക്കൽ, പണിക്കിടയിൽ അപകടമോ അംഗഭംഗമോ, അപകടമരണമോ സംഭവിക്കുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കൽ, മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ജോലിയും സംരക്ഷണവും ഉറപ്പിക്കൽ, തൊഴിലില്ലായ്മ വേതനം നല്കൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനു സംവിധാനമൊരുക്കൽ തുടങ്ങി തൊഴിലാളിക്ഷേമത്തിനുള്ള നടപടിക്രമങ്ങൾ പുതിയ നിയമസംഹിതയിലൂടെ രാജ്യസർക്കാരിന്റെ ചുമതലകളായിത്തീർന്നു. ഈ പശ്ചാത്തലത്തിലും ജനാധിപത്യഭരണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ ക്രമേണ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾക്കൊള്ളുന്ന നഗരസഭകൾ നിലവിൽവന്നു. ഇപ്പോൾ ഈ സമ്പ്രദായം ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

നഗരവികസനം ഇന്ത്യയിൽ

20-ാം ശ.-ത്തിന്റെ ആരംഭംമുതല്ക്കുതന്നെ ഭാരതത്തിലെ നഗരങ്ങൾ ആധുനികതയിലേക്ക് കാൽകുത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലെ ആഗോളഭരണരീതിയായ മുനിസിപ്പൽ സമ്പ്രദായം ഇതിനും എത്രയോ മുമ്പുതന്നെ അന്നത്തെ ഇന്ത്യയിൽ പ്രയോഗത്തിലെത്തി. 1688-ൽ മദ്രാസ് പ്രസിഡൻസിയാണ് ഇതിനു തുടക്കം കുറിച്ചത്; അങ്ങനെ ഇന്ത്യയിൽ ഇദംപ്രഥമമായി മുനിസിപ്പൽ കോർപ്പറേഷൻ രൂപീകൃതമായി. ഈ പാത പിന്തുടർന്ന് 1726-ൽ അന്നത്തെ കൽക്കത്ത, ബോംബെ നഗരങ്ങളിലും കോർപ്പറേഷനുകൾ ഭരണമാരംഭിച്ചു. രണ്ടാംലോകയുദ്ധകാലത്തുതന്നെ ഇന്ത്യയിൽ വ്യവസായങ്ങൾ പുഷ്ടിപ്രാപിച്ചിരുന്നു. ഇവ ലോകയുദ്ധാനന്തരം വർധിച്ച പുരോഗതിയിലേക്കു നിങ്ങി. സ്വാതന്ത്ര്യാനന്തര കാലഘട്ടം ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ഉത്തേജനവും നല്കി പരിപോഷിപ്പിച്ചു. ഭാരതത്തിൽ വ്യവസായനഗരങ്ങളുടെ വളർച്ച ത്വരിതഗതിയിലായി. ഈ മാതൃക അനുകരിച്ച് ചെറുകിടനഗരങ്ങൾ ഉത്പാദനപ്രക്രിയയ്ക്ക് തങ്ങളുടെ പരിധിക്കുള്ളിൽ പ്രഥമ സ്ഥാനം നല്കുകയും, ആ ദിശയിൽ വളർച്ച നേടുകയും ചെയ്തുവരുന്നു. രാജ്യത്തെ ഒന്നാംകിട പട്ടണങ്ങളിൽ മിക്കവയും മാനഗരങ്ങളായി വികസിച്ചുകഴിഞ്ഞു.

ഇന്ത്യൻ നഗരങ്ങളിലെ ഭരണവ്യവസ്ഥ

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിൽ, നഗരഭരണത്തിൽ ജനാധിപത്യവ്യവസ്ഥ ഉറപ്പുവരുത്തുവാനുള്ള നിബന്ധനകൾ ഉൾപ്പെട്ടിരുന്നില്ലെന്നത് ഒരു പോരായ്മയായി അവശേഷിച്ചിരുന്നു. തദ്ദേശസ്വയംഭരണം (Local Self Government) സംബന്ധിച്ച പൂർണമായ ചുമതല സംസ്ഥാനവിഷയമായി വ്യവസ്ഥ ചെയ്യപ്പെട്ടു. നഗരഭരണത്തിൽ ഫലപ്രദമായ ജനാധിപത്യം പുലർത്തുന്നതിനും അതിലൂടെ ജനപങ്കാളിത്തം പൂർണമായി ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ച് 1992-ൽ ലോക്സഭ ഭരണഘടനയിലെ 74-ാം ഭേദഗതിയായി യുക്തമായ നിയമം പാസ്സാക്കി. നഗർപാലികാ ആക്റ്റ് എന്നറിയപ്പെടുന്ന ഇത് 1993 ഏ. 20-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും 1993 ജൂൺ 1-ന് പ്രാബല്യത്തിൽ വരികയുമുണ്ടായി. നഗരഭരണത്തിന് വ്യത്യസ്ത നിലവാരത്തിലുള്ള മൂന്നിനം മുനിസിപ്പാലിറ്റികൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നഗരങ്ങളായി പരിവർത്തിതമായിവരുന്ന ഗ്രാമങ്ങൾ (Urban towns) നഗർപഞ്ചായത്ത് എന്ന ജനകീയസമിതിയുടെ ഭരണച്ചുമതലയിലാകും; ചെറുകിട നഗരങ്ങളെ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കൌൺസിലുകളും വൻനഗരങ്ങളെ മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കും. ഇവ ഓരോന്നും നിശ്ചിത കാലയളവിലേക്കുള്ള ജനപ്രതിനിധിസഭകളായിരിക്കും. ഇവയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുവാനുള്ളസംവിധാനം (പഞ്ചായത്ത്/നഗരസഭാ തെരഞ്ഞെടുപ്പുകൾ) ആസൂത്രണം ചെയ്ത് നിർവഹിക്കുവാനുള്ള ചുമതല സംസ്ഥാന തെരഞ്ഞെടുപ്പുകമ്മിഷനിൽ നിക്ഷിപ്തമാണ്.

നഗർപാലികാചട്ടത്തിന്റെ പാർട്ട് IX എ. പ്രകാരം നഗരങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ സാധുത ലഭിച്ചിരിക്കുന്നു. സ്വാഭാവികമായും ഭാരതത്തിന്റെ ഏതുഭാഗത്തുള്ള നഗരത്തിലും ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ഭരണക്രമം നടപ്പിൽവരേണ്ടതുണ്ട്. നഗരങ്ങളിലെ ജനപ്രതിനിധിസഭകളെ മൊത്തത്തിൽ 'മുനിസിപ്പാലിറ്റി' എന്ന് നാമകരണം ചെയ്ത് മൂന്ന് വ്യത്യസ്ത സ്വഭാവത്തിൽ നിർവചിച്ചിരിക്കുന്നു. ഈ ജനകീയസഭകൾ നിലവിൽവരുത്തുവാനും അവയിലൂടെ നിയമാനുസൃതഭരണം ഉറപ്പുവരുത്തുവാനുമുള്ള ചുമതല അതത് സംസ്ഥാനങ്ങൾക്കാണ്. ഓരോ മുനിസിപ്പാലിറ്റിയിലെയും സാധാരണ അംഗങ്ങൾ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നവരാവും; എന്നാൽ, സംസ്ഥാന നിയമസഭയ്ക്ക് പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികളെ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമുണ്ട്. നഗരഭരണത്തിൽ ചിരപരിചയവും പ്രാവീണ്യവും നേടിയവർ, ലോക്സഭ, നിയമസഭ, രാജ്യസഭ, ലെജിസ്ളേറ്റിവ് കൌൺസിൽ എന്നിവയിലെ അംഗങ്ങൾ, ഭരണഘടനയിലെ ആർട്ടിക്കിൾ 243 എസ്. 5-ാം ഭാഗത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് രൂപീകരിച്ചിട്ടുള്ള സമിതികളുടെ അധ്യക്ഷസ്ഥാനത്തുള്ള വ്യക്തികൾ എന്നിവരിൽനിന്നാണ് നാമനിർദ്ദേശം ചെയ്യാവുന്നത്. സംസ്ഥാന നിയമസഭ നിർദ്ദേശിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായാണ് മുനിസിപ്പാലിറ്റികളുടെ ചെയർപെഴ്സൺ (Chair person) തെരഞ്ഞെടുക്കപ്പെടേണ്ടത്. ഒരു മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും വാർഡിലെ ജനസംഖ്യ മൂന്നുലക്ഷത്തിലേറെയാണെങ്കിൽ പ്രസ്തുത വാർഡിന് തെരഞ്ഞെടുക്കപ്പെട്ട വാർഡ് കമ്മിറ്റി ഉണ്ടായിരിക്കണമെന്നും, സംസ്ഥാന നിയമസഭ വാർഡ്കമ്മിറ്റി രൂപീകരണത്തിനുവേണ്ട ഉപാധികൾ നിർണയിച്ചു നല്കണമെന്നും വ്യവസ്ഥയുണ്ട്. യുക്തമായ അവസരങ്ങളിൽ വാർഡുകമ്മിറ്റികൾക്കുപുറമേ മറ്റു തത്തുല്യ സമിതികൾ രൂപീകരിക്കുന്നതിന് നിയമസഭകൾക്ക് അവകാശം നല്കപ്പെട്ടിരിക്കുന്നു.

മുനിസിപ്പൽസഭകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംഖ്യാബലത്തിന് ആനുപാതികമായ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ മുനിസിപ്പാലിറ്റിയിലും ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നിൽ വനിതാപ്രാതിനിധ്യം ഉണ്ടാവണമെന്ന വ്യവസ്ഥയുമുണ്ട്. മുനിസിപ്പൽ സഭകളുടെ അധ്യക്ഷപദവി ഏതേതുവിധത്തിൽ സംവരണം ചെയ്യണമെന്ന് നിഷ്കർഷിക്കുവാനുള്ള അവകാശം ബന്ധപ്പെട്ട സംസ്ഥാന നിയമസഭകൾക്കു വിട്ടുകൊടുത്തിരിക്കുന്നു; ഇതിൽ പിന്നാക്കക്കാർക്കു സംവരണം നല്കുവാനുള്ള അവകാശവും ഉൾപ്പെടുന്നു. ആർട്ടിക്കിൾ 334 അനുസരിച്ചുള്ള കാലയളവുവരെമാത്രമേ, പട്ടികജാതി/പട്ടികവർഗങ്ങൾക്കുള്ള സംവരണത്തിന് പ്രാബല്യമുള്ളൂ.

ഓരോ മുനിസിപ്പൽ സഭയുടെയും അധികാരകാലാവധി അത് ആദ്യയോഗം ചേരുന്ന ദിവസം മുതൽ അഞ്ചുവർഷത്തേക്കാണ്. ഈ കാലയളവിനുള്ളിൽ, ആർട്ടിക്കിൾ 243 ഝവിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, ഏതു മുനിസിപ്പൽസഭയെയും പിരിച്ചുവിടാവുന്നതാണ്. ഇതേത്തുടർന്നുള്ള ആറുമാസങ്ങൾക്കകം പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസഭ രൂപീകരിച്ചിരിക്കണം; ഇങ്ങനെയുണ്ടാകുന്ന സഭയുടെ കാലാവധി പിരിച്ചുവിടപ്പെട്ട സഭയുടെ അഞ്ചുവർഷ കാലയളവ് തീരുന്ന ദിവസംവരെയായിരിക്കും. കാലാവധി തീരുന്നതിന് ആറുമാസത്തിൽ കുറഞ്ഞ സമയമുള്ളപ്പോഴാണ് സഭ പിരിച്ചുവിടുന്നതെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാവുന്നതാണ്. 21 വയസ്സുപൂർത്തിയായ ഏതു സമ്മതിദായകനും മുനിസിപ്പൽ തെരഞ്ഞെടുപ്പിനു മത്സരിക്കാവുന്നതാണ്.

മുനിസിപ്പാലിറ്റികൾക്ക് ഭരണഘടനാപരമായ അംഗീകാരം ഉറപ്പുവരുത്തിയ 74-ാം ഭേദഗതിയിലെ അനുശാനസപ്രകാരം സംസ്ഥാന ഗവണ്മെന്റുകൾ നഗരഭരണവുമായി ബന്ധപ്പെട്ട് മറ്റുരണ്ടു സമിതികൾകൂടി രൂപീകരിക്കുവാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതിയും നഗരമേഖലകൾക്ക് മെട്രോപ്പൊളിറ്റൻ പ്ളാനിങ് കമ്മിറ്റിയും. ഈ സമിതികളുടെ ഘടനയും അംഗത്വത്തിന്റെ സ്വഭാവവും ബന്ധപ്പെട്ട നിയമസഭകൾ പ്രത്യേക നിയമനിമർമാണത്തിലൂടെ നിഷ്കർഷിക്കേണ്ടതാണ്.

ഇവയ്ക്ക് അപവാദമായി ഭരണം നിർവഹിക്കപ്പെടുന്ന ഏതാനും വ്യവസായ നഗരങ്ങളും ഭാരതത്തിലുണ്ട്. ഉത്പാദന പ്രധാനമായ ഇത്തരം ചെറുനഗരങ്ങളിൽ, സാധാരണഗതിയിൽ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ നടക്കേണ്ട സേവനപരമായ ധർമങ്ങൾ പ്രധാന വ്യവസായശൃംഖലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിവർത്തിക്കപ്പെടുന്നുണ്ടാവും. ഈദൃശ മേഖലകളെ 'വ്യവസായ നഗര'മായി പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിലൂടെ മുനിസിപ്പൽസഭ രൂപീകരിക്കേണ്ട ബാദ്ധ്യതയിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം.

വികസനപാതയിൽ ത്വരിതമായി മുന്നേറുന്ന എല്ലാ രാജ്യങ്ങളിലുംതന്നെ നഗരങ്ങളുടെ വളർച്ച പുരോഗതിയുടെ അളവുകോലായി വർത്തിക്കുന്നു. നഗരങ്ങളിലെ ഉത്പാദനമാന്ദ്യം, പരിസ്ഥിതി വിനാശം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സമൂഹത്തിലെ അസംതൃപ്ത മനോഭാവവും തുടർന്നുള്ള അസ്വസ്ഥതകളും, ധനവിനിമയ സ്ഥാപനങ്ങളുടെ തകർച്ച തുടങ്ങിയവ പ്രസക്ത രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയുടെ ആണിക്കല്ലിളക്കുന്ന ഘടകങ്ങളാണ്. മിക്ക രാജ്യങ്ങളും ഈ വിപത്തുകളെ ഒഴിവാക്കുവാനായി തങ്ങളുടെ നഗരങ്ങളുടെ ആസൂത്രിതമായ വളർച്ചയിൽ ശ്രദ്ധ ചെലുത്തുന്നു. കാർഷികവരുമാനത്തിൽ പിന്നാക്കം നില്ക്കുകയും ഒപ്പം ജനപ്പെരുപ്പം നേരിടുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് സമൂഹചാലകങ്ങളും സമ്പദ്ദായകങ്ങളുമായ നഗരവൃത്തികളെ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നു. നഗരവത്കരണം രാജ്യത്തിന്റെ ആവശ്യമായിരിക്കുന്നു. ഉത്പാദനപ്രക്രിയകളുടെ വർധനവിലൂടെ സാമ്പത്തികനില മെച്ചപ്പെടുന്നുവെന്നതിലുപരി, ജനതയുടെ ഉത്കർഷേച്ഛ ശതഗുണീഭവിക്കുന്നുവെന്നതാണ് നഗരവത്കരണത്തിന്റെ പ്രധാന നേട്ടം. മെച്ചപ്പെട്ട സാമ്പത്തികാവസരങ്ങൾ വ്യാപിപ്പിക്കുന്നതോടൊപ്പം കൂടുതൽ പൗരന്മാർക്ക് സേവനവ്യവസ്ഥയുടെ പ്രയോജനം നല്കുവാനും അതിലൂടെ ജീവിതനിലവാരം അഭിവൃദ്ധിപ്പെടുത്തുവാനും നഗരങ്ങൾക്കു കഴിയുന്നു. എന്നാൽ ഈവക പ്രയോജനങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ നഗരങ്ങളിലെ സമ്പദ്വൃദ്ധിക്ക് യഥാതഥമായ സ്ഥായിത്വമുണ്ടായിരിക്കണം. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നഗരാസൂത്രണ പദ്ധതികളിലൂടെ വികസനോന്മുഖമായ ഓരോ രാജ്യവും തുടർന്നുവരുന്നു.

Modern global cities, like New York City, often include large central business districts that serve as hubs for economic activity.
ന്യൂ യോർക്ക് നഗരകേന്ദ്രം


ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങൾ

അവലംബം

 1. Goodall, B. (1987) The Penguin Dictionary of Human Geography. London: Penguin.
 2. Kuper, A. and Kuper, J., eds (1996) The Social Science Encyclopedia. 2nd edition. London: Routledge.
 3. "Newsminer.com; EPA to put Fairbanks on air pollution problem list". Newsminer.com. 2008-08-20. ശേഖരിച്ചത് 2009-02-07.
 4. http://www.stats-sh.gov.cn/sjfb/201502/277392.html
 5. http://tribune.com.pk/story/614409/population-explosion-put-an-embargo-on-industrialisation-in-karachi/
 6. http://www.bjstats.gov.cn/xwgb/tjgb/ndgb/201502/t20150211_288370.htm
 7. http://www.citypopulation.de/php/nigeria-metrolagos.php
 8. http://www.citypopulation.de/India-Delhi.html
 9. http://www.citypopulation.de/php/china-township-tianjin-admin.php
 10. http://www.turkstat.gov.tr/PreHaberBultenleri.do?id=15974
 11. http://www.metro.tokyo.jp/INET/CHOUSA/2014/02/60o2r100.htm
 12. http://gzdaily.dayoo.com/html/2015-03/22/content_2887547.htm
 13. http://www.censusindia.gov.in/2011-prov-results/paper2/data_files/India2/Table_2_PR_Cities_1Lakh_and_Above.pdf
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Other Languages
Аҧсшәа: Ақалақь
Afrikaans: Stad
Alemannisch: Stadt
አማርኛ: ከተማ
aragonés: Ciudat
Ænglisc: Burg
العربية: مدينة
ܐܪܡܝܐ: ܡܕܝܢܬܐ
مصرى: مدينه
অসমীয়া: চহৰ
asturianu: Ciudá
авар: Шагьар
Aymar aru: Marka
azərbaycanca: Şəhər
تۆرکجه: شهر
башҡортса: Ҡала
Boarisch: Stod
žemaitėška: Miests
Bikol Central: Syudad
беларуская: Горад
беларуская (тарашкевіца)‎: Горад
български: Град
भोजपुरी: शहर
Banjar: Kuta
বাংলা: শহর
བོད་ཡིག: གྲོང་ཁྱེར།
brezhoneg: Kêr
буряад: Хото
català: Ciutat
Chavacano de Zamboanga: Ciudad
Mìng-dĕ̤ng-ngṳ̄: Siàng-chê
нохчийн: ГӀала
Cebuano: Dakbayan
Chamoru: Dangkulo
ᏣᎳᎩ: ᎦᏚᎲᎢ
کوردی: شار
qırımtatarca: Şeer
čeština: Město
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Градъ
Чӑвашла: Хула
Cymraeg: Tref
dansk: By
Deutsch: Großstadt
Zazaki: Sûke
Ελληνικά: Πόλη
emiliàn e rumagnòl: Sitê
English: City
Esperanto: Urbo
español: Ciudad
eesti: Linn
euskara: Hiri
estremeñu: Ciá
فارسی: شهر
suomi: Kaupunki
Võro: Liin
Na Vosa Vakaviti: Siti
føroyskt: Býur
français: Ville
arpetan: Vela
Nordfriisk: Stääd
furlan: Citât
Frysk: Stêd
Gagauz: Kasaba
贛語: 城市
kriyòl gwiyannen: Vil
Gàidhlig: Baile mòr
galego: Cidade
Avañe'ẽ: Táva
ગુજરાતી: શહેર
Gaelg: Caayr
客家語/Hak-kâ-ngî: Sàng-sṳ
Hawaiʻi: Kūlanakauhale
עברית: עיר
हिन्दी: शहर
Fiji Hindi: City
hrvatski: Grad
hornjoserbsce: Město
Kreyòl ayisyen: Vil
magyar: Város
հայերեն: Քաղաք
interlingua: Citate
Bahasa Indonesia: Kota
Interlingue: Cité
Igbo: Okeama
Ilokano: Siudad
ГӀалгӀай: Пхьа
Ido: Urbo
íslenska: Borg
italiano: Città
ᐃᓄᒃᑎᑐᑦ/inuktitut: ᓄᓇᓖᑦ
日本語: 都市
Patois: Siti
la .lojban.: tcadu
Jawa: Kutha
ქართული: დიდი ქალაქი
Taqbaylit: Tamdint
Адыгэбзэ: Къалэ
Gĩkũyũ: Cĩtĩ
қазақша: Қала
ಕನ್ನಡ: ನಗರ
한국어: 도시
къарачай-малкъар: Шахар
Ripoarisch: Stadt
kurdî: Bajar
коми: Кар
Кыргызча: Шаар
Latina: Urbs
Ladino: Sivdad
Lëtzebuergesch: Stad
лакку: Шагьру
лезги: Шегьер
Limburgs: Sjtad
lumbaart: Cità
lingála: Engumba
lietuvių: Miestas
latviešu: Pilsēta
मैथिली: शहर
Malagasy: Tanàna
олык марий: Ола
Māori: Tāone
Minangkabau: Kota
македонски: Град
монгол: Хот
मराठी: शहर
Bahasa Melayu: Bandar raya
Mirandés: Cidade
مازِرونی: شهر
Dorerin Naoero: Tekawa
Nāhuatl: Altepetl
Napulitano: Cità
Plattdüütsch: Stadt
Nedersaksies: Stad (woonstee)
नेपाली: सहर
नेपाल भाषा: नगर
Nederlands: Stad
norsk nynorsk: Storby
norsk: By
Nouormand: Cité
occitan: Vila
Livvinkarjala: Linnu
Ирон: Сахар
ਪੰਜਾਬੀ: ਸ਼ਹਿਰ
Deitsch: Schtadt
Norfuk / Pitkern: Citii
polski: Miasto
پنجابی: شہر
Ποντιακά: Πόλη
português: Cidade
Runa Simi: Hatun llaqta
romani čhib: Foro
română: Oraș
armãneashti: Câsâbă
tarandíne: Cetata granne
русский: Город
русиньскый: Місто
саха тыла: Куорат
ᱥᱟᱱᱛᱟᱲᱤ: ᱱᱟᱜᱟᱨ
sicilianu: Citati
Scots: Ceety
سنڌي: شهر
srpskohrvatski / српскохрватски: Grad
සිංහල: නගර
Simple English: City
slovenčina: Mesto (všeobecne)
slovenščina: Mesto
chiShona: Guta
Soomaaliga: Caasimad
shqip: Qyteti
српски / srpski: Град
Sunda: Kota
svenska: Stad
Kiswahili: Jiji
ślůnski: Mjasto
தமிழ்: மாநகரம்
тоҷикӣ: Шаҳр
ไทย: นคร
Tagalog: Lungsod
Türkçe: Şehir
Xitsonga: Dorobha
татарча/tatarça: Шәһәр
українська: Місто
اردو: شہر
oʻzbekcha/ўзбекча: Shahar
vèneto: Sità
vepsän kel’: Lidn
Tiếng Việt: Thành phố
West-Vlams: Stad
Volapük: Zif
Winaray: Syudad
吴语: 城市
ייִדיש: שטאט
Yorùbá: Ìlú
Zeêuws: Stad
中文: 城市
Bân-lâm-gú: Siâⁿ-chhī
粵語: 城市