തുസ്സിഡിഡീസ്

ടോറോണ്ടൊയിലെ റോയൽ ഒന്റാറിയോ സംഗ്രഹാലയത്തിലുള്ള തുസ്സിഡിഡീസിന്റെ പ്രതിമ

തുസ്സിഡിഡീസ് (ജനനം: ബിസി 460-നടുത്ത്; മരണം 395-നടുത്ത്) (ഗ്രീക്ക് Θουκυδίδης, Thoukydídēs) ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്.[1]


രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. [2] അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സം‌വാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.


പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ്ങളുടെ ശില്പഭംഗിയും ചൂണ്ടിക്കാട്ടി, ചരിത്രരചനയിലെ ശാസ്ത്രീയരീതിക്കൊപ്പം ശാസ്ത്രീയേതരസങ്കേതങ്ങളെയും അദ്ദേഹം മടികൂടാതെ ആശ്രയിച്ചു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.


ജീവിതം

ചരിത്രകാരനെന്ന നിലയിൽ അതിപ്രശസ്തനെങ്കിലും, തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചുകാര്യങ്ങൾ മാത്രമേ അറിവയുള്ളു. അറിയാവുന്ന കാര്യങ്ങളിൽ ഏറെയും അദ്ദേഹം രചിച്ച പെലോപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിൽ നിന്നാണ്. ഗ്രന്ഥകാരന്റെ രാഷ്ട്രം, ജന്മസ്ഥലം, മാതാപിതാക്കൾ എന്നിക്കാര്യങ്ങളെക്കുറിച്ച് ആ കൃതി അറിവുതരുന്നു. താൻ പെലെപൊന്നേസ് യുദ്ധത്തിൽ പങ്കെടുത്തെന്നും, പ്ലേഗ് ബാധിതനായെന്നും ഏഥൻസിലെ ജനാധിപത്യഭരണകൂടം തന്നെ നാടുകടത്തിയെന്നും തുസ്സിഡിഡീസ് അതിൽ വ്യക്തമാക്കുന്നു.

സ്വയം വെളിപ്പെടുത്തൽ

ഏഥൻസുകാരനായി സ്വയം പരിചയപ്പെടുത്തുന്ന തുസ്സിഡിഡീസ് തന്റെ പിതാവിന്റെ പേര് ഒളോറസ് എന്നാണെന്നും താൻ ഏഥൻസിലെ ഹാലിമോസ് പ്രദേശത്തുനിന്നുള്ളവനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[3]പെരിക്കിൾസടക്കം അനേകരുടെ ജീവൻ അപഹരിച്ച ഏഥൻസിലെ പ്ലേഗുബാധയെ അദ്ദേഹം അതിജീവിച്ചു.[4]തസോസ് ദ്വീപിനു മറുകരെ, ത്രേസിലെ സ്കപ്തേ ഹൈൽ എന്ന സ്ഥലത്ത് തനിക്ക് സ്വർണ്ണഖനികൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.[5]

ആംഫിപ്പോലിസിന്റെ അവശിഷ്ടങ്ങൾ, 1831-ൽ ഇ. കൂസിനറി കണ്ട നിലയിൽ: സ്ട്രിമൺ നദിക്കുകുറുകെയുള്ള പാലം, നഗരഭിത്തി, അക്രൊപ്പൊലിസ് തുടങ്ങിയവ കാണാം.


ത്രേസ് പ്രദേശത്ത് തനിക്കുണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്ത്, തന്നെ ക്രി.മു. 424-ൽ സേനാധിപനാക്കി (strategos) താസോസിലേക്ക് നിയോഗിച്ചെന്ന് തുസ്സിഡിഡീസ് പറയുന്നു. അടുത്ത ശീതകാലത്ത് ബ്രാസിഡാസെന്ന സ്പാർട്ടൻ സേനാധിപൻ, താസോസിൽ നിന്ന് അരദിവസത്തെ കപ്പൽ ദൂരത്ത് ത്രേസിന്റെ തീരത്തുള്ള ആംഫിപ്പോലിസ് ആക്രമിച്ചു. ആംഫിപ്പോലിസിൽ ഏഥൻസുകാരുടെ സേനാധിപനായിരുന്ന യൂക്കിൾസ് സഹായം അഭ്യർഥിച്ച് തുസ്സിഡിഡീസിന് ആളയച്ചു.[6] താസോസിലെ തുസ്സിഡിഡീസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചും അദ്ദേഹത്തിന് ആംഫിപ്പോലിസുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അറിയാമായിരുന്ന ബ്രാസിഡാസ്, കടൽമർഗ്ഗം അവർക്ക് സഹായം വന്നെത്തുന്നതിനുമുൻപ്, തിടുക്കത്തിൽ ‍വച്ചുനീട്ടിയ ഉദാരമായ കീഴടങ്ങൾ വ്യവസ്ഥകൾ ആംഫിപ്പോലിസ് സ്വീകരിച്ചു. അങ്ങനെ, തുസ്സിഡിഡീസ് എത്തിയപ്പോൾ ആംഫിപ്പോലിസ് സ്പാർട്ടയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.[7]


ആംഫിപ്പോലിസിന്റെ തന്ത്രപ്രാധാന്യം മൂലം അതിന്റെ പതനത്തെക്കുറിച്ചുള്ള വാർത്ത ഏഥൻസിൽ വലിയ അങ്കലാപ്പുണ്ടാക്കി.[8] ആംഫിപ്പോലിസിന്റെ പതനത്തിന് കാരണം തന്റെ ഉപെക്ഷയല്ലെന്നും തനിക്ക് സമയത്തിന് എത്താൻ പറ്റാതെപോവുകയാണുണ്ടായതെന്നും തുസ്സിഡിഡീസ് പറഞ്ഞെങ്കിലും ആ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായി. ആംഫിപ്പോലിസിന്റെ രക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ പേരിൽ അദ്ദേഹത്തെ നാടുകടത്തി.[9]


ആംഫിപ്പോലിസിലെ സൈനികമേധാവിത്വത്തിനുശേഷം എന്റെ രാജ്യത്തുനിന്ന് ഇരുപതവർഷം ബഹിഷ്കൃതനാവുകയെന്നതാണ് എനിക്കു വിധിച്ചിരുന്നത്; ഇരുകക്ഷികൾക്കും, പ്രത്യേകിച്ച് പെലോപ്പൊന്നേസുകാർക്കൊപ്പം കഴിഞ്ഞുകൂടാൻ പരദേശവാസംമൂലം സാധിച്ചതിനാൽ, കാര്യങ്ങൾ വിശേഷമായി നിരീക്ഷിക്കുവാൻ എനിക്ക് അവസരം കിട്ടി.


ഏഥൻസിൽ നിന്നുള്ള ബഹിഷ്കൃതനെന്ന നില പ്രയോജനപ്പെടുത്തി പെലോപ്പൊന്നേസുകാരുടെ സഖ്യകക്ഷികൾക്കിടയിൽ സ്വതന്ത്രമായി യാത്രചെയ്ത തുസ്സിഡിഡീസിന്, യുദ്ധത്തെ ഇരുപക്ഷത്തിന്റേയും നിലപാടുകളിൽ നിന്ന് വീക്ഷിക്കാൻ അവസരം കിട്ടി. തന്റെ ചരിത്രത്തിന്റെ രചനക്കുവേണ്ട പ്രധാന ഗവേഷണങ്ങൾക്ക് അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

ഹെറോഡൊട്ടസിന്റെ സാക്‌ഷ്യം

ഹെറോഡൊട്ടസിന്റെ പ്രതിമ

തന്റെ ജീവിതത്തെക്കുറിച്ച് തുസ്സിഡിഡീസ് നേരിട്ട് തരുന്ന വിവരങ്ങൾ ഇത്രയൊക്കെയാണെങ്കിലും, അക്കാലത്തെ വിശ്വസനീയമായ മറ്റുറവിടങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന ചിലകാര്യങ്ങളുണ്ട്. 'ഒളോറസ്' എന്ന തുസ്സിഡിഡീസിന്റെ പിതാവിന്റെ പേരിന്, ത്രേസുമായും അവിടത്തെ രാജകുടുംബവുമായും ബന്ധമുണ്ടെന്ന് ഹെറോഡോട്ടസ് പറയുന്നുണ്ട്. [10] തുസ്സിഡിഡീസ് ഒരു പക്ഷേ ഏഥൻസിലെ രാഷ്ട്രതന്ത്രജ്ഞനും സേനാപതിയുമായിരുന്ന മിൽറ്റായഡീസിന്റേയും അയാളുടെ മകൻ സിമ്മൊന്റേയും(Cimon) ബന്ധുവായിരുന്നിരിക്കാം. തീവ്രജനാധിപത്യവാദികൾ പുറത്താക്കിയ ഉപരിവർഗ്ഗഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു മിൽറ്റായഡീസും സിമ്മോനും. സിമ്മൊന്റെ മാതൃപിതാവിന്റെ പേരും ഒളോറസ് എന്നായിരുന്നുവെന്നത് അവർ ബന്ധുക്കളായിരുന്നിരിക്കാമെന്ന ഊഹത്തിന് ബലം കൂട്ടുന്നു. ചരിത്രകാരൻ തുസ്സിഡിഡീസിനു മുൻപ് ജീവിച്ചിരുന്നവനും രഷ്ട്രതന്ത്രജ്ഞനുമായിരുന്ന മറ്റൊരു തുസ്സിഡിഡീസിനും ത്രേസുമായി ബന്ധമുണ്ടായിരുന്നതിനാൽ ഈ രണ്ടു തുസ്സിഡിഡീസുമാരും ബന്ധുക്കളായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമേ, സ്കപ്തേ ഹൈലിലെ ഖനികളുമായി തുസ്സിഡിഡീസിന്റെ കുടുംബത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ കാര്യം ഹെറോഡൊട്ടസും പറയുന്നുണ്ട്.[11]

പിൽക്കാലരേഖകൾ

തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് ഇതിലപ്പുറം കിട്ടുന്ന വിവരങ്ങൾ വിശ്വസനീയതകുറഞ്ഞ പിൽക്കാല സ്രോതസ്സുകളിൽ നിന്നാണ്. ക്രി.മു. 404-ൽ ഏഥൻസിന്റെ കീഴടങ്ങലിലും യുദ്ധത്തിന്റെ സമാപ്തിക്കും ശേഷം ഓനോബിയസ് എന്നൊരാൾ, തുസ്സിഡിഡീസിന് ആഥൻസിൽ മടങ്ങിവരാൻ സാധ്യമാക്കുന്ന ഒരു നിയമം അംഗീകരിപ്പിച്ചെടുത്തു എന്ന് ഭൂമിശാസ്ത്രജ്ഞൻ പൗസാനിയസ് പറയുന്നുണ്ട്.[12] ഏഥൻസിലേക്കുള്ള മടക്കയാത്രയിൽ തുസ്സിഡിഡീസ് കൊല്ലപ്പെട്ടെന്നും പൗസാനിയസ് തുടർന്നെഴുതുന്നുണ്ട്. ക്രി.മു 397-വരെയെങ്കിലും തുസ്സിഡിഡീസ് ജീവിച്ചിരുന്നുവെന്നതിന് തെളിവുകൾ കാണുന്നതുകൊണ്ട്, പൗസാനിയസിന്റെ സാക്‌ഷ്യത്തിന് സ്വീകാര്യത കുറവാണ്. തുസ്സിഡിഡീസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഏഥൻസിലേക്കു കൊണ്ടുവന്ന് സിമ്മോന്റെ കുടുംബസംസ്കാരസ്ഥലത്ത് നിക്ഷേപിച്ചുവെന്ന് പ്ലൂട്ടാർക്ക് പറയുന്നുണ്ട്.[13]


ചിതറിക്കിടക്കുന്ന ഈ തെളിവുകളൊക്കെ ചേർത്തുവക്കുമ്പോൾ തുസ്സിഡിഡീസിന്റെ കുടുംബം ത്രേസിൽ ഒരു സ്വർണ്ണഖനി ഉൾപ്പെട്ട വലിയഭൂസ്വത്തിന്റെ ഉടമകളായിരുന്നെന്നും അത് അവർക്ക് ദീർഘനാൾ ഗണ്യമായ സമ്പന്നത അനുഭവിക്കാൻ അവസരം കൊടുത്തു എന്നും മനസ്സിലാക്കാം. ഭൂസമ്പത്തിന്റെ സുര‍ക്ഷക്കും നിലനില്പ്പിനും, പ്രാദേശിക രാജാക്കന്മാരും പ്രമാണിമാരുമായി ബന്ധം വച്ചുപുലർത്തേണ്ടത് ആവശ്യമായിരുന്നു. 'ഒളോറസ്' എന്ന തനി ത്രേസിയൻ രാജനാമം ആ കുടുംബത്തിൽ കടന്നുകൂടാൻ ഇടയായാത് ആ വഴിക്കാകാം. നാടുകടത്തപ്പെട്ടതിനെ തുടർന്ന് തുസ്സിഡിഡീസ് ത്രേസിലെ തന്റെ ഭൂമിയിൽ സ്ഥിരതാമസമാക്കി. സ്വർണ്ണഖനിയിൽ നിന്നും മറ്റും ഉണ്ടായിരുന്ന വരുമാനത്തിന്റെ തണലിൽ, ചരിത്രരചനയിലും ഗവേഷണത്തിലും പൂർണ്ണമായി മുഴുകുവാനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനായി ഇടക്കിടെ യാത്രകളിൽ ഏർപ്പെടുവാനും അദ്ദേഹത്തിന് സാധിച്ചു. ഉദ്യോഗമുക്തനും സമ്പന്നനും പിടിപാടുള്ളവനുമായ മാന്യവ്യക്തിയുടെ അവസ്ഥ, യുദ്ധത്തിലേയും രാഷ്ട്രീയത്തിലേയും അപകടങ്ങളിൽ നിന്ന് മുക്തമായി സ്വന്തം ഗവേഷണം സ്വന്തം ചെലവിൽ നടത്താൻ അദ്ദേഹത്തെ സഹായിച്ചു.


ക്രി.മു. 411-ന്റെ മദ്ധ്യത്തിൽ തുസ്സിഡിഡീസിന്റെ ചരിത്രം പെട്ടെന്ന് അവസാനിക്കുന്നുവെന്നത്, ഗ്രന്ഥരചനക്കിടെ അദ്ദേഹം മരിച്ചുവെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ തുസ്സിഡിഡീസിന്റെ ചരിത്രത്തിന്റെ വിചിത്രമായ സമാപ്തിക്ക് വേറേ വിശദീകരണങ്ങളും മുന്നോട്ടുവക്കപ്പെട്ടിട്ടുണ്ട്.


Other Languages
Afrikaans: Thukydides
Alemannisch: Thukydides
አማርኛ: ቶኪዳይደስ
aragonés: Tucidides
العربية: ثوسيديديس
asturianu: Tucídides
azərbaycanca: Fukidid
беларуская: Фукідыд
български: Тукидид
brezhoneg: Thoukydides
català: Tucídides
کوردی: توسیدید
čeština: Thúkydidés
Cymraeg: Thucydides
dansk: Thukydid
Deutsch: Thukydides
Zazaki: Tukidid
Ελληνικά: Θουκυδίδης
English: Thucydides
Esperanto: Tucidido
español: Tucídides
eesti: Thukydides
euskara: Tuzidides
فارسی: توسیدید
suomi: Thukydides
français: Thucydide
Gaeilge: Thucydides
galego: Tucídides
עברית: תוקידידס
hrvatski: Tukidid
Հայերեն: Թուկիդիդես
interlingua: Thucydides
Bahasa Indonesia: Thukidides
íslenska: Þúkýdídes
italiano: Tucidide
Patois: Tuusididiiz
ქართული: თუკიდიდე
қазақша: Фукидид
한국어: 투키디데스
Latina: Thucydides
Lëtzebuergesch: Thukydides (Historiker)
Lingua Franca Nova: Tucidide
lietuvių: Tukididas
latviešu: Tukidīds
Malagasy: Thucydides
македонски: Тукидид
Mirandés: Tucídides
norsk nynorsk: Thukydides
norsk: Thukydid
occitan: Tucidides
polski: Tukidydes
Piemontèis: Tucìdide
português: Tucídides
română: Tucidide
русский: Фукидид
sicilianu: Tucìdidi
Scots: Thucydides
srpskohrvatski / српскохрватски: Tukidid
Simple English: Thucydides
slovenčina: Thoukydides
slovenščina: Tukidid
shqip: Thukididi
српски / srpski: Тукидид
svenska: Thukydides
Tagalog: Thoukydidis
Türkçe: Thukididis
українська: Фукідід
oʻzbekcha/ўзбекча: Fukidid
Tiếng Việt: Thucydides
Winaray: Thucydides
მარგალური: თუკიდიდე
Yorùbá: Thucydides
中文: 修昔底德