അധികാരവിഭജനം

ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞയാണ് അധികാരവിഭജനം (ഫെഡറലിസം). ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത് ഫെഡറൽ രാഷ്ട്രങ്ങളിലാണ്. ഫെഡറൽ ഗവൺമെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽപെട്ടതാണ്, കേന്ദ്രഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റുകളും തമ്മിലുള്ള അധികാര വിഭജനം. രാഷ്ട്രം ഒന്ന്, ഗവൺമെന്റുകൾ ധാരാളം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഫെഡറലിസം.

അധികാര വിഭജനത്തിന്റെ രീതി

ഫെഡറൽ ഭരണ സമ്പ്രദായം രൂപീകരിക്കുന്നതിലെ രീതി വ്യത്യാസമനുസരിച്ച് അധികാരവിഭജനത്തിന്റെ രീതിയും മാറുന്നു. നിലവിലുള്ള പരമാധികാര രാജ്യങ്ങൾ ഐക്യപ്പെട്ട് ഒരു ഫെഡറൽ രാഷ്ട്രമായിമാറുമ്പോൾ (ഉദാ. അമേരിക്കൻ ഐക്യനാടുകൾ) അധികാരം പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന് കേന്ദ്രത്തിനും; നിലവിലുള്ളൊരു രാജ്യത്തെ ഭരണസൌകര്യാർഥം ചെറുതുണ്ടുകളായി മുറിച്ച് ഒരു ഫെഡറൽ രാഷ്ട്രമാക്കി മാറ്റുന്ന സാഹചര്യത്തിൽ (ഉദാ. ഇന്ത്യ) അധികാരം കേന്ദ്രസർക്കാരിൽനിന്ന് പ്രാദേശിക സർക്കാരുകളിലേയ്ക്കും വിന്യസിക്കപ്പെടുന്നു. പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ - ആഭ്യന്തരം, വനം, ഗ്രാമവികസനം, റവന്യു തുടങ്ങിയവ - സംസ്ഥാന സർക്കാരുകൾക്കും ദേശീയ പ്രാധാന്യമുള്ളവ - രാജ്യരക്ഷ, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയവ - കേന്ദ്രസർക്കാരിനും നൽകുകയെന്നതാണ് അധികാര വിഭജനത്തിന്റെ കാര്യത്തിൽ പിന്തുടരുന്ന പൊതുവായ തത്ത്വം.

വിഭജനത്തിന്റെ വിശദാംശങ്ങളിലേക്കു വരുമ്പോഴും ശ്രദ്ധേയമായ പല വ്യത്യാസങ്ങളും കാണാം. ചില രാജ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾ നിർവചിക്കുകയും ബാക്കിയുള്ളവ സംസ്ഥാന സർക്കാരുകൾക്കു നൽകുകയും, മറ്റുചില രാജ്യങ്ങളിൽ നേരേ മറിച്ചും ചെയ്യാറുണ്ട്. ഇനിയും ചില രാജ്യങ്ങളിൽ കേന്ദ്ര-സ്റ്റേറ്റ് ഗവൺമെന്റുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളെ പ്രത്യേകം പ്രത്യേകം നിർവചിക്കുന്ന രീതിയും നിലവിലുണ്ട്. ഭരണഘടനയിൽ പ്രത്യേകമായി പരാമർശിക്കാത്ത വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമനിർമ്മാണ പ്രശ്നങ്ങളോ, ചില പ്രത്യേകവിഷയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളോ ഉണ്ടാകുമ്പോൾ അവയിൽ അവസാന നിർണയം ചെയ്യേണ്ടത്, കേന്ദ്രഗവൺമെന്റോ സ്റ്റേറ്റ് ഗവൺമെന്റോ എന്ന് വ്യക്തമായി ഭരണഘടനയിൽ വ്യവസ്ഥ ചെയ്യാറുണ്ട്. അതനുസരിച്ച് തീരുമാനങ്ങൾ കേന്ദ്രഗവൺമെന്റോ, സ്റ്റേറ്റുഗവൺമെന്റുകളോ എടുക്കുന്നു. ചില ഭരണഘടനകൾ ഇമ്മാതിരിയുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന് കേന്ദ്ര-സ്റ്റേറ്റു ഗവൺമെന്റുകൾക്ക് തുല്യാധികാരങ്ങൾ നല്കുന്നുണ്ട്. യു.എസ്സിൽ ഫെഡറൽ ഗവൺമെന്റിനു നല്കിയിട്ടില്ലാത്തതും സ്റ്റേറ്റു ഗവൺമെന്റുകൾക്ക് നിഷേധിച്ചിട്ടില്ലാത്തതുമായ എല്ലാ അധികാരങ്ങളും (Residuary powers) ഭരണഘടന സ്റ്റേറ്റു ഗവൺമെന്റുകൾക്കു നല്കിയിരിക്കുന്നു. ചില അധികാരങ്ങൾ ഫെഡറൽ ഗവൺമെന്റിനും സ്റ്റേറ്റു ഗവൺമെന്റുകൾക്കും കൂട്ടായി അനുഭവിക്കാവുന്നതാണ്. ഇവയെ സമവർത്തി (Concurrent) അധികാരങ്ങൾ എന്നു പറയും. ആസ്ട്രേലിയൻ ഭരണഘടനയുടെ 51-ആം വകുപ്പിൽ കേന്ദ്ര ഗവൺമെന്റിന്റെ അധികാരങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അവശിഷ്ടാധികാരം അവിടെ സ്റ്റേറ്റു ഗവൺമെന്റുകളിൽ നിക്ഷിപ്തമാണ്. രണ്ടു ഗവൺമെന്റുകൾക്കും നിയമനിർമ്മാണം നടത്താവുന്ന ചില പൊതുവിഷയങ്ങളുണ്ട്. ഈ വിഷയങ്ങളിൽ സ്റ്റേറ്റു ഗവൺമെന്റുകൾ നിർമ്മിക്കുന്ന നിയമം കേന്ദ്ര ഗവൺമെന്റിന്റേതിന് വിരുദ്ധമാണെങ്കിൽ കേന്ദ്രഗവൺമെന്റിന്റെ നിയമമായിരിക്കും പ്രാബല്യത്തിൽ വരുക. അതേസമയം, ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്. (ഉദാ. നാണയം ഉണ്ടാക്കുന്നതിന് സ്റ്റേറ്റു ഗവൺമെന്റിന് അധികാരമില്ല. അതുപോലെ കേന്ദ്രഗവൺമെന്റിന് ഒരു സ്റ്റേറ്റിനു കൂടുതൽ ആനുകൂല്യങ്ങൾ നല്കിക്കൊണ്ടു വിവേചനാപരമായി നിയമനിർമ്മാണം നടത്താനും അധികാരമില്ല.)

Other Languages
Alemannisch: Föderalismus
العربية: فدرالية
ܐܪܡܝܐ: ܦܕܪܠܝܐ
asturianu: Federalismu
беларуская: Федэралізм
български: Федерализъм
भोजपुरी: संघवाद
català: Federalisme
Cebuano: Pederalismo
کوردی: فێدراڵیزم
čeština: Federalismus
Cymraeg: Ffederaliaeth
Deutsch: Föderalismus
Thuɔŋjäŋ: Miiriwatwuɔt
English: Federalism
Esperanto: Federaciismo
español: Federalismo
euskara: Federalismo
فارسی: فدرالیسم
français: Fédéralisme
furlan: Federalisim
galego: Federalismo
עברית: פדרליזם
हिन्दी: संघवाद
Bahasa Indonesia: Federalisme
italiano: Federalismo
日本語: 連邦主義
ქართული: ფედერალიზმი
қазақша: Федерализм
한국어: 연방주의
Limburgs: Federalisme
lumbaart: Federalism
मैथिली: सङ्घीयता
Bahasa Melayu: Federalisme
مازِرونی: فدرالیسم
नेपाली: सङ्घीयता
Nederlands: Federalisme
norsk nynorsk: Føderalisme
occitan: Federalisme
polski: Federalizm
rumantsch: Federalissem
română: Federalism
русский: Федерализм
Scots: Federalism
Simple English: Federalism
slovenčina: Federalizmus
Soomaaliga: Federaaliisim
српски / srpski: Федерализам
svenska: Federalism
Tagalog: Pederalismo
українська: Федералізм
中文: 联邦主义